Connect with us

Editorial

കുട്ടിക്കടത്തും ഉടുമുണ്ടഴിഞ്ഞ ആരോപകരും

Published

|

Last Updated

എന്തൊരു പുകിലായിരുന്നു അന്ന്. എന്തൊക്കെ പഴികളാണ് കേരളത്തിലെ യതീംഖാനാ നടത്തിപ്പുകാരും മുസ്‌ലിം സമൂഹവും കേള്‍ക്കേണ്ടി വന്നത്. മനുഷ്യക്കടത്ത് താവളങ്ങളായും അനാശാസ്യ കേന്ദ്രങ്ങളായും ഭീകരവാദ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളായും യതീംഖാനകളെ ആക്ഷേപിക്കപ്പെട്ടു. റമസാന്‍ അവധിക്കു ശേഷം കേരളത്തിലെ യതീംഖാനകളിലേക്കു പുറപ്പെട്ട ഇതര സംസ്ഥാനക്കാരായ വിദ്യാര്‍ഥികള്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഏതോ ദുഷ്ടബുദ്ധികളുടെ ദൃഷ്ടിയില്‍ പെട്ടതാണ് വിഷയത്തിന്റെ തുടക്കം. 616 കുട്ടികളാണ് ആ സംഘത്തിലുണ്ടായിരുന്നത്. അധ്യാപകരും ബന്ധുക്കളുമായി 43 മുതിര്‍ന്നവരും കൂടെയുണ്ട്. എവിടെ നിന്നാണ് വരുന്നതെന്നും ലക്ഷ്യം എതെന്നുമുള്ള റെയില്‍വേ പോലീസിന്റെ ചോദ്യത്തിന് കൂടെയുള്ളവര്‍ വ്യക്തമായ ഉത്തരം നല്‍കിയെങ്കിലും, മനുഷ്യക്കടത്തെന്നാരോപിച്ച് പോലീസ് കുട്ടികളെയും കൂടെയുണ്ടായിരുന്നവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവം മനുഷ്യക്കടത്താണെന്നു വരുത്തിത്തീര്‍ക്കാന്‍ അന്നത്തെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാനും പ്രത്യേക താത്പര്യമെടുത്തു. ചില മാധ്യമങ്ങളും വിഷയം ആളിക്കത്തിച്ചു. 2014 മെയിലായിരുന്നു സംഭവം.

ജില്ലാ ശിശുക്ഷേമ സമിതിയുമായി കൂടിയാലോചിക്കാതെയാണ് അന്ന് സമിതി ചെയര്‍മാന്‍ മനുഷ്യക്കടത്താണെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ശിശുക്ഷേമ സമിതി ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിയമങ്ങളും വ്യവസ്ഥകളും പാലിച്ചു പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളില്‍ വ്യാപകമായ പരിശോധനകളും റെയ്ഡും നടന്നു. അന്നത്തെ സംസ്ഥാന ആഭ്യന്തര മന്ത്രിയും സാമൂഹിക ക്ഷേമ മന്ത്രി എം കെ മുനീറും ഈ ആരോപണം ഏറ്റുപിടിച്ചു. മാതാ അമൃതാനന്ദമയിയുടെ സ്ഥാപനത്തിനെതിരെ അതിലെ അന്തേവാസികള്‍ തെളിവു സഹിതം പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ച സര്‍ക്കാര്‍, യതീംഖാനകള്‍ക്കെതിരെ പെട്ടെന്നു തന്നെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. മുസ്‌ലിം സമുദായത്തെ ലക്ഷ്യം വെച്ചുള്ള വലിയ ഒരു ഗൂഢാലോചനയായിരുന്നു ഇതത്രയും.

അന്ന് നടന്ന ഈ കുപ്രചാരണങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നതാണ് ഇതു സംബന്ധിച്ച് സുപ്രീം കോടതിയില്‍ നടന്നു വരുന്ന കേസില്‍ ബീഹാര്‍ സര്‍ക്കാര്‍ ഇപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. ഇത് മനുഷ്യക്കടത്തായിരുന്നില്ലെന്നും കേരളത്തിലെ യതീംഖാനകളിലേക്ക് രക്ഷിതാക്കള്‍ സൗജന്യ വിദ്യാഭ്യാസത്തിനായി അയച്ച കുട്ടികളെ പോലീസ് അകാരണമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ബീഹാറില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കേരളത്തിലടക്കം നടത്തിയ വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവം കുട്ടിക്കടത്തല്ലെന്ന് ബോധ്യമായതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ക്ക് യതീംഖാനാ ജീവനക്കാരില്‍ നിന്ന് മോശമായ പെരുമാറ്റമോ അവഹേളനമോ നേരിടേണ്ടി വന്നിട്ടില്ലെന്ന് പട്‌നയിലെ ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ബീഹാറില്‍ നിന്നുള്ള 112 കുട്ടികളും വിദ്യാഭ്യാസത്തിനാണ് കേരളത്തിലേക്ക് തിരിച്ചത്. രക്ഷിതാക്കളുടെ പൂര്‍ണ സമ്മതത്തോടെയായിരുന്നു ഇതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കുട്ടിക്കടത്ത് ആരോപിച്ചവര്‍ ഇപ്പോഴെന്ത് പറയുന്നുവെന്നറിയാന്‍ ജനത്തിനു താത്പര്യമുണ്ട്.
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ മുസ്‌ലിം സമൂഹത്തിന്റെ ദുരിതാവസ്ഥ ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി വരച്ചു കാണിച്ചിട്ടുണ്ട്.

നരകതുല്യമാണ് അവരുടെ ജീവിതം. ഒരു നേരം പോലും ഉണ്ണാന്‍ വകയില്ലാത്ത പരമ ദരിദ്രരാണ് ഏറിയ പങ്കും. അന്തിയുറങ്ങാന്‍ കൂരയില്ല. വെള്ളമില്ല, വൈദ്യുതിയില്ല. പഠിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ഈ ദൈന്യത കേട്ടറിഞ്ഞ കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളും യതീംഖാനകളും അവരെ ഏറ്റെടുത്തു വളര്‍ത്താന്‍ തയ്യാറായി. അങ്ങനെയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികള്‍ കേരളത്തിലെ യതീംഖാനകളില്‍ വന്നെത്തിയത്. അല്ലാതെ ആരും തട്ടിക്കൊണ്ടു വന്നതല്ല, ഇത് കുട്ടിക്കടത്തുമല്ല. അനാഥരും അശരണരുമായ കുട്ടികളെ ഉത്തമ പൗരന്മാരായി വാര്‍ത്തെടുക്കുന്ന ഉത്തമ ദൗത്യമാണ് മുസ്‌ലിം അനാഥാലയങ്ങള്‍ നിര്‍വഹിക്കുന്നത്. അതേസമയം, രാജ്യത്തെ മുസ്‌ലിംകള്‍ എന്നും റിക്ഷ വലിക്കുന്നവരും വെള്ളം കോരികളും പിന്നാക്കക്കാരുമായി തുടരണമെന്നും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉയരുകയോ ഭരണരംഗങ്ങളില്‍ എത്തിപ്പെടുകയോ ചെയ്യരുതെന്നും ആഗ്രഹിക്കുന്നവരാണ് സംഘ്പരിവാര്‍ സംഘടനകളും അകമേ കാവി ധരിച്ച ചില ഖദര്‍ ധാരികളും. ഇവരാണ് യതീംഖാനകള്‍ക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി വിട്ടതും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതും.
സാമൂഹിക പ്രവര്‍ത്തനത്തിന്റെ പേരില്‍ ബാല സദനങ്ങളും അഗതി മന്ദിരങ്ങളും സ്ഥാപിച്ച് സാമ്പത്തിക തട്ടിപ്പും ലൈംഗിക പീഡനവും നടത്തുന്നവരുണ്ട് കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും. ഉത്തര്‍ പ്രദേശിലെ ദിയോറിയ ജില്ലയില്‍ സര്‍ക്കാര്‍ ഫണ്ട് സ്വീകരിച്ചു പ്രവര്‍ത്തിക്കുന്ന വിന്ധ്യാ വാസിനി മഹിളാ ബാലിക സംരക്ഷണ്‍ ഗൃഹത്തിലെ അന്തേവാസികള്‍ കൂട്ടത്തോടെ ലൈംഗിക പീഡനത്തിനിരയായ വാര്‍ത്ത പുറത്തു വന്നതും കോഴിക്കോട് പുല്ലൂരാംപാറയിലെ ഒരു അഗതി മന്ദിരത്തിലെ അന്തേവാസികള്‍ പീഡനം സഹിക്കവയ്യാതെ ഒളിച്ചോടിയതും സമീപ കാലത്താണ്. സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന തൃപ്പൂണിത്തുറയിലെ യോഗാ സെന്ററിനെതിരെ അന്തേവാസികളടക്കം നിരവധി പേര്‍ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തു വന്നിരുന്നു. നടത്തിപ്പുകാര്‍ മുസ്‌ലിംകളല്ലാത്തതു കൊണ്ടായിരിക്കണം ഇവയൊന്നും വിവാദമാക്കാന്‍ ആരും രംഗത്തു വന്നില്ല.

ഏതായാലും മേല്‍ സംഭവവുമായി ബന്ധപ്പെട്ട് യതീംഖാനകള്‍ക്കും മുസ്‌ലിം സമൂഹത്തിനുമെതിരെ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ അഴിച്ചു വിടുകയും പഠിക്കാനായി കേരളത്തില്‍ വന്നിറങ്ങിയ നൂറുകണക്കിനു വിദ്യാര്‍ഥികളെ നിഷ്‌കരുണം അവരുടെ നാടുകളിലേക്ക് തിരിച്ചയക്കുക വഴി അവരുടെ ഭാവി തകര്‍ക്കുകയും ചെയ്തവര്‍ ആരായാലും പരസ്യമായി മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്.

Latest