നടിയുടെ സ്വകാര്യത കണക്കിലെടുക്കണം; മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കരുതെന്ന് സര്‍ക്കാര്‍

Posted on: September 17, 2019 3:34 pm | Last updated: September 17, 2019 at 8:31 pm

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വീഡിയോ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡ് തൊണ്ടി മുതലാണോ രേഖയാണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ ഇന്നുതന്നെ മറുപടി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ ആവശ്യം ഉന്നയിച്ചത്.

മെമ്മറി കാര്‍ഡ് ഒരു രേഖയാണെന്ന വാദമാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നടത്തിയത്. മെമ്മറി കാര്‍ഡ് ഒരു വസ്തുവാണെന്നും അതിനുള്ളിലെ വീഡിയോ ദൃശ്യങ്ങള്‍ ഒരു രേഖയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ അറിയിച്ചു. ഇരയുടെ സുരക്ഷിതത്വവും സ്വകാര്യതയും കണക്കിലെടുക്കണമെന്നും മെമ്മറി കാര്‍ഡ് ദിലീപിന് കൈമാറരുതെന്നും രഞ്ജിത് കുമാര്‍ ആവശ്യപ്പെട്ടു.

അതേസമയം, രേഖയാണെങ്കില്‍ മെമ്മറി കാര്‍ഡ് തനിക്ക് കിട്ടാന്‍ അര്‍ഹതയുണ്ടെന്നാണ് ദിലീപ് കോടതിയെ അറിയിച്ചു.കേസില്‍ തന്റെ ഭാഗം തെളിയിക്കുന്നതിനായി മെമ്മറി കാര്‍ഡ് ലഭ്യമാക്കാന്‍ അനുവദിക്കണമെന്നാണ് ദിലീപ് കോടതിയില്‍ വാദിച്ചു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പകര്‍പ്പ് വേണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹരജി നല്‍കിയിരുന്നത്.