പാലായിൽ നെഞ്ചിടിപ്പോടെ മുന്നണികൾ

Posted on: September 18, 2019 6:16 pm | Last updated: September 18, 2019 at 6:16 pm


തിരുവനന്തപുരം: പാലാ ഉപ തിരഞ്ഞെടുപ്പിന്റെ തീയതി അടുത്തതോടെ സ്ഥാനാർഥികൾക്കൊപ്പം മുന്നണികളുടെയും നെഞ്ചിടിപ്പേറി. പാലാ കടക്കുവോളം ആർക്കും പ്രതീക്ഷയില്ലാത്ത അവസ്ഥ. കുഴഞ്ഞുമറിഞ്ഞതാണ് ഇവിടത്തെ രാഷ്ട്രീയ സാമൂദായിക കാലാവസ്ഥ.

പാലായിൽ കുറയുകയോ കൂടുകയോ ചെയ്യുന്ന ഓരോ വോട്ടും സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തിൽ പ്രതിഫലനമുണ്ടാക്കും. വരാനിരിക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും അടുത്തു തന്നെ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നതാവും പാലാ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് വിലയിരുത്തപ്പെടുന്നു. കേരള കോൺഗ്രസിലെ ഭിന്നത ഇടതു മുന്നണിക്ക് വിജയ പ്രതീക്ഷ നൽകുന്നുണ്ട്.
മണ്ഡലത്തിൽ നിർണായകമായ ക്രിസ്ത്യൻ വിഭാഗത്തിലെ വോട്ടുകൾ പി ജെ ജോസഫ് വിഭാഗം ഭിന്നിപ്പിക്കുമെന്നാണ് ഇടതു മുന്നണി കരുതുന്നത്. മാത്രമല്ല, മുന്നണി സ്ഥാനാർഥി മാണി സി കാപ്പന് ക്രിസ്ത്യൻ വിഭാഗത്തിനിടയിലുളള സ്വാധീനവും തങ്ങൾക്ക് ഗുണകരമാകുമെന്ന് ഇടതു മുന്നണി കരുതുന്നു. പാലാ തിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഇന്നു മുതൽ മൂന്ന് ദിവസം മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നത് ഇടത് ക്യാമ്പിൽ ആവേശം പകരും. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. ദേശീയ നേതാക്കളുൾപ്പെടെ കൂടുതൽ പേരെ മണ്ഡലത്തിലെത്തിക്കാനുളള ഒരുക്കത്തിലാണ് ഇടതു മുന്നണി.

അതിനിടെ, മാണി സി കാപ്പന് മണ്ഡലം തീറെഴുതിക്കൊടുത്തതിലുള്ള പ്രതിഷേധം എൻ സി പിയിൽ പുകയുന്നുണ്ട്. ഉഴവൂർ വിജയനോട് അന്യായം കാണിച്ചവരാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിക്കുന്നത്. ഒരു വിഭാഗം പ്രവർത്തകർ പാർട്ടി വിടുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോലെ ശബരിമല വിഷയം പാലായിൽ പ്രതിഫലിക്കുമോയെന്ന ആശങ്കയും ഇടതു മുന്നണിക്കുണ്ട്.
യു ഡി എഫിനാകട്ടെ മുന്നണിയിലെ പടലപ്പിണക്കങ്ങൾ കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ജോസഫുമായുള്ള ഇപ്പോഴത്തെ ഏച്ചുകെട്ടൽ ഗുണം ചെയ്യില്ലെന്ന് ജോസ് വിഭാഗം കരുതുന്നു. ഇത് അണികളിൽ ഉണ്ടാക്കുന്ന വികാരം തിരഞ്ഞെടുപ്പ് ഫലത്തിലാവും പ്രതിഫലിക്കുക.
മണ്ഡലത്തിൽ തോൽവിയറിയാത്ത യു ഡി എഫ് അത് പ്രതീക്ഷിക്കുന്നുണ്ട്. തോറ്റാൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൽ ഡി എഫിന് പിടിവള്ളിയാകുമെന്ന് അവർക്കറിയാം.

ബി ജെ പി വിജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും നില മെച്ചപ്പെടുത്താനാവാതെ വന്നാൽ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയുടെ ഇളകിയിരിക്കുന്ന കസേര നിലംപതിക്കും. പാർട്ടിയിലെ വിഭാഗീയത തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതിരിക്കാനാണ് ഇപ്പോഴത്തെ ശ്രമം.
വോട്ട് കുറഞ്ഞാൽ പി സി ജോർജിന്റെ രാഷ്ട്രീയ പതനം കൂടിയാവുമത്. എൻ ഡി എയിൽ പി സി ജോർജ് ചേർന്ന ശേഷമുള്ള ഉപതിരഞ്ഞെടുപ്പാണിത്. ഇതെല്ലാം വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളെ സ്വാധീനിക്കും. അതാണ് മുന്നണികളുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നത്. എൽ ഡി എഫിനും യു ഡി എഫിനും അതിനാൽ പാല പിടിച്ചടക്കിയേ തീരൂ.