Connect with us

National

പാക്ക് അധീന കശ്മീര്‍ ഭാവിയില്‍ ഇന്ത്യയുടേതാകും: വിദേശകാര്യമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: പാക്ക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും ഭാവിയില്‍ അത് ഇന്ത്യയുടെ തന്നെ നിയന്ത്രണത്തിലാകുമെന്നു പ്രതീക്ഷിക്കുന്നതായും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ജമ്മു കശ്മീര്‍ വിഷയത്തിലും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലും ആളുകള്‍ എന്തു പറയുമെന്ന ആശങ്ക വേണ്ട. രണ്ടാം മോദി സര്‍ക്കാര്‍ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി. കശ്മീര്‍ വിഷയം അന്താരാഷ്ട്രാവത്കരിക്കാനുള്ള ശ്രമങ്ങള്‍ പാകിസ്ഥാന്‍ നടത്തുന്നതിനുള്ള പ്രതികരണമായാണ് വിദേശകാര്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

370ാം വകുപ്പ് അല്ല പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരതയാണു പ്രധാന പ്രശ്‌നം. ലോകത്ത് ഏതെങ്കിലും രാജ്യം അയല്‍രാജ്യത്തിനെതിരെ ഭീകരതയെ നയമായി സ്വീകരിച്ചിട്ടുണ്ടോയെന്ന് ജയശങ്കര്‍ ചോദിച്ചു. പാക്കിസ്ഥാന്‍ ഭീകരതയെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കുന്നില്ലെന്നും എസ് ജയശങ്കര്‍ പറഞ്ഞു.
ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയെക്കുറിച്ചു ചോദ്യത്തിന് ഇപ്പോള്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കാലാവസ്ഥ അതിന് ഉത്തരം നല്‍കുമെന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ മറുപടി.

Latest