മോദിയുടെ അമേരിക്കന്‍ യാത്ര; വ്യോമപാത ഉപയോഗിക്കാന്‍ പാക് അനുമതി തേടി ഇന്ത്യ

Posted on: September 18, 2019 3:15 pm | Last updated: September 18, 2019 at 5:27 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ യാത്രക്ക് പാക്കിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ ഔദ്യോഗികമായി അനുമതി തേടിയതായി റിപ്പോര്‍ട്ട്്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വളരെ മോഷമായ അവസ്ഥയാണുള്ളത്. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യ അനുവാദം തേടിയിരിക്കുന്നത്. ഈ മാസം 21നാണ് പ്രധാനമന്ത്രി അമേരിക്കയിലേക്ക് നീങ്ങുന്നത്.

നേരത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ യാത്രക്ക് ആദ്യം വ്യോമപാത ഉപയോഗിക്കാന്‍ അനുവാദം നല്‍കിയ പാക്കിസ്ഥാന്‍ പിന്നീട് അത് നിഷേധിച്ചിരുന്നു. അനുമതി തേടിയിരുന്നെങ്കിലും പാകിസ്ഥാന്‍ നിഷേധിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ഫ്രാന്‍സിലേക്ക് പോയപ്പോള്‍ നരേന്ദ്രമോദിക്ക് വേണ്ടി വ്യോമപാത ഉപയോഗിക്കാന്‍ പാകിസ്ഥാന്റെ അനുവാദം തേടുകയും പാകിസ്ഥാന്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന് മുകളിലൂടെ പറന്നാണ് അന്ന് നരേന്ദ്രമോദി ഫ്രാന്‍സിലെത്തിയത്.

കശ്മീര്‍ വിഷയത്തില്‍ ലോകരാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമങ്ങളും അത് സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന വാദപ്രതിവാദങ്ങളും അവകാശ വാദങ്ങളും എല്ലാം നിലനില്‍ക്കെയാണ് അമേരിക്കന്‍ സന്ദര്‍ശന യാത്രക്ക് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ അനുമതി തേടിയതെന്നത് ശ്രദ്ധേയമാണ്.