അരാംകോയില്‍ എണ്ണവിതരണം പൂര്‍വസ്ഥിതിയിലായെന്ന് സഊദി

Posted on: September 18, 2019 10:14 am | Last updated: September 18, 2019 at 1:19 pm

ജിദ്ദ: അരാംകോ എണ്ണശാലക്കെതിരെ ഹൂതി ഭീകരര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന എണ്ണ വിതരണം പൂര്‍വ സ്ഥിതിയിലായതായി സഊദി ഊര്‍ജ വകുപ്പ് മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രി ജിദ്ദയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
സഊദിയില്‍ നിന്ന് എണ്ണ ഉപഭോഗം നടത്തുന്ന രാഷ്ട്രങ്ങള്‍ക്കുള്ള വിതരണം സാധാരണ പോലെ തുടരുമെന്നും ഈമാസം അവസാനത്തോടെ ഉത്പാദനം ദിനംപ്രതി ഒരുകോടി പത്തു ലക്ഷം ബാരലായി വര്‍ധിപ്പിക്കുമെന്നും അബ്ദുല്‍ അസീസ് പറഞ്ഞു. ആക്രമണം നടത്തിയ ഭീകര ഗ്രൂപ്പിന് കനത്ത തിരിച്ചടി നല്‍കും. എണ്ണ വിപണിക്കും സാമ്പത്തിക വ്യവസ്ഥക്കും നേരെയുള്ള ആക്രമണത്തെ ശക്തമായി ചെറുക്കാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ടു വരണം.

ഭീകരാക്രമണത്തെ തുടര്‍ന്ന് എണ്ണശാലയിലുണ്ടായ തീപ്പിടിത്തം ഏഴ് മണിക്കൂറിനുള്ളില്‍ പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച അരാംകോ ചെയര്‍മാന്‍ യാസിര്‍ അല്‍ റുമയ്യാന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കരുതല്‍ ശേഖരത്തില്‍ നിന്ന് എടുത്ത എണ്ണ ഈമാസം അവസാനത്തോടെ തിരികെ നിക്ഷേപിക്കാനാകും.