പാലാരിവട്ടം പാലം അഴിമതി: ഇബ്‌റാഹിം കുഞ്ഞിനെതിരായ ആരോപണം ആവര്‍ത്തിച്ച് ടി ഒ സൂരജ്

Posted on: September 19, 2019 11:23 am | Last updated: September 19, 2019 at 7:23 pm

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞിനെതിരായ ആരോപണം കൂടുതല്‍ ശക്തമായി ആവര്‍ത്തിച്ച് കേസിലെ പ്രതിയായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്. പാലം നിര്‍മാണത്തിനുള്ള തുക മുന്‍കൂര്‍ നല്‍കാന്‍ മന്ത്രിയാണ് ഉത്തരവിട്ടതെന്നും അന്ന് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ എം ഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാന്‍ ശിപാര്‍ശ ചെയ്തതെന്നും സൂരജ് മാധ്യമങ്ങളോട്‌ പറഞ്ഞു. കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സൂരജിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴായിരുന്നു പ്രതികരണം.

മൂവാറ്റുപുഴ വിജിലന്‍സ് കോടതി അവധിയായതിനാല്‍ കൊച്ചിയില്‍ നടക്കുന്ന ക്യാമ്പ് സിറ്റിംഗിലേക്കാണ് സൂരജ് അടക്കമുള്ള പ്രതികളെ എത്തിച്ചത്. പാലം നിര്‍മാണത്തിന് സ്വകാര്യ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ അനുമതി നല്‍കിയത് ഇബ്‌റാഹിം കുഞ്ഞായിരുന്നുവെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹരജിയില്‍ സൂരജ് വ്യക്തമാക്കിയിരുന്നു. കേസില്‍ നാലുപേരെയണ് ഇതുവരെ വിജിലന്‍സ് അറസ്റ്റ് ചെയ്തിട്ടുള്ളത്.