തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ കെ എസ് യു സമര്‍പ്പിച്ച മുഴുവന്‍ പത്രികകളും തള്ളി

Posted on: September 18, 2019 5:33 pm | Last updated: September 18, 2019 at 10:04 pm

തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടിന് ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനൊരുങ്ങിയ കെ എസ് യുവിന് തിരിച്ചടി. കെ എസ് യു സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച എല്ലാ പത്രികകളും തള്ളി. പത്രികള്‍ പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. ചെയര്‍മാന്‍ അടക്കം ആറ് സ്ഥാനത്തേക്കായിരുന്നു കെ എസ് യു പത്രിക തള്ളിയത്. എന്നാല്‍ പല കോളങ്ങളും ശരിയായ രീതിയില്‍ പൂരിപ്പാക്കാതെയാണ് അപേക്ഷ നല്‍കിയതെന്ന് കണ്ടെത്തിയാണ് തള്ളിയിരിക്കുന്നത്.

തങ്ങളുടെ പത്രിക തള്ളിയതിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന് കെ എസ് യു ആരോപിച്ചു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കും. വളരെ നിസാരമായ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയതെന്നും കെ എസ് യു ആരോപിച്ചു.

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥി കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കെല്ലാം ഒടുവില്‍ അടുത്തിടെയാണ് കെ എസ് യു അവിടെ യൂണിറ്റ് കമ്മിറ്റി രൂപവത്ക്കരിച്ചത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം കെ എസ് യു ഇവിടെ പ്രവര്‍ത്തനം തുടങ്ങിയതില്‍ വലിയ വാര്‍ത്താ പ്രാധാന്യവും ലഭിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ച് എസ് എഫ് ഐയുടെ കുത്തക തകര്‍ക്കുമെന്നും കെ എസ് യു അവകാശപ്പെട്ടിരുന്നു.