സംവരണം കൊണ്ട്മാത്രം സമുദായം രക്ഷപ്പെടില്ല: നിതിന്‍ ഗഡ്കരി

Posted on: September 17, 2019 3:24 pm | Last updated: September 17, 2019 at 8:31 pm

നാഗ്പുര്‍: സംവരണം കൊണ്ട് മാത്രം സമുദായം രക്ഷപ്പെടുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് വിശ്വസിക്കാനാകില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കൂടുതല്‍ സംവരണം ലഭിച്ച സമുദായം പുരോഗതി കൈവരിച്ചെന്ന വാദവും തെറ്റാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. മഹാത്മാ ഫുലെ എഡുക്കേഷന്‍ സൊസൈറ്റിയുടെ 60-ാംവാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ വച്ച് മാലി സമുദായാംഗങ്ങള്‍ വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ആളുകള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടി കൂടിയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

സ്വന്തം കഴിവിലൂടെ സ്ഥാനങ്ങള്‍ നേടാന്‍ സാധിക്കാതെ വരുമ്പോഴാണ് ആളുകള്‍ ജാതി കാര്‍ഡ് പുറത്തെടുക്കുന്നത്. ഒരു ജാതിയുമില്ലാത്ത ക്രിസ്ത്യാനിയായിരുന്നു അന്തരിച്ച ജോര്‍ജ് ഫെര്‍ണാണ്ടസ്. രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായത് എല്ലാ ജാതിക്കാരുടെയും പിന്തുണ കൊണ്ടാണ്.

നേരത്തെ സ്ത്രീ സംവരണത്തെക്കുറിച്ച് പലരും തന്നോട് സംസാരിച്ചു. സ്ത്രീകള്‍ക്ക് തീര്‍ച്ചയായും സംവരണം ലഭിക്കണ്. എന്നാല്‍ നിരവധി വര്‍ഷം രാജ്യം ഭരിച്ച ഇന്ദിരാഗാന്ധിക്ക് സംവരണം ലഭിച്ചിരുന്നോയെന്ന് ഞാന്‍ അവരോട് ചോദിച്ചു. വസുന്ധര രാജെക്കും സുഷമ സ്വരാജിനും സംവരണം ലഭിച്ചിരുന്നോയെന്നും താന്‍ ചോദിച്ചെന്നും ഗഡ്കരി പറഞ്ഞു.