പാലാരിവട്ടം ഇന്നത്തെ നിലയിലായതിന് ആരാണ് ഉത്തരവാദിയെന്ന് ഹൈക്കോടതി

Posted on: September 18, 2019 1:59 pm | Last updated: September 18, 2019 at 3:37 pm

കൊച്ചി: പാലാരിവട്ടം പാലം ഇന്നത്തെ നിലയില്‍ ദുര്‍ബലമായതിന് ആരാണ് ഉത്തരവാദികളെന്ന് ഹൈക്കോടതി. പാലം നിര്‍മാണത്തിന് ആരാണ് മേല്‍നോട്ടം വഹിച്ചതെന്നും കോടതി ചോദിച്ചു. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്. പൊതു ജനത്തിന്റെ ജീവന് ഭീഷണിയാകും വിധത്തിലാണ് പാലം നിര്‍മിച്ചതെന്നായിരുന്നു സര്‍ക്കാര്‍ മറുപടി നല്‍കിയത്.

പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെ ആയല്ലോ എന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിമര്‍ശിച്ചു. സിനിമാ കഥ യാഥാര്‍ഥ്യമായതു പോലെയാണ് കാര്യങ്ങളുടെ പോക്കെന്നും കോടതി പറഞ്ഞു. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ട്്. കേസില്‍ നിലവിലെ അന്വേഷണ പുരോഗതി അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷകള്‍ ഈ മാസം 24ന് വീണ്ടും പരിഗണിക്കും