പിന്നാക്ക ജാതിക്കാരനായ ബി ജെ പി എം പിക്ക് ഗ്രാമത്തിലേക്ക് പ്രവേശനം നിഷേധിച്ചു

Posted on: September 17, 2019 2:41 pm | Last updated: September 17, 2019 at 4:35 pm

ബെംഗളൂരു:താഴ്ന്ന ജാതിക്കിരാനായതിനാല്‍ എം പിയെ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കാതെ മടക്കി അയച്ചതായി ആരോപണം. കര്‍ണാടക ചിത്രദുര്‍ഗയിലെ ബി ജെ പി എം പി എ നാരായണസ്വാമിക്കാണ് സവര്‍ണരില്‍ നിന്ന് ജാതീയ അവഹേളനം നേരിട്ടത്. തുംകൂര്‍ ജില്ലയിലെ ഗൊല്ലറഹട്ടി ഗ്രാമത്തില്‍ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നാരായണ സ്വാമി. സവര്‍ണ വിഭാഗമായ ഗൊല്ല സമുദായത്തിന്റെ കേന്ദ്രമാണിത്. സ്ഥലത്തെത്തിയ എം പിയോട് ഗൊല്ല സമുദായക്കാര്‍ മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. പട്ടിക ജാതിക്കാരനായ നാരായണസ്വാമി ആദ്യം എതിര്‍ത്തെങ്കിലും തര്‍ക്കം രൂക്ഷമായതിനാല്‍ പിന്‍മാറേണ്ടി വന്നു.

അവിടെനിന്ന് മടങ്ങിയ ശേഷം ഗ്രാമത്തില്‍ പ്രവേശിക്കാന്‍ സംരക്ഷണം നല്‍കാമെന്ന് കാണിച്ച് ഒരു വിഭാഗം ഗ്രാമീണര്‍ എത്തിയിരുന്നു . എന്നാല്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ആഗ്രഹം ഇല്ലാത്തതുകൊണ്ട് വീണ്ടും പോയില്ലെന്ന് നാരായണ സ്വാമി പറഞ്ഞു.

സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷണം ആരംഭിച്ചു. സംഭവം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍ പറഞ്ഞു.