ടെലിവിഷന്‍ പാനലിന് ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവ പിന്‍വലിച്ചു

Posted on: September 18, 2019 5:46 pm | Last updated: September 18, 2019 at 5:46 pm

ന്യൂഡല്‍ഹി: ടെലിവിഷന്‍ സെറ്റുകളില്‍ ഉപയോഗിക്കുന്ന ഓപ്പണ്‍ സെല്‍ എല്‍ഇഡി പാനലുകളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ പിന്‍വലിച്ചു. എല്‍സിഡി, എല്‍ഇഡി ടിവി പാനലുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഓപ്പണ്‍ സെല്ലിന് അഞ്ച് ശതമാനം തീരുവ ഏര്‍പെടുത്തിയത് ടെലിവിഷന്‍ നിര്‍മാതാക്കളുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. തീരുവ പിന്‍വലിച്ചതോടെ ടെലിവിഷന്‍ സെറ്റുകള്‍ക്ക് വില കുറയാനും സാധ്യതയുണ്ട്.

എല്‍ഇഡി ടിവി സെറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവിന്റെ 60-70 ശതമാനത്തിലധികവും ചെലവഴിക്കുന്നത് പാനല്‍ നിര്‍മാണത്തിനാണ്. ടിവി നിര്‍മ്മാതാക്കള്‍ സാധാരണയായി ഈ പാനല്‍ ഇറക്കുമതി ചെയ്യുകയാണ് പതിവ്. ഇതിന് തീരുവ ഏര്‍പെടുത്തിയത് നിര്‍മാതാക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു. ടെലിവിഷന്‍ സെറ്റുകളുടെ ജിഎസ്ടി കുറക്കണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.

ഈ പ്രധാന ഘടകത്തിന് സര്‍ക്കാര്‍ കസ്റ്റംസ് തീരുവ ചുമത്തിയത് അയല്‍ വിപണികളായ വിയറ്റ്‌നാം, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ടിവി സെറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചിരുന്നു. എല്‍സിഡി, എല്‍ഇഡി, ടിവി പാനലുകള്‍, ഫിലിം, പ്രിന്റഡ് ബോര്‍ഡ് അസംബ്ലി എന്നിവയുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ തീരുവയും റദ്ദാക്കിയിട്ടുണ്ട്.