വിക്രം ലാൻഡറിന്റെ ആയുസ് ഇനി നാല് നാൾ കൂടി

Posted on: September 17, 2019 5:09 pm | Last updated: September 17, 2019 at 5:09 pm

ബെംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡറിന്റെ ആയുസ് ഇനി നാല് നാൾ കൂടി. ലാൻഡറിൽ ഘടിപ്പിച്ച ബാറ്ററികൾക്കും സോളാർ പാനലുകൾക്കും ആകെ 14 ദിവസം മാത്രമാണ് പ്രവർത്തന ക്ഷമതയുള്ളത്. ഇതനുസരിച്ച് ഇനിയുള്ള നാല് ദിവസം കൂടിയേ ലാൻഡറിനും അതിനുള്ളിലെ പ്രഗ്യാൻ റോവറിനും പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. ഈ മാസം 20ന് ശേഷം വിക്രം ലാൻഡറിന്റെ പ്രവർത്തനം പൂർണമായും നിലക്കും. ലാൻഡറുമായുള്ള ആശയ വിനിമയം ഇതുവരെയും പുന:സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനുള്ള ശ്രമം തുടരുകയാണെങ്കിലും വൈകും തോറും സാധ്യത കുറഞ്ഞുവരികയാണ്. ബാറ്ററിയുടെ ശേഷിയും കുറയുന്നുണ്ട്.

ഈ സാഹചര്യത്തിൽ പുതിയ ലാൻഡർ മാത്രം ചന്ദ്രനിലേക്ക് അയക്കാനുള്ള സാധ്യതകൾ തേടുകയാണ് ഐ എസ് ആർ ഒ. ചന്ദ്രനെ കറങ്ങുന്ന ഓർബിറ്റർ അടുത്ത ഏഴ് വർഷം ഭ്രമണപഥത്തിൽ തുടരുമെന്ന് ഉറപ്പുള്ളതിനാലാണ് ലാൻഡർ മാത്രം ചന്ദ്രനിലെത്തിക്കാൻ ആലോചന നടക്കുന്നത്. ചന്ദ്രയാൻ രണ്ട് ദൗത്യം പരാജയപ്പെട്ടതിന്റെ വിശകലന റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ നടപടികൾ സ്വീകരിക്കാനാണ് നീക്കം. പരാജയത്തിനിടയാക്കിയ ഘടകങ്ങൾ അതിജീവിക്കാൻ ലാൻഡറിന്റെ രൂപകൽപ്പനയിൽ ഉൾപ്പെടെ മാറ്റം വരുത്താനും ഐ എസ് ആർ ഒ ആലോചിക്കുന്നുണ്ട്.

അതിനിടെ, വിക്രം ലാൻഡർ പ്രവേശിക്കേണ്ടിയിരുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ യു എസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ ഇന്ന് കൂടുതൽ പരിശോധനകൾ നടത്തും. ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനത്തിന് മുകളിലൂടെ പറന്നാണ് നാസയുടെ ലൂണാർ ഓർബിറ്റർ നിരീക്ഷണങ്ങൾ നടത്തുക. ഭൂമിയിലേക്കുള്ള സിഗ്നൽ ബന്ധം നിലച്ച വിക്രം ലാൻഡറിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വിശദമായി അറിയാൻ നാസ നടത്തുന്ന പരിശോധനകൾ സഹായകരമാകുമെന്നാണ് ഐ എസ് ആർ ഒ കരുതുന്നത്. നാസയുടെ റീകാനസിയൻസ് ഓർബിറ്റർ ഈ പ്രദേശത്തിന്റെ മൊത്തത്തിലുള്ള ചിത്രങ്ങളും പകർത്തും. വിക്രം ലാൻഡർ ഇറങ്ങേണ്ടിയിരുന്ന ചന്ദ്രോപരിതലത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ശേഷം നാസ ഇത് ഐ എസ് ആർ ഒക്ക് കൈമാറും.

ചന്ദ്രോപരിതലത്തിലെ ദക്ഷിണധ്രുവത്തിലേക്ക് സുരക്ഷിതമായ സോഫ്റ്റ് ലാൻഡിംഗിന് നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് വിക്രം ലാൻഡർ മുൻ നിശ്ചയിച്ച പാതയിൽ നിന്ന് തെന്നി മാറിയത്. തുടർന്ന് ലാൻഡറിൽ നിന്നുള്ള സിഗ്‌നലും നഷ്ടമായി. ഇന്ത്യൻ ശാസ്ത്ര ലോകത്തിന് നിരാശ പടർത്തിയ നിമിഷങ്ങളായിരുന്നു ഇത്. അതേസമയം, ചന്ദ്രയാൻ രണ്ടിന്റെ ദൗത്യം 95 ശതമാനവും വിജയിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ചന്ദ്രോപരിതലത്തിൽ നിന്ന് തെർമൽ ഇമേജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓർബിറ്റർ പകർത്തിയ വിക്രം ലാൻഡറിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിൽ ചെരിഞ്ഞ് കിടക്കുന്ന ലാൻഡറിന്റെ ചിത്രമാണ് ഓർബിറ്റർ പകർത്തിയത്.