അരാംകോക്കെതിരായ ആക്രമണം: പിന്നില്‍ ഇറാനെന്ന് യു എസ്; ആരായാലും തിരിച്ചടിക്കുമെന്ന് സഊദി

Posted on: September 18, 2019 11:42 am | Last updated: September 18, 2019 at 12:25 pm

റിയാദ്: സഊദി അറേബ്യയിലെ എണ്ണക്കമ്പനിയായ അരാംകോക്കെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ഉറപ്പിച്ച് അമേരിക്ക. ഇറാന് തിരിച്ചടി നല്‍കുമെന്നും അമേരിക്ക പ്രതികരിച്ചു. രാജ്യസുരക്ഷക്കു നേരെയുള്ള ഏതു ഭീഷണിയെയും നേരിടാന്‍ തങ്ങള്‍ പൂര്‍ണ സജ്ജമാണെന്ന് സഊദിയും വ്യക്തമാക്കി. ഇതോടെ മേഖലയില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചു. സൈനിക നീക്കമുണ്ടായേക്കുമെന്ന സൂചനകള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നല്‍കിയിട്ടുണ്ട്.

ആക്രമണത്തിനു പിന്നിലെ ഉത്തരവാദികളെ ഞങ്ങള്‍ക്കറിയാം എന്ന് പറയാന്‍ കാരണങ്ങളുണ്ടെന്നും ഞങ്ങള്‍ തിര നിറച്ച് തയ്യാറായി നില്‍ക്കുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദികള്‍ ആരാണെന്ന കാര്യത്തില്‍ സഊദിയുടെ പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് ആക്രമണത്തിന് പിന്നില്‍ ഇറാന്‍ തന്നെയാണെന്ന് സൂചന നല്‍കി സഊദി സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍ മാലിക്കി രംഗത്തെത്തിയത്.

ആക്രമണത്തെ സംബന്ധിച്ച അന്വേഷണം നടന്നുവരികയാണെന്നും ആക്രമണത്തിന് ഉപയോഗിച്ച ആയുധം ഇറാന്‍ നിര്‍മിച്ചതാണെന്ന് വ്യക്തമായിട്ടുണ്ടെന്നും മാലിക്കി പറഞ്ഞു. എന്നാല്‍, ഇത് എവിടെ നിന്നാണ് വിക്ഷേപിച്ചതെന്ന കാര്യത്തില്‍ ചില അവ്യക്തതകളുണ്ട്. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിന്റെ പിന്തുണയോടെ യെമനില്‍ ഭരണം നടത്തുന്ന ഹൂതി വിമതര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. സഊദിക്ക് നേരെ ഇനിയും ആക്രമണം നടത്തുമെന്നും ഹൂതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.