കുട്ടിയുടെ നുണക്കഥയെത്തുടര്‍ന്ന് യുവാക്കള്‍ക്ക് ആള്‍ക്കൂട്ട ആക്രമണം; 40 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

Posted on: September 17, 2019 8:53 pm | Last updated: September 18, 2019 at 10:18 am

മലപ്പുറം: പരീക്ഷാപ്പേടിയില്‍ വിദ്യാര്‍ഥി മെനഞ്ഞ തട്ടിക്കൊണ്ടുപോകല്‍ കഥയെ തുടര്‍ന്ന് കൊണ്ടോട്ടി ഓമാനൂരില്‍ രണ്ട് യുവാക്കളെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാല്‍പതോളം പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. കൊണ്ടോട്ടി കുറുപ്പത്ത് സഫറുല്ല, ചീരോത്ത് റഹ്മത്തുല്ല എന്നിവരാണ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. സ്‌കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന തന്നെ കാറിലെത്തിയ ചിലര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നു പതിനാലുകാരനായ വിദ്യാര്‍ഥി പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ സിസിടിവി പരിശോധച്ചപ്പോള്‍ യുവാക്കള്‍ സഞ്ചരിച്ച കാര്‍ കുട്ടി കാണിച്ചു കൊടുക്കുകയായിരുന്നു. സംഭവമറിഞ്ഞ് കൊണ്ടോട്ടിയില്‍നിന്നും പോലീസ് സ്‌റ്റേഷനിലേക്ക് വരവെ ഓമാനൂരില്‍വെച്ച് നാട്ടുകാര്‍ കാര്‍ തടഞ്ഞു. കാറിലുള്ള യുവാക്കളാണ് തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് കുട്ടി ആവര്‍ത്തിച്ചതോടെ നാട്ടുകാര്‍ ഇവരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ വിദ്യാര്‍ഥി നുണപറഞ്ഞതാണെന്ന് പോലീസ് കണ്ടെത്തി. പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയിലാണ് കുട്ടി നുണക്കഥ ചമച്ചത്. യുവാക്കളുടെ കാറും ആള്‍ക്കൂട്ടം തല്ലിത്തകര്‍ത്തു.