അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നവരെ മരണത്തിലേക്ക്‌ തള്ളിവിടുന്നു; അധികൃതര്‍ക്കെതിരെ സുപ്രീം കോടതി

Posted on: September 18, 2019 4:11 pm | Last updated: September 18, 2019 at 5:05 pm

ന്യൂഡല്‍ഹി: കക്കൂസ് ടാങ്കുകളും അഴുക്കുചാലുകളും മറ്റും വൃത്തിയാക്കുന്നതിനിടെ ആളുകള്‍ മരിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ആവശ്യമായ സുരക്ഷാ സജ്ജീകരണങ്ങള്‍ നല്‍കാതെ ഇത്തരം തൊഴിലാളികളെ മരിക്കാനായി ഗ്യാസ് ചേംബറിലേക്ക് തള്ളിവിടുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം പിന്നിട്ടിട്ടും ജാതി വിവേചനം രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. എസ് സി/എസ് ടി ആക്ടിനു കീഴിലെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള വകുപ്പുകളില്‍ ഇളവു വരുത്തിയ കഴിഞ്ഞ വര്‍ഷത്തെ വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നല്‍കിയ ഹരജി പരിഗണിക്കവെയാണ് പരമോന്നത കോടതി ഇക്കാര്യം പറഞ്ഞത്.

മലിനജലം നിറഞ്ഞ കാനയുടെ മാന്‍ഹോളും മറ്റും വൃത്തിയാക്കുന്നവര്‍ക്ക് മാസ്‌കുകളും ഓക്‌സിജന്‍ സിലിന്‍ഡറുകളും മറ്റും നല്‍കാന്‍ അധികൃതര്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര തലവനായുള്ള ബഞ്ച് കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോട് ചോദിച്ചു. രാജ്യത്ത് മാസംതോറും നാലോ അഞ്ചോ ആളുകള്‍ മലിനജലമൊഴുകുന്ന കാനകളും മറ്റും വൃത്തിയാക്കുന്നതിനിടെ മരണപ്പെടുന്നുണ്ട്. ലോകത്ത് മറ്റൊരിടത്തും ആളുകളെ ഇത്തരത്തില്‍ ഗ്യാസ് ചേംബറുകളിലേക്ക് തള്ളിവിടാറില്ല. ജസ്റ്റിസുമാരായ എം ആര്‍ ഷാ, ബി ആര്‍ ഗവായ് എന്നിവരുള്‍പ്പെട്ട ബഞ്ച് പറഞ്ഞു.

എല്ലാ മനുഷ്യരെയും തുല്യരായാണ് ഭരണഘടന കണക്കാക്കുന്നത്. എന്നാല്‍, എല്ലാവര്‍ക്കും തുല്യനിലയിലുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ അധികൃതര്‍ തയാറാകുന്നില്ല. മാലിന്യം നീക്കം ചെയ്യുന്നവര്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാത്തത് മനുഷ്യത്വ വിരുദ്ധമാണ്.