മോദിയുമായി കൂടിക്കാഴ്ചക്കൊരുങ്ങി മമത; ഭരണസംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന് ടി എം സി വൃത്തങ്ങള്‍

Posted on: September 17, 2019 12:53 pm | Last updated: September 17, 2019 at 3:03 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബുധനാഴ്ച പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് അഭ്യൂഹം. ഭരണസംബന്ധമായ ചില വിഷയങ്ങള്‍ മോദിയുമായി ചര്‍ച്ച ചെയ്യുകയാണ് മമതയുടെ ഉദ്ദേശ്യമെന്ന് പേര് വെളിപ്പെടുത്തില്ലെന്ന ഉറപ്പില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങളും ഭരണസംബന്ധമായ പ്രശ്‌നങ്ങളും രണ്ടായി കാണണമെന്നാണ് മമതയുടെ നിലപാട്. പ്രധാന മന്ത്രിയുമായുള്ള കൂടിക്കാഴ്ച നേരത്തെ തീരുമാനിച്ചതാണെന്നും അടുത്തിടെ നടന്ന ഏതെങ്കിലും സംഭവങ്ങളുമായി അതിന് ബന്ധമില്ലെന്നും ടി എം സി നേതാവ് വ്യക്തമാക്കി. ബംഗാളില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണമെന്ന ബി ജെ പി ആവശ്യത്തിനെതിരായ പ്രതിഷേധവും മമത പ്രധാന മന്ത്രിയെ അറിയിക്കുമെന്ന് മറ്റൊരു ടി എം സി നേതാവ് പറഞ്ഞു.

ശാരദ ചിട്ടി കേസില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ സി ബി ഐ ഒരുങ്ങുന്ന സന്ദര്‍ഭത്തില്‍ മമത ഇത്തരമൊരു കൂടിക്കാഴ്ച നടത്തുന്നതിനെതിരെ സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ‘ബംഗാളിലെ ഭരണകക്ഷി നേതാക്കളുമായുള്ള അവിശുദ്ധ ബന്ധങ്ങള്‍ മൂടിവെക്കാന്‍ ശ്രമിക്കുകയാണ് രാജീവ് കുമാര്‍. അദ്ദേഹത്തിനെതിരെ കുരുക്ക് മുറുകിക്കഴിഞ്ഞു. ഇത് മമത സര്‍ക്കാറിനെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്. രാജീവ് കുമാറിനെയും തന്റെ അനന്തരവനും ലോക്‌സഭാ എം പിയുമായ അഭിഷേക് ബാനര്‍ജിയെയും തന്നെത്തന്നെയും കേസില്‍ നിന്ന് രക്ഷിക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് മമത.’- ഇടത് എം എല്‍ എ സുജന്‍ ചക്രബര്‍ത്തി പറഞ്ഞു.

ബഹുകോടികളുടെ ചിട്ടി തട്ടിപ്പു കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ രാജീവ് കുമാറിനോട് സി ബി ഐ ഒന്നിലധികം തവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹം അതിന് തയാറായിട്ടില്ല. കുമാര്‍ എവിടെയുണ്ടെന്നത് സംബന്ധിച്ച വിവരം തേടി സി ബി ഐ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച ഹൗറയിലെ സംസ്ഥാന സെക്രട്ടേറിയറ്റ് ഓഫീസിലെത്തി ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നു. അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുള്ള രാജീവ് കുമാറിന്റെ ഹരജി രണ്ടു ദിവസം മുമ്പ് കൊല്‍ക്കത്ത ഹൈക്കോടതി തള്ളിയിരുന്നു.