ചാമ്പ്യന്‍സ് പോരിന് ഇന്ന് കിക്കോഫ്‌

Posted on: September 17, 2019 4:43 pm | Last updated: September 17, 2019 at 4:43 pm

യൂറോപ്പിലെ ഫുട്‌ബോൾ രാജാക്കന്മാരെ കണ്ടെത്താനുള്ള യുവേഫ ചാമ്പ്യൻസ് ലീഗിന് ഇന്ന് കിക്കോക്ക്. ഇന്ത്യൻ സമയം രാത്രി 10.25ന് ഇന്റർമിലാൻ- സ്ലാവിയ പ്ലാഗ, ലിയോൺ- സെനിത് സെയ്ന്റ് പീറ്റേഴ്‌സ്ബർഗ് മത്സരങ്ങളെടെയാണ് സീസണിന് തുടക്കമാകുക.

മറ്റ് മത്സരങ്ങളിൽ ജർമൻ സൂപ്പർ ക്ലബ് ബൊറുസിയ ഡോട്മുണ്ട് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയെ നേരിടും. ചെൽസി- വലൻസിയ, നാപ്പോളി- ലിവർപൂൾ മത്സരവും കാണികൾക്ക് വിരുന്നാകും. അയാക്‌സ് ലില്ലെ ഒ എസ് സിയെയും ബെൻഫിക ലെപ്ഷിഗിനെയും റെഡ് ബുൾ ജെൻകിനെയും നേരിടും.

കഴിഞ്ഞ സീസണിൽ ടോട്ടനം ഹോട്‌സ്പറിനെ അട്ടിമറിച്ച് ലിവർപൂളാണ് ചാമ്പ്യന്മാരായത്. മറുപടിയില്ലാത്ത രണ്ട് ഗോളകൾക്കായിരുന്നു ലിവർപൂളിന്റെ ജയം.
സെമിയിൽ ബാഴ്‌സലോണയെ പരാജയപ്പെടുത്തിയാണ് ലിവർപൂൾ ഫൈനലിൽ പ്രവേശിച്ചത്.

ഗ്രൂപ്പ് എഫിൽ ഇന്ന് ബൊറുസിയക്കെതിരെ ഇറങ്ങുമ്പോൾ ബാഴ്‌സ ഏറെ പ്രതീക്ഷയിലാണ്. ലാലിഗയിൽ കഴിഞ്ഞ ദിവസം സൂപ്പർ താരം മെസിയില്ലാതെ ഇറങ്ങിയ ബാഴ്‌സ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് വലൻസിയയെ പരാജയപ്പെടുത്തിയിരുന്നു. ഇതൊടൊപ്പം പരുക്ക് മാറിയ മെസി കളിക്കുമെന്ന വാർത്തയും ബാഴ്‌സയുടെ ആത്മവിശ്വാസം പകരുന്നു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ് മെസി. (12).
ലാലിഗയിൽ തോൽവിയോടെയാണ് ബാഴ്‌സ ഇത്തവണ തുടങ്ങിയത്. ചാമ്പ്യൻസ് ലീഗിൽ അങ്ങനെയൊരു തുടക്കം കറ്റാലൻമാർ പ്രതീക്ഷിക്കുന്നില്ല. സ്വന്തം മൈതാനത്ത് കരുത്തരായ ബൊറുസിയയും ബാഴ്‌സയും നേർക്കുനേർ വരുമ്പോൾ ഉശിരൻ പോരാട്ടം പ്രതീക്ഷിക്കാം.
ഹമ്മൽസ്, ഗുരൈയ്‌റോ, വിട്‌സെൽ, സാഞ്ചോ, റ്യൂസ്, അൽകാസർ തുടങ്ങിയ താരങ്ങൾ ബൊറുസിയയുടെ പ്രതീക്ഷകളാണ്. ഗ്രൂപ്പ് എഫിൽ ബൊറുസിയ, ബാഴ്‌സലോണ, ഇന്റർമിലാൻ തുടങ്ങിയ പ്രമുഖരാണുള്ളത്. അതിനാൽ ഓരോ വിജയവും പ്രധാനപ്പെട്ടതാണ്.

ഗ്രൂപ്പ് ഇ യിൽ നാപ്പോളി- ലിവർപൂളിനെ നേരിടും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടരുന്ന ലിവർപൂളിനെ പിടിച്ചുകെട്ടാൻ നാപ്പോളി ഏറെ വിയർപ്പൊഴുക്കേണ്ടി വരും. പ്രീമിയർ ലീഗിൽ ഇതുവരെ നടന്ന അഞ്ച് മത്സരങ്ങളും ജയിച്ച ചെമ്പട പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. കഴിഞ്ഞ മത്സരത്തിൽ അവർ ഒന്നിനെതിരെ രണ്ട് ഗോളിന് ന്യൂകാസിൽ യുനൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു.
ചാമ്പ്യൻസ് ലീഗ് കിരിടം നിലനിർത്താനിറങ്ങുന്ന ലിവർപൂളിനായി പരുക്കേറ്റ ഡിവോക് ഒറിഗി കളിക്കാനിടയില്ല. സുപ്പർ താരം മുഹമ്മദ് സാല, സാദിയോ മാനേ, ഫിർമിനോ, വിജിനാൾഡും തുടങ്ങിയ താരങ്ങളിലാണ് ലിവർപൂളിന്റെ പ്രതീക്ഷകളത്രയും.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ ഗോൾ നേടി വിജയിപ്പിച്ചത് സാലയും ഒറിഗിയുമായിരുന്നു.
പരുക്കേറ്റ മിലിച് നാപ്പോളിക്കായി കളിക്കുന്നില്ല. ഇൻസൈനും ഫാബിയാൻ റിയുസും ഇന്നിറങ്ങും.
ഗ്രൂപ്പ് എച്ചിൽ ചെൽസി- വലൻസിയ പോരാണ് ഹൈലൈറ്റ്. പ്രീമിയർ ലീഗിൽ കഴിഞ്ഞ മത്സരത്തിൽ വോൾവർഹാംടൺ വണ്ടറേഴ്‌സിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചാണ് ചെൽസിയുടെ വരവ്. ടമ്മി എബ്രഹാമിന്റെ ഹാട്രിക് കരുത്തിലായിരുന്നു നീലപ്പടയുടെ ജയം.
പരുക്കേറ്റ കാന്റെ കളിക്കാത്തത് തിരിച്ചടിയാണ്. കെപ, ക്രിസ്റ്റ്യൻസെൻ തുടങ്ങിയവർ ഇന്ന് കളിക്കും. കഴിഞ്ഞ കളിയിൽ ബാഴ്‌സയോടെറ്റ തോൽവിയിൽ നിന്ന് പാഠമുൾക്കൊണ്ടാണ് വലൻസിയ ഇറങ്ങുന്നത്.

ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയത് സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡാണ്. 13 തവണയാണ് റയൽ കിരീടം ചൂടിയത്. 2018ലാണ് അവസാനമായി കപ്പുയർത്തിയത്. ഇറ്റാലിയൻ ക്ലബ് എ സി മിലാനാണ് രണ്ടാം സ്ഥാനത്ത്. (ഏഴ് തവണ). നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ആറ് കിരീടങ്ങളുമായി മൂന്നാം സ്ഥാനത്തുണ്ട്. ബയേൺ മ്യൂണിക്കും ബാഴ്‌സലോണയുമാണ് യഥാക്രമം നാല് അഞ്ച് സ്ഥാനങ്ങളിൽ.