മരട് റിട്ട് ഹരജിയും പാളി: പരിസ്ഥിതി ആഘാത പഠനം ഇപ്പോഴില്ല- സുപ്രീം കോടതി

Posted on: September 18, 2019 12:10 pm | Last updated: September 18, 2019 at 2:30 pm

ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഫഌറ്റിന് സമീപത്ത് താമസിക്കുന്നയാള്‍ നല്‍കിയ ഹരജി ഇപ്പോള്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി.

കായലുകള്‍ക്കു സമീപമാണ് ഈ ഫ്‌ളാറ്റുകള്‍ സ്ഥിതി ചെയ്യുന്നത്. ഇത് പൊളിക്കുമ്പോഴുള്ള മാലിന്യം എന്തു ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയില്ല. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത് പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന വിധത്തിലാകുമോ എന്നും പരിശോധിക്കേണ്ടതുണ്ട് എന്നെല്ലാം ചൂണ്ടിക്കാട്ടി അഭിലാഷ് എന്നയാള്‍ നല്‍കിയ ഹരജിയാണ് അടിയന്തിര പരിഗണന ആവശ്യമില്ലെന്ന് കോടതി വിലയിരുത്തിയത്.

രാവിലെ അഭിലാഷിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജസ്റ്റിസുമാരായ എന്‍ വി രമണ, അജയ് രസ്‌തോഗി എന്നിവര്‍ക്ക് മുമ്പാകെ അടിയന്തരമായി ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തിങ്കളാഴ്ചയാണ് കേസ് പരിഗണനക്ക് വരാനുള്ള സാധ്യതയുണ്ടായിരുന്നത്. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം വെള്ളിയാഴ്ചയാണ് ഫ്‌ളാറ്റ് പൊളിക്കേണ്ട അന്ത്യശാസനം തീരുന്നത്. ഈ സാഹചര്യത്തില്‍ കേസ് അടിയന്തരമായി കേള്‍ക്കില്ലെന്നും രജിസ്ട്രി എപ്പോള്‍ ഈ കേസ് കേള്‍ക്കണമെന്ന് തീരുമാനിക്കുന്നോ അപ്പോള്‍ മാത്രമേ ലിസ്റ്റ് ചെയ്യൂവെന്നും ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി.