മോദി-ജിന്‍പിംഗ് കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ചയാകില്ലെന്ന് ചൈന

Posted on: September 18, 2019 10:49 am | Last updated: September 18, 2019 at 1:28 pm

ബീജിംഗ്: പ്രധാന മന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും തമ്മില്‍ ഒക്ടോബറില്‍ നടക്കുന്ന രണ്ടാമത്തെ അനൗദ്യോഗിക ഉഭയകക്ഷി ഉച്ചകോടിയില്‍ ജമ്മു കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യില്ല. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹു ചുനിംഗ് വ്യക്തമാക്കിയതാണ് ഇക്കാര്യം. അനൗദ്യോഗിക ഉച്ചകോടിയായതിനാലാണ് വിഷയം ചര്‍ച്ച ചെയ്യാത്തത്.

എന്നാല്‍, ഏതൊക്കെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ ഇരു നേതാക്കള്‍ക്കും സമയം നല്‍കുകയാണ് ചെയ്യേണ്ടതെന്നാണ് താന്‍ കരുതുന്നതെന്നും ചുനിംഗ് പറഞ്ഞു. കശ്മീര്‍ വിഷയത്തിലും മറ്റും പാക്കിസ്ഥാന് അനുകൂലമായ നിലപാട് സ്വീകരിച്ച ചൈന ഇന്ത്യന്‍ പ്രധാന മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കൊരുങ്ങുന്നത് അന്താരാഷ്ട്ര സമൂഹം അതീവ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. ജിന്‍പിംഗിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക.