ആയിരങ്ങളെ വെള്ളത്തില്‍ മുക്കി മോദിയുടെ ജന്മദിനാഘോഷം: മേധാ പട്കര്‍

Posted on: September 18, 2019 5:03 pm | Last updated: September 18, 2019 at 8:53 pm

ഭോപാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69-ാം ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗുജറാത്ത് സര്‍ക്കാര്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തിയതായി മേധാ പട്കര്‍. അണക്കെട്ട് ഉദ്ഘാടനം ചെയ്തതിന് ശേഷം ആദ്യമായി ജലനിരപ്പ് 138.68 മീറ്ററായി ഉയര്‍ത്തി. ഇത് മൂലം വെള്ളത്തില്‍ ഒറ്റപ്പെട്ട ജനങ്ങള്‍ ദുരതത്താല്‍ വലയുകയാണെന്നും നര്‍മദ ബച്ചാവോ ആന്ദോളന്‍ നേതാവ് കൂടിയായ മേധ പറഞ്ഞു.

മധ്യപ്രദേശിലെ ധര്‍, ബര്‍വാനി, അലിരാജ്പുര്‍ ജില്ലകളിലെ 192 ഗ്രാമങ്ങളാണ് വെള്ളത്താല്‍ ഒറ്റപ്പട്ടിരിക്കുന്നത്. ഇവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും സര്‍ക്കാറിനുണ്ട്.
അണക്കെട്ടു മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി നിര്‍ദേശം ഇതുവരേയും പാലിച്ചിട്ടില്ല. ഒക്ടോബര്‍ 15ന് ഡാം പൂര്‍ണമായി നിറ്ക്കുമെന്നാണു വിജയ് രൂപാനി സര്‍ക്കാര്‍ അറിയിച്ചത്. പിന്നെ സെപ്റ്റംബര്‍ 30 എന്നാക്കി. മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി 17ന് തന്നെ ഡാമിലെ ജലനിരപ്പ് പരമാവധിയാക്കി. ഒരാളുടെ സന്തോഷത്തിനു വേണ്ടി ഡാം നിറച്ചപ്പോള്‍ ആയിരക്കണക്കിനു സാധാരണക്കാര്‍ വെള്ളപ്പൊക്കത്തിലായെന്നും മേധ പറഞ്ഞു.

സര്‍ദാര്‍ സരോവര്‍ അണക്കെട്ട് അന്തര്‍ സംസ്ഥാന പദ്ധതിയാണ്. എന്നിട്ടുമെന്തിനാണ് മധ്യപ്രദേശിനോട് വിവേചനം കാണിക്കുന്നത്. ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ മോദിക്കും ഗുജറാത്തിനും മുമ്പില്‍ കീഴടങ്ങി. സ്വന്തം സംസ്ഥാനത്തെപ്പറ്റി മധ്യപ്രദേശ് സര്‍ക്കാര്‍ സത്യങ്ങള്‍ തുറന്നുപറഞ്ഞില്ല. വൈദ്യുതി ഉത്പാദനത്തില്‍ പങ്കുണ്ടായിട്ടും മുന്‍ സര്‍ക്കാര്‍ മൗനം പാലിച്ചെന്നും മേധ പറഞ്ഞു.