ശ്രീറാം വെങ്കിട്ടരാമന് വീണ്ടും കുരുക്ക്; കട്ടപ്പന സ്വദേശിയുടെ ആത്മഹത്യക്ക് ഉത്തരവാദിയെന്ന്

Posted on: September 17, 2019 11:53 am | Last updated: September 17, 2019 at 4:15 pm

തിരുവനന്തപുരം: ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതില്‍ മനംനൊന്ത് കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി. കട്ടപ്പന സ്വദേശിയായ ശിവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അക്കാലത്ത് ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാമിനെതിരെ നടപടി വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ശിവന്റെ സഹോദര പുത്രനായ കെ ബി പ്രദീപ് ആണ് പരാതി നല്‍കിയത്.

വ്യാജ ആധാരമുണ്ടാക്കി ബന്ധുക്കള്‍ തന്റെ ഭൂമി കൈക്കലാക്കിയതായി ആരോപിച്ച് 2017ല്‍ അമ്മാവന്‍ ശ്രീറാമിന് പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ തയാറായില്ലെന്ന് പ്രദീപ് വ്യക്തമാക്കുന്നു. പിന്നീട് ശ്രീറാമിന്റെ ഓഫീസില്‍ വിവരാവകാശ പ്രകാരം അപേക്ഷയും നല്‍കി. എന്നാല്‍ പല തവണ ആവശ്യപ്പെട്ടിട്ടും പരാതിക്കാരന്‍ ഹാജരായില്ല എന്ന മറുപടിയാണ് ഓഫീസില്‍ നിന്നും ലഭിച്ചത്. ഇതുപക്ഷേ ശ്രീറാം വ്യാജമായി ഉണ്ടാക്കിയതാണെന്നും ശിവന്‍ പരാതി നല്‍കും മുമ്പു തന്നെ ഇയാള്‍ ഹാജരാകണമെന്ന് കാണിച്ച് ശ്രീറാം നോട്ടീസയച്ചതായും പ്രദീപിന്റെ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഭൂമി തട്ടിയെടുത്തവരെ സഹായിക്കുന്ന രൂപത്തിലുള്ള ശ്രീറാമിന്റെ നിലപാടില്‍ മനംനൊന്താണ് തന്റെ അമ്മാവന്‍ ആത്മഹത്യ ചെയ്തതെന്നും പ്രദീപ് ആരോപിക്കുന്നു.