സ്വാതന്ത്ര്യം അനുഭവിക്കാന്‍ അവസരം തന്നതിന് സുപ്രീം കോടതിക്ക് നന്ദി: തരിഗാമി

Posted on: September 17, 2019 4:14 pm | Last updated: September 17, 2019 at 8:31 pm

ന്യൂഡല്‍ഹി: സ്വാതന്ത്ര്യം അനുഭവിക്കാന്‍ അവസരം തന്നതിന് സുപ്രീം കോടതിക്ക് നന്ദി പറഞ്ഞ് സി പി എം പോളിറ്റ് ബ്യൂറോ അംഗം യൂസഫ് തരിഗാമി. ചികിത്സയില്‍ കഴിഞ്ഞിരുന്ന എയിംസ് ആശുപത്രിയില്‍ നിന്ന് കശ്മീരിലേക്കു മടങ്ങിപ്പോകാന്‍ കോടതി അനുമതി നല്‍കിയ ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോടൊപ്പം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിലെ സ്ഥിതി ഗുരുതരവും പരിതാപകരവുമാണെന്ന് തരിഗാമി പറഞ്ഞു.

ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ തന്നെ അത് തകര്‍ത്തു. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഫാറൂഖ് അബ്ദുല്ലയും താനുമൊന്നും തീവ്രവാദികളോ വിദേശികളോ അല്ല. സ്വര്‍ഗമൊന്നുമല്ല ചോദിക്കുന്നത്. കശ്മീരിലെ ജനങ്ങളുടെ ഭാഗം കൂടി കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

എയിംസിലെ ഡോക്ടര്‍മാര്‍ സമ്മതിക്കുകയാണെങ്കില്‍ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ മറ്റ് പ്രത്യേക അനുമതികളൊന്നും ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എസ് എ നസീര്‍ എന്നിവരുടെ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ശ്രീനഗറിലെ വീട്ടില്‍ തടങ്കലിലായിരുന്ന തരിഗാമിയെ എത്രയും പെട്ടെന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് പരമോന്നത കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് സെപ്തംബര്‍ ഒമ്പതിന് അദ്ദേഹത്തെ എയിംസിലേക്കു മാറ്റുകയായിരുന്നു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കു പിന്നാലെ ആഗസ്റ്റ് അഞ്ചിനാണ് തരിഗാമിയെ വീട്ടുതടങ്കലിലാക്കിയിരുന്നത്.