Connect with us

Gulf

മേഖലക്കെതിരെയുള്ള വെല്ലുവിളി നേരിടും; ജനറല്‍ ശൈഖ് മുഹമ്മദും മുഹമ്മദ് ബിന്‍ സല്‍മാനും ചര്‍ച്ച നടത്തി

Published

|

Last Updated

അബുദാബി: യു എ ഇ, സഊദി ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലെത്തിക്കാന്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും സഊദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും സഊദി പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും ചര്‍ച്ച നടത്തി. സുരക്ഷ, സ്ഥിരത എന്നിവക്ക് ഭീഷണിയാകുന്ന എല്ലാ വെല്ലുവിളികളേയും നേരിടാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സഊദി അറേബ്യക്കൊപ്പം നില്‍ക്കുമെന്ന് ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു. സഊദി അറേബ്യയിലെ സ്വദേശി, വിദേശികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്വീകരിച്ച എല്ലാ നടപടികള്‍ക്കും യു എ ഇ നല്‍കിയ പിന്തുണയെ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് നന്ദി അറിയിച്ചു.

അബ്‌കൈക്ക്, ഖുറൈസ് പ്രവിശ്യകളിലെ അരാംകോയുടെ കേന്ദ്രങ്ങള്‍ക്ക് നേരെ അടുത്തിടെ നടന്ന ഭീകരാക്രമണത്തെ യുഎഇ അപലപിച്ചു. പ്രാദേശിക സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ ദുര്‍ബലപ്പെടുത്തുന്ന അട്ടിമറി നടപടിയാണിതെന്നും സഊദി അറേബ്യയുടെ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ സംരക്ഷിക്കാന്‍ രണ്ട് വിശുദ്ധ പള്ളികളുടെ രക്ഷാധികാരിയായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിന്റെ നേതൃത്വത്തിന് കഴിയട്ടേയെന്ന് സര്‍വശക്തനായ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. വെല്ലുവിളികള്‍ നേരിടുന്നതില്‍ യുഎ ഇയും സൗദി അറേബ്യയും പങ്കാളികളാണ്. ഞങ്ങള്‍ പങ്കിട്ട ലക്ഷ്യങ്ങള്‍ നമ്മുടെ രാഷ്ട്രങ്ങളുടെ സുരക്ഷയാണ്. ജനറല്‍ ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ഭീകരതയെ ചെറുക്കുന്നതിലും പ്രാദേശികവും അന്തര്‍ദേശീയവുമായ സമാധാനവും സുസ്ഥിരതയും ഊട്ടിയുറപ്പിക്കുന്നതിലും രാജ്യം വഹിച്ച പങ്ക് ശൈഖ് മുഹമ്മദ് അടിവരയിട്ടു.

ഇരു രാഷ്ട്രനേതാക്കളും ടെലിഫോണിലാണ് ചര്‍ച്ച നടത്തിയത്. ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്ത നേതാക്കള്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനും അഭിപ്രായങ്ങള്‍ കൈമാറി.