Connect with us

Articles

ഒരു പ്രാദേശിക ഭാഷ രാഷ്ട്രഭാഷ ചമയുന്നു

Published

|

Last Updated

നമുക്കിപ്പോഴും ഒരു രാഷ്ട്ര ഭാഷയുണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. ഹിന്ദിയാണ് ആ ഭാഷയെന്ന് സ്‌കൂള്‍ മുതല്‍ കുട്ടികളെ പറഞ്ഞ് പഠിപ്പിക്കുന്നുമുണ്ട്. കേരളത്തിലെ സ്‌കൂളുകളില്‍ ഹിന്ദിയെ ഇങ്ങനെയൊക്കെ ഉടുത്തൊരുക്കി പഠിപ്പിക്കാം. എന്നാല്‍ തമിഴ്‌നാട്ടില്‍ ചിലപ്പോള്‍ അത് നടക്കില്ല. തമിഴിനേക്കാള്‍ വലിയ ഭാഷയൊന്നും അവര്‍ക്കേതായാലുമില്ല. ഹോളിവുഡ് സിനിമ വന്നാലും പേര് ഇംഗ്ലീഷില്‍ വേണമെങ്കില്‍ നികുതി വേറെ അടക്കണം. സിനിമാ പേരിന്റെ കാര്യത്തില്‍ മലയാളത്തിലുള്ളവക്ക് നികുതിയിളവുണ്ട് എന്നൊക്കെയാണെങ്കിലും മലയാളികള്‍ക്ക് മലയാളത്തോടുള്ളതിനേക്കാള്‍ കൂറ് തമിഴര്‍ക്ക് തമിഴിനോടുണ്ട് എന്നതാണ് വസ്തുത. ഒരു രാജ്യം ഒരു ഭാഷ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പദ്ധതിയെ ഏറ്റവും ഉശിരില്‍ നേരിടുന്നതും ഈ തമിഴ് മക്കളാണ്. സ്റ്റാലിനും വൈകോയും മുതല്‍ കമല്‍ ഹാസനും സൂര്യ ശിവകുമാറും വരെ പെരിയാറിനെയും അണ്ണാ ദുരൈയെയും കലൈജ്ഞരെയും ഉദ്ധരിച്ചു കൊണ്ട് ഹിന്ദിയുടെ എല്ലാവിധ അധീശത്വത്തെയും എതിര്‍ക്കുന്നതാണ് കാഴ്ച.

ഒരു രാജ്യം ഒരു ടാക്‌സ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നിത്യാദി സംഗതികള്‍ നടപ്പാക്കുന്ന മട്ടില്‍ ഒരു ഭാഷയെന്ന ആഗ്രഹവും നടത്തിക്കളയാമെന്ന് അമിത് ഷാ ആഗ്രഹിക്കുന്നത് ഹിന്ദിയേതര സംസ്ഥാനങ്ങളില്‍ കൂടുതലും ബി ജെ പിക്ക് നേരിട്ടോ മറ്റേതെങ്കിലും തരത്തിലോ ഒതുങ്ങാതെ പോകുന്നത് കണ്ടിട്ടുള്ള ബേജാറ് മാത്രമല്ല. അതിന് ആര്‍ എസ് എസ്സിന്റെ ഹിന്ദി, ഹിന്ദു, ഹിന്ദുത്വ എന്ന ആശയാടിത്തറ കൂടിയുണ്ട് എന്നതാണ് നേര്. നിലവില്‍ ബി ജെ പി സര്‍ക്കാറിനെ വലക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രാജ്യത്തെ ജനങ്ങളുടെ, പ്രത്യേകിച്ച് സര്‍ക്കാറിന്റെ വിമര്‍ശകരുടെ ശ്രദ്ധ തിരിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് എന്ന് വേണം കരുതാന്‍.

ഔദ്യോഗികമായ 22 ഭാഷകളില്‍ ഒന്ന് മാത്രമാണ് ഹിന്ദിയും. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,652 ഭാഷകളുണ്ട്. ഓരോ ഭാഷയുടെയും വിവിധങ്ങളായ ശൈലിയും മറ്റും വെവ്വേറെ പരിഗണിച്ചാല്‍ ഇന്ത്യയില്‍ 96,000ത്തില്‍ അധികം സംസാര ഭാഷകളുണ്ടാകും. രാജ്യത്തിന്റെ നിയമനിര്‍മാണ, ഭരണകാര്യ, രാഷ്ട്രീയ വിഷയങ്ങളില്‍ സ്വാതന്ത്ര്യ സമരകാലം മുതല്‍ക്കുള്ള ഉത്തരേന്ത്യന്‍ പ്രമാണി താത്പര്യങ്ങള്‍ കാരണം ഹിന്ദി ഭാഷക്ക് ചില മുന്‍ഗണന ലഭിച്ചിട്ടുണ്ട്. കൊളോണിയല്‍ ഭരണ പരിഷ്‌കാരങ്ങളുടെ ഫലമായി നമുക്ക് വശപ്പെട്ട ഇംഗ്ലീഷിന്റെ കൂടെയും ഹിന്ദി ഭരണ ഭാഷയായി നിലവിലുണ്ട്. കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതിനാല്‍ തന്നെ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആണ് നടക്കുന്നത്.

ഇന്ദ്രപ്രസ്ഥത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അധികവും ഹിന്ദി മാത്രം വശമുള്ള ബാബുമാരാണ് ഇരുന്നുറക്കം തൂങ്ങുന്നത് എന്നത് വേറെ ഒരു സത്യം. ബ്രിട്ടീഷുകാരെ കൊണ്ട് നമുക്കാകെ ഉണ്ടായ ചുരുക്കം ചില ഗുണങ്ങളില്‍ ഒന്ന് ഹിന്ദിയടക്കമുള്ള എല്ലാ പ്രാദേശിക ഭാഷകളും സംസാരിക്കുന്നവര്‍ക്കും ആശയവിനിമയം നടത്താന്‍ ഒരു ഭാഷ തരപ്പെട്ടു എന്നതാണ്.

സത്യത്തില്‍ നമുക്കൊക്കെ പറ്റിയ ഒരു തെറ്റ്, ഹിന്ദിയല്ലാത്ത ഭാഷകളെല്ലാം പ്രാദേശിക ഭാഷകള്‍ എന്ന പ്രസ്താവത്തെ നാം നിഷ്‌കളങ്കമായി അനുസരിച്ചു എന്നതാണ്. ഹിന്ദിയും ഒരു പ്രത്യേക പ്രദേശത്തെ ഭാഷയാണ് എന്നേ വെക്കാവൂ. എല്ലാം അങ്ങനെ ഓരോ പ്രദേശത്തെയും ജനങ്ങളുടെ ഭാഷയാകുന്നു. ഹിന്ദി സംസാരിക്കുന്നവരാണ് കൂടുതല്‍ എന്ന കണക്കുകളിലും ചില പ്രശ്‌നങ്ങളുണ്ട്. ഹിന്ദിയുടെ അക്കൗണ്ടില്‍ ചേര്‍ത്തു കാണുന്ന ബീഹാറിലെ നല്ലൊരു ശതമാനം ആളുകളും സംസാരിക്കുന്ന മൈഥിലി ഭാഷക്ക് ഹിന്ദിയില്‍ നിന്ന് വളരെയേറെ വ്യത്യാസങ്ങളുണ്ട്. യു പിയിലെ ഭോജ്പുരി ഭാഷ ഹിന്ദിയേക്കാള്‍ ജനകീയവും ഹിന്ദിയില്‍ നിന്ന് നല്ല അന്തരമുള്ളതുമാണ്. ഭോജ്പുരിയും പക്ഷേ ഹിന്ദി വാദികള്‍ക്ക് ഹിന്ദി മാത്രമാണ്.

ഹരിയാനയിലെ ഹരിയാന്‍വി, രാജസ്ഥാനിലെ രാജസ്ഥാനി, ഛത്തീസ്ഗഢിലെ ഛത്തീസ്ഗഢി തുടങ്ങിയ ഭാഷകളും ഇതുപോലെ തന്നെ ഹിന്ദിയില്‍ നിന്ന് വ്യതിരിക്തവും എന്നാല്‍ ഹിന്ദി എന്ന കണക്കില്‍ ചേര്‍ക്കപ്പെട്ടതുമാണ്. ഹിന്ദി മാതൃഭാഷയായുള്ളവരാണ് രാജ്യത്ത് അധികമെന്ന പ്രസ്താവനകള്‍ ഇപ്പോള്‍ സംഘ്പരിവാര്‍ പാളയങ്ങളില്‍ നിന്നുയരുന്നുണ്ട്. എന്നാല്‍ ഹിന്ദി മാതൃഭാഷയായുള്ളത് ആകെ ജനസംഖ്യയുടെ 28 ശതമാനം ആളുകള്‍ക്ക് മാത്രമാണ്. സാധാരണയായി ഹിന്ദി മേഖലകളിലായി കണക്കാക്കപ്പെടുന്ന അനേകം സ്ഥലങ്ങളില്‍ സന്താളി, സിന്ധി, ഡോഗ്രി, കശ്മീരി, ബോഡോ തുടങ്ങിയ ഭാഷകളാണ് സംസാര ഭാഷ. ഗുജറാത്തില്‍ ഗുജറാത്തിയും മഹാരാഷ്ട്രയില്‍ മറാഠിയുമാണ് ഭാഷ. ഹിന്ദിയും നേരത്തെ പറഞ്ഞ ഹിന്ദിയുടെ വകഭേദങ്ങളും കൂട്ടിയാല്‍ തന്നെ ഇതൊക്കെ മാതൃഭാഷയായവര്‍ ആകെ ജനസംഖ്യയുടെ 43.63 ശതമാനം മാത്രമാണ്. അതായത് 56 ശതമാനത്തോളം ആളുകള്‍ക്ക് മാതൃഭാഷ ഹിന്ദി അല്ലാത്തതാണ്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിശ്ചയിക്കപ്പെട്ട അതിര്‍ത്തിക്കുള്ളില്‍ (നമ്മള്‍ പഠിക്കുന്നതും രാജ്യാന്തര തലത്തില്‍ ഉള്ളതുമായ ഇന്ത്യയുടെ അതിര്‍ത്തികളില്‍ വലിയ വ്യത്യാസങ്ങളുണ്ട്) കാണുന്ന പലവിധങ്ങളായ ഭൂവിതാനങ്ങളും അനേകം സംസ്‌കാരങ്ങളും അനവധി മതങ്ങളും അനുഷ്ടാനങ്ങളും ഒട്ടനവധി ഭാഷകളും വ്യതിരിക്തങ്ങളായ വസ്ത്ര ധാരണ രീതികളും ഐക്യപ്പെടുന്നത് ഓരോന്നിനും ഓരോരുത്തര്‍ക്കും അഭിമാനകരമായ അസ്തിത്വം ഉണ്ടാകുമെന്ന ഭരണഘടനാപരമായ ഉറപ്പിന്റെ മേലാണ്. ഈ ഉറപ്പ് ലംഘിക്കപ്പെടുകയോ അട്ടിമറിക്കപ്പെടുകയോ ചെയ്താല്‍ തീരുന്നതാണ് ഈ ഐക്യം. വിഭജിക്കപ്പെടുന്നതായിരിക്കും പിന്നത്തെ കാഴ്ച. എല്ലാം ഏകീകരിക്കപ്പെടുന്നതിനെ, സ്വന്തം സംസ്‌കാരത്തെയും വിശ്വാസത്തെയും ഭാഷയെയും ഹനിക്കുന്നതിനെ ആരാണ് ഇഷ്ടപ്പെടുക? ചരിത്രപരമായി അങ്ങനെയൊരു ത്യാഗം ചെയ്യേണ്ട ബാധ്യതയും ഇവിടെ ആര്‍ക്കുമില്ല. കാലങ്ങളായി ഹിന്ദി മേല്‍ക്കോയ്മ ഉത്തരേന്ത്യയിലെ തന്നെ മറ്റു ഭാഷകളെ അധീനപ്പെടുത്തുകയും വകവരുത്തുകയും ചെയ്യുന്നതിന്റെ ഉദാഹരണങ്ങളുമുണ്ട്.

പുതിയ വിദ്യാഭ്യാസ നയത്തില്‍ നിലവിലെ ത്രിഭാഷാ പദ്ധതിയുടെ കുറേക്കൂടി നല്ല ഒരു മാതൃക കണ്ടിരുന്നു. മാതൃഭാഷ കൂടാതെ മറ്റൊരു ഇന്ത്യന്‍ ഭാഷ കൂടി സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്നതാണ് നിര്‍ദേശം. ഡോ. കെ കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ ഈ നിര്‍ദേശം വിശദീകരിച്ചിടത്ത് പറയുന്നത് ഇത് കൂടുതല്‍ ഫലവത്തായി നടപ്പാക്കേണ്ടത് ഹിന്ദി മാതൃഭാഷയായുള്ള പ്രദേശങ്ങളിലാണ് എന്നാണ്. അതായത് ഹിന്ദി സംസാരിക്കുന്നവര്‍ തമിഴോ മലയാളമോ ബംഗാളിയോ ഒഡിയയോ തുടങ്ങി ഏതെങ്കിലുമൊരു ഭാഷ പഠിക്കണം. ദക്ഷിണേന്ത്യയില്‍ മുന്‍കാല വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ത്രിഭാഷാ സംവിധാനം ശീലിപ്പിക്കുന്നുണ്ട്. ഇതുകണ്ടപ്പോള്‍ നേരിയ ആശ്ചര്യമുണ്ടായിരുന്നു, ബി ജെ പി സര്‍ക്കാര്‍ ഇതൊക്കെ നടപ്പാക്കുകയോ? കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ താത്പര്യം ഇങ്ങനെയാണല്ലോ എന്നറിയുമ്പോള്‍ ആ അത്ഭുതമൊക്കെ പോയി.

ഹിന്ദി രാജ്യത്തിന്റെ പൊതു ഭാഷയാക്കണമെന്ന് പറയുന്നതിനും അമിത് ഷാക്കും ആര്‍ എസ് എസ്സിനുമുള്ള ന്യായം രാഷ്ട്രത്തിന്റെ അഖണ്ഡതയാണ് എന്നതാണ് വൈരുധ്യം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോള്‍ വ്യാപകമായി പ്രചരിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ ആവര്‍ത്തിച്ചു വായിക്കുകയും ചെയ്ത ഒരു കാര്യം കശ്മീരില്‍ ഇനി ഇന്ത്യന്‍ പതാക ഉയരുമെന്നതായിരുന്നു. കശ്മീരില്‍ പണ്ടേ ഇന്ത്യയുടെ ദേശീയ പതാകയുണ്ട് എന്നാരും ഓര്‍ക്കില്ല. അതുപോലെ മാത്രമേ ഹിന്ദി ഏക ഭാഷയാകുന്നതിനെ പറ്റിയും “ഭക്തന്മാര്‍” ചിന്തിക്കൂ. കേരളത്തിലുള്ള ഭക്തന്മാര്‍ ഇപ്പോഴേ പറയുന്നുണ്ട്, അല്ലെങ്കിലും കേരളം വിട്ട് ഉത്തരേന്ത്യയില്‍ ചെന്നാല്‍ മുഴുവന്‍ ഹിന്ദി അല്ലേ എന്ന്. ഉത്തരേന്ത്യയില്‍ ഹിന്ദിയല്ലാത്ത ഹിന്ദിയും ഹിന്ദിയേക്കാള്‍ കേള്‍ക്കാന്‍ രസമുള്ള ഉറുദുവും ഹിന്ദി സിനിമകളില്‍ ഉറുദു സ്വാധീനമേറെയുള്ള ഹിന്ദുസ്ഥാനിയുമാണെന്ന് അവരുണ്ടോ മനസ്സിലാക്കുന്നു? അല്ലെങ്കിലും ഹിന്ദി പറയുന്ന രണ്ടാളുകള്‍ ഒന്ന് രാജ്നാഥ് സിംഗും മറ്റൊന്ന് രണ്‍ദീപ് സിംഗ് സുര്‍ജേവാലയുമാണ്. അതുകൊണ്ടാണ് അവര്‍ സംസാരിക്കുമ്പോള്‍ ആര്‍ക്കുമൊന്നും മനസ്സിലാകാത്തത്.

ബജറ്റ് ചര്‍ച്ച നടന്നു കൊണ്ടിരിക്കെ കനിമൊഴി എം പി ലോക്‌സഭയില്‍ ചോദിക്കുന്നുണ്ടായിരുന്നു. “പ്രധാനമന്ത്രി ഗ്രാമ സഠക് യോജന എന്നൊക്കെ ഞങ്ങളുടെ തമിഴ്നാട്ടില്‍ കൊണ്ടെഴുതി വെക്കുന്നത്, അതും ഹിന്ദിയില്‍ മാത്രം, ശുദ്ധ മണ്ടത്തരമാണ്. ഞങ്ങള്‍ക്കാര്‍ക്കും ഹിന്ദി ഒരു താത്പര്യവുമില്ല. അതുകൊണ്ട് ഞങ്ങളാരും അത് വായിച്ചു മെനക്കെടില്ല. റോഡുണ്ടാക്കിയതിന്റെ ക്രെഡിറ്റ് കിട്ടാനെങ്കിലും അതൊക്കെ ഞങ്ങള്‍ക്ക് കൂടി തിരിയുന്ന ഭാഷയിലാക്കുന്നതാണ് ബുദ്ധി.”

Latest