രാജ്യത്ത് പെട്രോളിയം വിലയില്‍ വലിയ വര്‍ധനവിന് സാധ്യത

Posted on: September 17, 2019 12:48 pm | Last updated: September 17, 2019 at 4:34 pm

കൊച്ചി: സഊദിയിലെ എണ്ണ സംസ്‌കരണ കേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ വിലക്കയറ്റം ഇന്ത്യയിലും വലിയ രീതിയില്‍ പ്രതിഫലിക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് ആറു രൂപയെങ്കിലും കൂടുമെന്നാണ് കമ്പനികള്‍ പറയുന്നത്. 1991ലെ ഗള്‍ഫ് യുദ്ധകാലത്തിന് ശേഷമുള്ള വലിയ പ്രതിസന്ധിയാണ് പെട്രോളിയം വിപണിയില്‍ ഉണ്ടാകാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.

ക്രൂഡ് വില പത്ത് ശതമാനത്തിലധികം ഉയര്‍ന്നുനിന്നാല്‍ പമ്പുകളിലെ ചില്ലറവില കൂട്ടേണ്ടി വരുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം ചെയര്‍മാന്‍ എം കെ സുരാന അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സഊദിയിലെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ രണ്ട് സംസ്‌കരണ ശാലകള്‍ക്കു നേരെ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തിലാണ് എണ്ണവില കുതിച്ചുയര്‍ന്നത്. ബ്രെന്റ് ക്രൂഡിന്റെ യൂറോപ്പിലെ ഫ്യൂച്ചേഴ്‌സ് വില വീപ്പയ്ക്ക് 71.95 ഡോളറായാണ് തിങ്കളാഴ്ച ഉയര്‍ന്നത്. ഒറ്റയടിക്ക് 19 ശതമാനത്തിലേറെ വര്‍ധനയാണ് വിലയിലുണ്ടായത്.