മോട്ടോര്‍ വാഹന പരിശോധന നാളെ മുതല്‍ വീണ്ടും തുടങ്ങും; ഉയര്‍ന്ന പിഴ ഈടാക്കില്ല

Posted on: September 18, 2019 7:21 pm | Last updated: September 18, 2019 at 10:03 pm

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് താല്‍ക്കാലികമായി നിര്‍ത്തി വച്ച മോട്ടോര്‍ വാഹന പരിശോധന വ്യാഴാഴ്ച മുതല്‍ വീണ്ടും തുടങ്ങും. എന്നാല്‍ നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കില്ലെന്നും, നിയമലംഘനങ്ങളുടെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുക മാത്രമേ ചെയ്യൂ എന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. നിയമം നടപ്പാക്കുന്നതിലെ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ ശനിയാഴ്ച മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കും.

മോട്ടോര്‍ വാഹനനിയമഭേദഗതിയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഓണക്കാലത്തേക്ക് മാത്രം വാഹനപരിശോധന നിര്‍ത്തി വെക്കുകയും ഉയര്‍ന്ന പിഴ തല്‍ക്കാലം ഈടാക്കേണ്ടെന്നും സംസ്ഥാനസര്‍ക്കാര്‍ തീരുമാനമെടുക്കുകയുമുണ്ടായത്. വന്‍തുക പിഴയായി ഈടാക്കുന്ന നിയമഭേദഗതിക്കെതിരെ ബിജെപിയുള്‍പ്പടെ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കനത്ത പ്രതിഷേധം അറിയിച്ചതോടെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാടില്‍ മലക്കം മറിഞ്ഞു. ഈ സാഹചര്യത്തില്‍ ഇനി എന്തുവേണമെന്ന് തീരുമാനിക്കാനാണ് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുള്‍പ്പടെ പങ്കെടുക്കുന്ന ഉന്നതതലയോഗം ശനിയാഴ്ച വിളിച്ചു ചേര്‍ക്കാനിരിക്കുന്നത്.