കൊച്ചി: തീരദേശ നിയമം ലംഘിച്ച് എറണാകുളത്തെ
മരടില്‍ നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയപരിധി വെള്ളിയാഴ്ച അവസാനിക്കും. ഈ മാസം ഇരുപതിനകം ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, കോടതി ആവശ്യപ്പെട്ട ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഏത് വിധത്തില്‍ വേണമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. വിധി വന്നതിന് ശേഷം സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട നിലവിലെ റിപ്പോര്‍ട്ടാണോ അതോ ഫ്‌ളാറ്റുകള്‍ എന്ന് പൊളിക്കാനാകുമെന്നാണോ റിപ്പോര്‍ട്ട് നല്‍കേണ്ടത് എന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. വിദേശത്തുള്ള ചീഫ് സെക്രട്ടറി ഇന്ന് തിരിച്ചെത്തുന്നതോടെ ഇക്കാര്യത്തില്‍ തീരുമാനമാകും.
ഒഴിപ്പിക്കല്‍ നോട്ടീസിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കാനുള്ള ഫ്‌ളാറ്റ് ഉടമകളുടെ തീരുമാനത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. കേസില്‍ ഇനി യാതൊരു ഹരജിയും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തില്‍ ഫ്‌ളാറ്റ് ഉടമകള്‍ ഹരജി നല്‍കിയാല്‍ ഫയലില്‍ സ്വീകരിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ ഓഫീസിനും വ്യക്തതതയില്ല. ഹരജിയുടെ സാധുത സംബന്ധിച്ച് തങ്ങളുടെ അഭിഭാഷകര്‍ തന്നെ സംശയം പ്രകടിപ്പിച്ചതോടെയാണ് ഇന്നലെ ഹരജി സമര്‍പ്പിക്കാനുള്ള തീരുമാനം ഉട
മകള്‍ മാറ്റിവച്ചിരുന്നത്.
സുപ്രീം കോടതി ഉത്തരവില്‍ ഇടപെടുന്നതില്‍ പരിസ്ഥിതി മന്ത്രാലയത്തിന് പരിമിതിയുണ്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കിയതും പ്രശ്‌നം സങ്കീര്‍ണമാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ അറ്റോര്‍ണി ജനറലുമായുള്ള കൂടിയാലോചനകള്‍ നടന്നുവരികയാണ്.