കശ്മീരില്‍ നിന്ന് പുറത്തുവരുന്നത് കേന്ദ്രം പ്രചരിപ്പിക്കുന്ന നുണകള്‍: യൂസഫ് തരിഗാമി

Posted on: September 18, 2019 2:57 pm | Last updated: September 18, 2019 at 4:14 pm

ന്യൂഡല്‍ഹി: പുനസംഘടനക്ക് ശേഷം ജമ്മു കശ്മീരിനെ കേന്ദ്ര സര്‍ക്കാര്‍ തളര്‍ത്തി കളഞ്ഞെന്ന് സി പി എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി. താഴ്വരയില്‍ ജനാധിപത്യം തകര്‍ന്നു. കശ്മീരില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത് കേന്ദ്രം പ്രചരിപ്പിക്കുന്ന നുണകള്‍ മാത്രമാണ്. രാജ്യത്തെ ജനങ്ങള്‍ കശ്മീരികളെ കേള്‍ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലേക്ക് മടങ്ങുന്നതിന് മുമ്പായി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിന് നീതി ലഭിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ മുന്നിട്ടറങ്ങണം. കശ്മീര്‍ പുനസംഘടനയോടെ ജനങ്ങളുടെ ജീവിതം ദുസ്സഹമായി. അവിടെ ആരോഗ്യമേഖലയിലടക്കം സ്ഥിതിഗതികള്‍ ഗുരുതരമാണ് . കശ്മീരിലെ ജനങ്ങള്‍ തീവ്രവാദികള്‍ അല്ല. ജയിലുകള്‍ അല്ല തൊഴിലുകളാണ് അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടത്. രാഷ്ട്രീയക്കാര്‍ മാത്രമല്ല സാമൂഹിക പ്രവര്‍ത്തകരും ജയിലിലാണെന്ന് തരിഗാമി പറഞ്ഞു.

നീതിക്കായുള്ള പോരാട്ടം തുടരും. ഒരിക്കല്‍ നീതി ലഭിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.