എറണാകുളം ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

Posted on: September 18, 2019 6:51 pm | Last updated: September 18, 2019 at 6:52 pm

കൊച്ചി: എറണാകുളം ജില്ലയില്‍ സെപ്തംബര്‍ 20 മുതല്‍ ബസുടമകള്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസുടമകളും തൊഴിലാളി പ്രതിനിധികളുമായി ജില്ലാ കളക്ടര്‍ എസ് സുഹാസ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വൈറ്റിലയില്‍ ബസുകളുടെ ഗതാഗത ക്രമീകരണത്തിലും സ്വകാര്യ ബസുകളുടെ സമയത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നതിലും പ്രതിഷേധിച്ചാണ് ബസുടമകള്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിരുന്നത്.

പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബുദ്ധിമുട്ടാകുമെന്നതിനാല്‍ പണിമുടക്കില്‍ നിന്ന് പിന്തിരിയണമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ സ്വകാര്യ ബസുടമകളോടും തൊഴിലാളികളോടും ആവശ്യപ്പെട്ടു. വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലി, എസിപി ഫ്രാന്‍സിസ് ഷെല്‍ബി, ആര്‍ടിഒ കെ മനോജ് കുമാര്‍ തുടങ്ങിയവരുമായി ജില്ലാ കലക്ടര്‍ ചര്‍ച്ച ചെയ്തു. വൈറ്റില അണ്ടര്‍ പാസിലൂടെ ബസുകള്‍ കടത്തിവിടുകയും ചെറുവാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്യുക, ബൈപ്പാസിന് പടിഞ്ഞാറ് ഭാഗത്തെ സര്‍വീസ് റോഡിലെ തടസങ്ങള്‍ നീക്കി ഗതാഗത യോഗ്യമാക്കുക എന്നീ സാധ്യതകളാണ് പരിശോധിച്ചത്.

സര്‍വീസ് റോഡിലെ തടസം നീക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. അണ്ടര്‍പാസിലൂടെ ബസുകള്‍ കടത്തിവിടുന്നതിന്റെ ആവശ്യകത ഡിസിപിയുമായും കലക്ടര്‍ ചര്‍ച്ച ചെയ്തു. ഇതനുസരിച്ച് ഒരാഴ്ചയ്ക്കകം ആ റോഡ് ഗതാഗതയോഗ്യമാക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ അധികൃതരോടും പൊതുമരാമത്ത് വകുപ്പിനോടും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു.