Connect with us

International

അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് പങ്കെടുത്ത റാലിക്കിടെ സ്‌ഫോടനം 24 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിക്കിടെ വന്‍ സ്‌ഫോടനം. ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. പര്‍വാന്‍ പ്രവിശ്യാ തലസ്ഥാനമായ ചരിക്കാറിലാണ് സംഭവം. സ്‌ഫോടനത്തില്‍ മുപ്പതിലേറെപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സമ്മേളനം നടക്കുന്നിടത്തെ കവാടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. അതേസമയം കാബൂളിലെ അതീവ സുരക്ഷയുള്ള ഗ്രീന്‍ സോണിലുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ എംബസി, നാറ്റോ ആസ്ഥാനം, അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം എന്നിവ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് സ്‌ഫോടനമുണ്ടായത്

രണ്ട് സ്‌ഫോടനങ്ങളുടേയും ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. 32 ഓളം പേര്‍ക്ക് ഗുരുതരപരുക്കേറ്റതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത. താലിബാനും അമേരിക്കയും നടത്തി വന്ന സമാധാന ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് അഫ്ഗാനിസ്ഥാനില്‍ ആക്രമണം ഉണ്ടായത്. യുഎസ് സൈന്യം രാജ്യം വിടുംവരെ ആക്രമണം തുടരുമെന്നു താലിബാന്‍ ഭീഷണി മുഴക്കിയിരുന്നു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നും താലിബാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

Latest