അഭയ കേസ്: പ്രതികള്‍ സ്വഭാവദൂഷ്യമുള്ളവരെന്ന് അധ്യാപികയുടെ വെളിപ്പെടുത്തല്‍; മൊഴി മാറ്റാന്‍ സമ്മര്‍ദമുണ്ടായി

Posted on: September 17, 2019 4:34 pm | Last updated: September 17, 2019 at 8:31 pm

തിരുവനന്തപുരം: അഭയക്കേസില്‍ പ്രതികളായ വൈദികര്‍ സ്വഭാവദൂഷ്യമുള്ളവരെന്ന് അധ്യാപികയുടെ വെളിപ്പെടുത്തല്‍. സാക്ഷിയും അഭയയുടെ അധ്യാപികയുമായ ത്രേസ്യാമ്മയുടെതാണ് വെളിപ്പെടുത്തല്‍. പ്രതികളായ വൈദികര്‍ക്കെതിരെ വിദ്യാര്‍ഥിനികള്‍ പലപ്പോഴും പരാതി പറഞ്ഞിരുന്നു. അവരുടെ സ്വഭാവരീതി ശരിയല്ലെന്നും തങ്ങളെ നോക്കുന്നതും മോശമായാണെന്നുമാണ് പറഞ്ഞിരുന്നത്.

വൈദികര്‍ക്കെതിരെ മൊഴി നല്‍കിയതിന് തനിക്കെതിരെ പല ആരോപണങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പല ഘട്ടങ്ങളിലും മൊഴി മാറ്റിപ്പറയാന്‍ സമ്മര്‍ദമുണ്ടായി. തന്നെ ഒറ്റപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തു. അതൊന്നും കാര്യമാക്കുന്നില്ല. താന്‍ അവിവാഹിതയായതു കൊണ്ട് തന്നെ പ്രതിഭാഗത്തിന്റെ ഭീഷണികളെ വകവെക്കുന്നില്ല. കുടുംബത്തെ ഭീഷണിപ്പെടുത്തിയാണ് പ്രതികളുടെ പക്ഷത്തുള്ളവര്‍ സാക്ഷിമൊഴികള്‍ മാറ്റിപ്പറയിപ്പിക്കുന്നതെന്നും ത്രേസ്യാമ്മ പറഞ്ഞു.

സിസ്റ്റര്‍ അഭയയുടെ മൃതദേഹത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നുവെന്ന് ത്രേസ്യാമ്മ ഇന്ന് കോടതിയില്‍ മൊഴി നല്‍കി. മുഖത്താണ് മുറിവുണ്ടായിരുന്നത്. താനും മറ്റൊരു അധ്യാപികയും കൂടിയാണ് അഭയയുടെ മൃതദേഹം കാണാന്‍ ചെന്നത്. പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറിനു സമീപത്തായിരുന്നു ബെഡ്ഷീറ്റു കൊണ്ട് മൂടിയ നിലയിലുള്ള മൃതദേഹം ഉണ്ടായിരുന്നത്. കേസില്‍ പ്രതിയായ ജോസ് പുതൃക്കയിലാണ് മൃതദേഹം തങ്ങളെ കാണിച്ചത്. മുഖത്ത് മുറിവ് കണ്ടതിനെ കുറിച്ച് താന്‍ അന്വേഷണ സംഘത്തോടും കോടതിയിലും പറഞ്ഞതായി ത്രേസ്യാമ്മ വ്യക്തമാക്കി.