റെയില്‍വേ ജീവനക്കാര്‍ക്ക് ഉത്പാദന ക്ഷമതാ ബോണസായി 78 ദിവസത്തെ വേതനം നല്‍കും

Posted on: September 18, 2019 5:26 pm | Last updated: September 18, 2019 at 7:08 pm

ന്യൂഡല്‍ഹി: റെയില്‍വേ ജീവനക്കാര്‍ക്ക് ഉത്പാദനക്ഷമതാ ബോണസ് അനുവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചു. 78 ദിവസത്തെ വേതനത്തിന് തുല്യമായ തുകയാണ് ബോണസായി അനുവദിക്കുക. 11.52 ലക്ഷത്തിലധികം വരുന്ന റെയില്‍വേ ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ഉല്‍പാദനക്ഷമതയ്ക്കുള്ള പ്രതിഫലമായാണ് ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നത്. ഇത് ഉദ്യോഗസ്ഥര്‍ക്ക് പ്രചോദനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. 2,024.40 കോടി രൂപയാണ് റെയില്‍വേ ജീവനക്കാര്‍ക്ക് ഉല്‍പാദനക്ഷമത ബോണസ് നല്‍കുന്നതിന് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ജീവനക്കാര്‍ക്ക് ഉല്‍പാദനക്ഷമതയുമായി ബന്ധപ്പെട്ട ബോണസ് നല്‍കുന്നതെന്നും ജാവദേക്കര്‍ പറഞ്ഞു.

ഗസറ്റഡ് ഇതര റെയില്‍വേ ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുക. റെയില്‍വേയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ജീവനക്കാര്‍ നല്‍കുന്ന സംഭാവനയെ അംഗീകരിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.