മഅ്ദനിയുടെ ആരോഗ്യസ്ഥിതി മോശം; സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് പി ഡി പി

Posted on: September 18, 2019 8:51 pm | Last updated: September 19, 2019 at 9:31 am

കൊച്ചി: ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യസ്ഥിതി അനുദിനം വഷളാവുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പി ഡി പി . അസുഖങ്ങള്‍ പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ശരീരഭാരം കുറഞ്ഞ് 44 കിലോയിലെത്തി. കഴിഞ്ഞദിവസം വിചാരണ നടപടിക്രമങ്ങള്‍ക്കിടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മഅ്ദിനിയെ ബെംഗളൂരു സൗഖ്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

വിചാരണ അനന്തമായി നീളുന്നത് മൂലം വിദഗ്ധ ചികിത്സ സാധ്യമാകുന്നില്ല. വിചാരണ നാല് മാസത്തിനകം പൂര്‍ത്തിയാക്കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടു. സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയും ആരോഗ്യസ്ഥിതി അനുദിനം വഷളാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാറുമായി ബന്ധപ്പെട്ട് വിചാരണ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് ആവശ്യപ്പെട്ടു