അരാംകോ ആക്രമണം: വിവരങ്ങള്‍ ശേഖരിക്കാനായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി സഊദിയിലേക്ക്

Posted on: September 18, 2019 10:01 pm | Last updated: September 18, 2019 at 11:28 pm

റിയാദ് : സഊദിയിലെ രണ്ട് എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരെ നടന്ന അക്രമങ്ങളെ തുടര്‍ന്ന് മേഖലയിലുണ്ടായ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ സഊദി അറേബ്യ സന്ദര്‍ക്കുന്നു .എണ്ണക്കിണറുകള്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ ആക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് മൈക്ക് പോംപിയോ സഊദിയിലെത്തുന്നത് .കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി പോംപിയോ ജിദ്ദയില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് യു എ ഇ സന്ദര്‍ശനത്തിനായി അബുദാബിയിലേക്ക് യാത്ര തിരിക്കും

രാജ്യത്തിന്റെ എണ്ണ ശുദ്ധീകരണശാലകള്‍ക്കെതിരെ സമീപകാലത്ത് നടന്ന ആക്രമണത്തെക്കുറിച്ചും മേഖലയില്‍ നടത്തുന്ന ആക്രമണത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും പോംപിയോ ചര്‍ച്ച ചെയ്യുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ടാഗസ് പറഞ്ഞു.അതേ സമയം നിലവിലെ സഹാഹചര്യത്തില്‍ ആരുമായും യുദ്ധത്തിന് അമേരിക്ക ആഗ്രഹിക്കുന്നില്ലന്നും യുദ്ധത്തോട് താല്‍പര്യമില്ലാത്തയാളാണ് താനെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.ആക്രമണം ഉത്പാദനത്തെ ബാധിെച്ചങ്കിലും അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിതരണം പൂര്‍വ്വ സ്ഥിതിയിലാക്കിയതായി സഊദി ഊര്‍ജ്ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ജിദ്ദയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു