അമേരിക്കന്‍ സന്ദര്‍ശനത്തിന് മോദിക്ക് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചു; യാത്ര ഒമാന്‍ വഴിയാകും

Posted on: September 18, 2019 7:31 pm | Last updated: September 18, 2019 at 11:10 pm

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചു. പാക് വ്യോമപാത വഴി മോദിയുടെ പ്രത്യേക വിമാനത്തിന് കടന്നുപോകാനുള്ള അനുമതി നല്‍കില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു. ഇന്നലെയാണ് പാകിസ്ഥാനോട് ഇന്ത്യ, ഔദ്യോഗികമായി വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി തേടിയത്. പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ച സാഹചര്യത്തില്‍ ഒമാന്‍ വഴിയാകും മോദി അമേരിക്കയിലേക്ക് പോവുകയെന്നറിയുന്നു.
നേരത്തേ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഐസ്‌ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, സ്ലോവേനിയ എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള പര്യടനത്തിനും പാകിസ്ഥാന്‍ വ്യോമപാത നിഷേധിച്ചിരുന്നു. ബാലാകോട്ട് പ്രത്യാക്രമണത്തിന് ശേഷമാണ് പാകിസ്ഥാന്‍ വ്യോമപാത പൂര്‍ണമായും അടച്ചത്. എന്നാല്‍ പിന്നീട് ആഗസ്റ്റില്‍ ഫ്രാന്‍സിലേക്ക് പോയപ്പോള്‍ നരേന്ദ്രമോദിക്ക് വ്യോമപാത ഉപയോഗിക്കാന്‍ പാകിസ്ഥാന്‍ അനുമതി നല്‍കിയിരുന്നു. സെപ്തംബര്‍ 21 മുതല്‍ 27 വരെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം