പൗരത്വം തീര്‍പ്പാക്കേണ്ടത് ട്രൈബ്യൂണലുകളോ?

19 ലക്ഷത്തിലധികം ആളുകളെ പൗരത്വത്തിന് പുറത്തുനിര്‍ത്തി കഴിഞ്ഞ ആഗസ്റ്റ് 31നാണ് ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. 120 ദിവസത്തിനകം ഫോറിനേഴ്സ് ട്രൈബ്യൂണലിനെ സമീപിച്ച് തങ്ങളുടെ പൗരത്വം തെളിയിക്കുകയെന്നതാണ് രജിസ്റ്ററിന് പുറത്തായവര്‍ക്ക് മുമ്പിലുള്ള ഏക വഴി. എന്നാല്‍ പൗരത്വം ഒരു ട്രൈബ്യൂണലിന് തീര്‍പ്പു കല്‍പ്പിക്കാന്‍ അര്‍ഹതയുള്ള വിഷയമാണോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 323 ബി പ്രകാരം നിയമനിര്‍മാണ സഭക്കാണ് പ്രശ്ന പരിഹാരം സാധ്യമാക്കുന്നതിന് ട്രൈബ്യൂണല്‍ സ്ഥാപിക്കാനാകുക. ട്രൈബ്യൂണലിന്റെ പരിഗണനാ വിഷയങ്ങള്‍ അതേ അനുച്ഛേദത്തില്‍ തന്നെ വ്യക്തമായി പ്രതിപാദിക്കുന്നതില്‍ പൗരത്വം അത്തരമൊരു പ്രമേയമേ അല്ല. യാഥാര്‍ഥ്യം ഇതായിരിക്കെ ഫോറിനേഴ്സ് ട്രൈബ്യൂണലുകളുടെ ഭരണഘടനാ സാധുത തന്നെയും പരമോന്നത കോടതിയില്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണ്. പൗരത്വം ട്രൈബ്യൂണല്‍ വഴി തീരുമാനിക്കപ്പെടേണ്ടതാണെന്ന് കരുതിയാലും, ട്രൈബ്യൂണല്‍ സ്ഥാപിക്കപ്പെടേണ്ടത് നിയമനിര്‍മാണ സഭയില്‍ പാസ്സാക്കിയ ഒരു നിയമം മുഖേനയാണ്. ഫോറിനേഴ്സ് ട്രൈബ്യൂണല്‍ നിയമനിര്‍മാണ സഭയുടെ സൃഷ്ടിയല്ല. 1964ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഒരു എക്സിക്യൂട്ടീവ് ഓര്‍ഡറിന്റെ നൂല്‍ ബലത്തിലാണ് ഫോറിനേഴ്സ് ട്രൈബ്യൂണല്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.
Posted on: September 17, 2019 11:11 am | Last updated: September 17, 2019 at 11:12 am

കുടിയേറ്റവും അഭയാര്‍ഥി പലായനവും അന്തര്‍ ദേശീയ തലത്തില്‍ തന്നെ കുഴക്കുന്ന ഒരു സമസ്യയാണ്. നിയമങ്ങളുടെയും ദേശാതിര്‍ത്തികളുടെയും നിര്‍ണിത ചട്ടക്കൂടുകള്‍ക്കപ്പുറം വിശാലമായ മാനവിക ബോധത്തില്‍ നിന്നുകൊണ്ട് ലോക രാജ്യങ്ങളുടെ കൂട്ടായ ശ്രമത്താല്‍ പരിഹരിക്കപ്പെടേണ്ടതാണിത്. നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയവും സാമ്പത്തികവും വംശീയവുമായ താത്പര്യങ്ങള്‍ക്ക് മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ എടുത്തുപയോഗിക്കാവുന്ന ഒന്നായി കുടിയേറ്റം ഇന്ന് മാറിയിരിക്കുകയാണ്. ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളിലൊന്നായ അസാമിലെ കുടിയേറ്റം ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്തു തന്നെ സാമൂഹികവും രാഷ്ട്രീയവുമായ സംഘര്‍ഷങ്ങളുടെ ഉറവിടമായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ രൂപപ്പെടുത്തുന്ന അവസരത്തില്‍ അസാമിലെ കുടിയേറ്റ, പൗരത്വ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ പ്രത്യേക വകുപ്പ് വേണമെന്ന് ഭരണഘടനാ അസംബ്ലിയില്‍ ആവശ്യമുയര്‍ന്നു. തുടര്‍ന്ന് ദി ഇമിഗ്രന്റ്സ് (എക്‌സ്‌പെല്‍ഷന്‍ ഫ്രം അസാം) ആക്ട്, 1950ല്‍ പ്രാബല്യത്തില്‍ വന്നു. ഇന്ത്യയൊട്ടാകെ സാധുതയുള്ള ഒരു പൗരത്വ നയം കൊണ്ടുവരുന്നതിന്റെ അഞ്ചാണ്ട് മുമ്പാണിതെന്നോര്‍ക്കണം.

1951ല്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെന്‍സസ് നടന്നു. പ്രസ്തുത സെന്‍സസ് വഴി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ ആര്‍ സി) അന്ന് തയ്യാറാക്കിയത്. എന്‍ ആര്‍ സി പുതുക്കണമെന്ന പല തവണയായുള്ള ആവശ്യത്തിനൊടുവിലാണ് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ 2013 ഡിസംബറില്‍ ആരംഭിച്ച പ്രക്രിയ അതിന്റെ നിര്‍ണായക ഘട്ടത്തില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നത്. അതിര്‍ത്തി സംസ്ഥാനത്തിന്റെ മസ്തിഷ്‌കത്തില്‍ വിതക്കപ്പെട്ട വംശീയവും ന്യൂനപക്ഷ വിരുദ്ധവുമായ പൊതുബോധത്തിന്റെ നിരന്തര ആവശ്യം കൂടെയായിരുന്നു അസാമിലെ പൗരത്വ രജിസ്റ്റര്‍ പുതുക്കല്‍.
19 ലക്ഷത്തിലധികം ആളുകളെ പൗരത്വത്തിന് പുറത്തുനിര്‍ത്തി കഴിഞ്ഞ ആഗസ്റ്റ് 31നാണ് ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. 120 ദിവസത്തിനകം ഫോറിനേഴ്‌സ് ട്രൈബ്യൂണലിനെ സമീപിച്ച് തങ്ങളുടെ പൗരത്വം തെളിയിക്കുകയെന്നതാണ് രജിസ്റ്ററിന് പുറത്തായവര്‍ക്ക് മുമ്പിലുള്ള ഏക വഴി. എന്നാല്‍ പൗരത്വം ഒരു ട്രൈബ്യൂണലിന് തീര്‍പ്പു കല്‍പ്പിക്കാന്‍ അര്‍ഹതയുള്ള വിഷയമാണോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 323 ബി പ്രകാരം നിയമനിര്‍മാണ സഭക്കാണ് പ്രശ്‌ന പരിഹാരം സാധ്യമാക്കുന്നതിന് ട്രൈബ്യൂണല്‍ സ്ഥാപിക്കാനാകുക. ട്രൈബ്യൂണലിന്റെ പരിഗണനാ വിഷയങ്ങള്‍ അതേ അനുച്ഛേദത്തില്‍ തന്നെ വ്യക്തമായി പ്രതിപാദിക്കുന്നതില്‍ പൗരത്വം അത്തരമൊരു പ്രമേയമേ അല്ല. യാഥാര്‍ഥ്യം ഇതായിരിക്കെ ഫോറിനേഴ്‌സ് ട്രൈബ്യൂണലുകളുടെ ഭരണഘടനാ സാധുത തന്നെയും പരമോന്നത കോടതിയില്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണ്.

പൗരത്വം ട്രൈബ്യൂണല്‍ വഴി തീരുമാനിക്കപ്പെടേണ്ടതാണെന്ന് കരുതിയാലും, ട്രൈബ്യൂണല്‍ സ്ഥാപിക്കപ്പെടേണ്ടത് നിയമനിര്‍മാണ സഭയില്‍ പാസ്സാക്കിയ ഒരു നിയമം മുഖേനയാണ്. ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ നിയമനിര്‍മാണ സഭയുടെ സൃഷ്ടിയല്ല. 1964ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡറിന്റെ നൂല്‍ ബലത്തിലാണ് ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. അസാമില്‍ ഗുവാഹത്തി ഹൈക്കോടതിയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന, ഫോറിനേഴ്‌സ് ട്രൈബ്യൂണലുകളിലെ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് രീതി, കാലാവധി തുടങ്ങിയ കാര്യങ്ങളിലെല്ലാം എക്‌സിക്യൂട്ടീവിന്റെ സ്വാധീനം പ്രകടമാണ്. അങ്ങനെയെങ്കില്‍ പുതുതായി സ്ഥാപിക്കപ്പെടുന്ന ട്രൈബ്യൂണലുകളുടെ നിഷ്പക്ഷതയും സുതാര്യതയും നേര്‍ത്തുവരും എന്നുറപ്പാണ്. രാജ്യത്തിന്റെ മഹത്തായ ഭരണഘടനയുടെ ലക്ഷ്യങ്ങളെ ബലികഴിച്ച് തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ നേടിയെടുക്കുന്ന ഭരണകൂട രീതി നടപ്പു കാലത്തെ ഭരണകര്‍ത്താക്കളുടെ മാത്രം പ്രത്യേകതയല്ല. അടിയന്തരാവസ്ഥാ കാലത്തടക്കം രാജ്യത്തെ നിയന്ത്രിച്ചിരുന്ന സര്‍ക്കാറുകള്‍ ചെയ്തു വന്നതിന്റെ തുടര്‍ച്ചയാണിതും.

ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ അംഗങ്ങളില്‍ പലരും കൂടുതല്‍ “വിക്കറ്റെ’ടുക്കാന്‍ പ്രതിജ്ഞാബദ്ധരാണത്രെ. ഏറെപ്പേരെ വിദേശികളെന്ന് മുദ്രകുത്തി “കഴിവ്’ തെളിയിക്കാത്തതിന്റെ പേരില്‍ ട്രൈബ്യൂണലില്‍ നിന്ന് പലപ്പോഴായി ജഡ്ജിമാര്‍ പിരിച്ചുവിടപ്പെടുന്നുണ്ട്. ട്രൈബ്യൂണലുകള്‍ സ്ഥാപിക്കാനുള്ള അധികാരം എക്‌സിക്യൂട്ടീവിന് നല്‍കിയാലുള്ള ഭവിഷത്ത് 2011ലെ ശിവജി ഭഗവത് കേസില്‍ സുപ്രീം കോടതി കൃത്യമായി പറഞ്ഞതും അക്കാരണത്താലാകാം.
ഫോറിനേഴ്‌സ് ട്രൈബ്യൂണലുകളുടെ രൂപവത്കരണം മാത്രമല്ല, ജഡ്ജിമാരുടെ തിരഞ്ഞെടുപ്പും അവര്‍ സ്വീകരിക്കുന്ന നടപടി ക്രമങ്ങളുമൊക്കെ നീതിന്യായ സങ്കല്‍പ്പങ്ങളെ അസ്ഥാനത്താക്കുന്നതാണെന്ന് പറയാതെ വയ്യ. ട്രൈബ്യൂണല്‍ അംഗങ്ങളില്‍ പലര്‍ക്കും സാധാരണ കോടതികളില്‍ ജഡ്ജിയായി പ്രവര്‍ത്തിച്ചതിന്റെ പരിചയമില്ലെന്നതില്‍ തുടങ്ങി വിദേശിയാണെന്ന് സംശയിക്കപ്പെടുന്നയാള്‍ക്ക് നല്‍കുന്ന ഷോകോസ് നോട്ടീസിന്റെ നടപടിക്രമങ്ങളില്‍ പോലും ഏകീകൃത രൂപമില്ലെന്നതാണ് സത്യം. തോന്നിയ പടി പലതും നടക്കുമ്പോള്‍ ഇക്കാലമത്രയും തുടര്‍ന്നും കോടിക്കണക്കിന് മനുഷ്യര്‍ സുതാര്യമല്ലാത്ത ഒരു സംവിധാനത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവിലാണ് നാമെത്തിച്ചേരുന്നത്.

ജുഡീഷ്യല്‍ പരിചയമില്ലാത്ത ജഡ്ജിമാരെടുക്കുന്ന തെറ്റായ തീരുമാനങ്ങളുടെ അനന്തര ഫലം എന്തായിരിക്കും. തുടര്‍ന്നും നിയമ പോരാട്ടത്തിന് സാമ്പത്തികവും ശാരീരികവുമായ ശേഷിയില്ലാത്തവര്‍ ഡിറ്റന്‍ഷന്‍ സെന്ററുകളിലേക്ക് ആനയിക്കപ്പെടും. ഫോറിനേഴ്‌സ് ട്രൈബ്യൂണലിന്റെ വിധിക്കു മേല്‍ അപ്പീല്‍ നല്‍കാനുള്ള വകുപ്പില്ലെന്നിരിക്കെ ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്യാനാണ് അവസരമുള്ളത്. അപ്പോള്‍ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ എത്തിച്ചേര്‍ന്ന വിധിന്യായങ്ങളില്‍ പുനഃപരിശോധന നടത്താന്‍ ഹൈക്കോടതിക്ക് സാധിക്കില്ല. ട്രൈബ്യൂണലുകളുടെ വീഴ്ചയില്‍ മാത്രം അനേകം ജീവിതങ്ങള്‍ ഇതിനകം വിദേശിയെന്ന മുദ്ര ചാര്‍ത്തപ്പെട്ട് തടവ് കേന്ദ്രങ്ങളില്‍ യാതന അനുഭവിക്കുന്നുണ്ട്. പൗരത്വം തെളിയിക്കാനുള്ള വരിയില്‍ ട്രൈബ്യൂണലുകളുടെ കനിവും കാത്തിരിക്കുന്ന ഏറെപ്പേരുടെയും ഗതി ഇതല്ലാതെ മറ്റൊന്നാകാന്‍ തരമില്ല. ഭരണകൂട അജന്‍ഡകളുടെ നടത്തിപ്പുകാരായി ട്രൈബ്യൂണല്‍ അംഗങ്ങള്‍ വരാന്‍ പാകത്തില്‍ പക്ഷപാതിത്വം നിലനില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

ഭരണകൂട പ്രത്യയശാസ്ത്രത്തിന്റെ കലര്‍പ്പില്ലാത്ത മുസ‌്ലിം വിരോധത്തിന്റെ കേളീരംഗമാണ് എന്‍ ആര്‍ സിയും അനുബന്ധ ചര്‍ച്ചകളുമെല്ലാം. കേന്ദ്ര സര്‍ക്കാറിന്റെ പക്ഷപാതിത്വം നിറഞ്ഞ പൗരത്വ നയം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. മുസ്‌ലിംകളല്ലാത്തവര്‍ക്കെല്ലാം പൗരത്വം നല്‍കുമെന്ന് ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികള്‍ക്ക് പരസ്യമായി പറയാന്‍ മടിയേതുമില്ലാത്ത വിധം രാജ്യത്തെ അതിന്റെ ബഹുസ്വര മൂല്യങ്ങളില്‍ നിന്ന് കാതങ്ങളകലേക്ക് മാറ്റിനിര്‍ത്തിയിരിക്കുന്നു. സെക്യൂലറിസം എന്നത് മനംപിരട്ടുന്ന ആശയമായി അനുഭവപ്പെടുന്നവര്‍ക്ക് വിദ്വേഷത്തിന്റെ തടവറ തന്നെയാണ് അഭയം. എങ്കില്‍ നീതിക്കായി നിരന്തര ശബ്ദമുയര്‍ത്തി അത്തരം തടങ്കല്‍ പാളയങ്ങളിലേക്ക് വായുവും വെളിച്ചവും കടത്തിവിടാന്‍ പോന്ന പ്രതിഷേധമുഖം തുറക്കല്‍ നമ്മുടെ ബാധ്യതയാണ്. അതിനെ 20 ലക്ഷത്തോളം വരുന്ന മനുഷ്യരോടുള്ള മാനുഷികമായ ചേര്‍ന്നു നില്‍പ്പിന്റെ സംഗതി മാത്രമായി കാണേണ്ടതില്ല. അതിനപ്പുറം ഇന്ത്യയെന്ന ഉന്നതമായ ആശയം ലോകത്തിന് കൈമാറിയ സഹവര്‍ത്തിത്തത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും പാരമ്പര്യത്തെ വീണ്ടും ഉയര്‍ത്തിപ്പിടിക്കാനുള്ള ദൗത്യമായി ഏറ്റെടുക്കേണ്ട സന്ദര്‍ഭമാണിത്. അല്ലാത്തപക്ഷം ലോക സമൂഹത്തിന് മുമ്പില്‍ നാമൊക്കെയും ശിരസ്സു കുനിച്ചു നില്‍ക്കേണ്ടിവരും.