‘ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടില്ല’; പ്രതിഷേധങ്ങള്‍ക്കിടെ വിശദീകരണവുമായി അമിത് ഷാ

Posted on: September 18, 2019 7:07 pm | Last updated: September 19, 2019 at 9:30 am

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു ഭാഷയെന്ന പ്രസ്താവനക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരവെ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ഒരിക്കലും നിര്‍ദേശിച്ചിട്ടില്ലെന്ന വാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. മാതൃഭാഷയോടൊപ്പം രണ്ടാം ഭാഷയായി ഹിന്ദിയും പഠിക്കണമെന്നാണ് പറഞ്ഞത്. താനും ഹിന്ദി ഇതര സംസ്ഥാനമായ ഗുജറാത്ത് സ്വദേശിയാണെന്നുമാണ് അമിത് ഷായുടെ വിശദീകരണം. എന്തിലും രാഷ്ട്രീയം കാണുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് ഒരു പൊതുഭാഷ വേണമെന്നും ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഹിന്ദിക്കെ രാജ്യത്തെ ഒരുമിപ്പിക്കാന്‍ കഴിയുമെന്നുമാണ് ദേശീയ ഹിന്ദി ദിനാചരണ പരിപാടികളില്‍ പങ്കെടുക്കവേ അമിത്ഷാ പറഞ്ഞത്. ഇതിനെതിരെ ബിജെപി സഖ്യകക്ഷികളടക്കം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിറകെയാണ് പ്രസ്താവനക്ക് വിശദീകരണവുമായി അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്.