ബി എസ് പി എം എല്‍ മാരുടെ കൂടുമാറല്‍; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മായാവതി

Posted on: September 17, 2019 3:02 pm | Last updated: September 17, 2019 at 5:25 pm

ന്യൂഡല്‍ഹി: ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ആറ് എം എല്‍ എമാര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയ വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ച് മായാവതി. ഇതിലൂടെ കോണ്‍ഗ്രസ് കടുത്ത വിശ്വാസ വഞ്ചന കാണിച്ചിരിക്കുകയാണെന്ന് ബി എസ് പി അധ്യക്ഷയായ മായാവതി പറഞ്ഞു. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബി എസ് പി എം എല്‍ എമാരെ വീണ്ടും ചാക്കിട്ടു പിടിച്ചിരിക്കുകയാണ്. വിശ്വസിക്കാന്‍ കൊള്ളാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസിന് ബി എസ് പി പുറത്തുനിന്ന് നിരുപാധിക പിന്തുണ നല്‍കിക്കൊണ്ടിരിക്കുമ്പോഴാണ് ഇത്തരമൊരു വിഷയമുണ്ടാകുന്നത്. കൊടും വഞ്ചനയാണ് കോണ്‍ഗ്രസ് കാണിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ട്വീറ്റുകളില്‍ മായാവതി തുറന്നടിച്ചു.

തങ്ങളുടെ എതിരാളികള്‍ക്കെതിരെ പോരാടുന്നതിനെക്കാള്‍ പിന്തുണക്കുന്ന പാര്‍ട്ടികള്‍ക്ക് മുറിവേല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്ന് ബി എസ് പി നേതാവ് പറഞ്ഞു. പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായ പാര്‍ട്ടി കൂടിയായി മാറിയിരിക്കുകയാണ് കോണ്‍ഗ്രസ്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പുവരുത്തുന്നതില്‍ അവര്‍ ഒരിക്കലും ആത്മാര്‍ഥതയോ സത്യസന്ധതയോ കാണിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ ഇത്തരം നിലപാടാണ് നിയമ വകുപ്പ് മന്ത്രി പദവിയില്‍ നിന്ന് രാജിവെക്കാന്‍ ഭരണഘടനാ ശില്‍പിയായ ബി ആര്‍ അംബേദ്കറെ പ്രേരിപ്പിച്ചത്.

ജോഗീന്ദര്‍ സിംഗ് അവാന (നദ്ഭായ്-ഭരത്പൂര്‍), ദീപ് ചന്ദ് (കിഷന്‍ഗര്‍ ബാസ്-ആള്‍വാര്‍), രാജേന്ദര്‍ സിംഗ് ഗുധ (ഉദയ്പര്‍വതി-ജുന്‍ജുനു), ലഖന്‍ സിംഗ് (കരോലി-കരോലി), വാജിബ് അലി (നാഗര്‍-ഭാരത്പൂര്‍), സന്ദീപ് കുമാര്‍ (തിജാര-ആള്‍വാര്‍) എന്നീ എം എല്‍ എമാരാണ് തിങ്കളാഴ്ച ബി എസ് പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കു പോയത്. രണ്ട് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ഈ എം എല്‍ എമാരുടെ നിലപാടുമാറ്റം.