രക്ഷിക്കാം, രക്ഷാകവചത്തെ

ആഗോള താപനവും ഓസോൺ ശോഷണവും ആണവായുധങ്ങളുടെ ഉപയോഗവും ഭൂമിയുടെ നിലനിൽപ്പിനെ ഇല്ലാതാക്കുന്നു. ഇന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഓസോൺ ശോഷണം. ഓസോണിനെ സംരക്ഷിക്കാൻ വേണ്ടിയാണ് 1998 മുതൽ സെപ്തംബർ 16 ഐക്യരാഷ്ട്ര സഭ ഓസോൺ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. സെപ്തംബർ 16 ഓസോൺ ദിനം
Posted on: September 16, 2019 11:20 pm | Last updated: September 20, 2019 at 11:30 pm

മനുഷ്യന്റെ ഇടപെടലുകളും ചെയ്തികളും കാരണമായി ഭൂമിയുടെ കുടയായ ഓസോൺ പാളി നശിച്ചുകൊണ്ടിരിക്കുകയാണ്. ആഗോള താപനവും ഓസോൺ ശോഷണവും ആണവായുധങ്ങളുടെ ഉപയോഗവും ഭൂമിയുടെ നിലനിൽപ്പിനെ ഇല്ലാതാക്കുന്നു. ഇന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഓസോൺ ശോഷണം. ഓസോണിനെ സംരക്ഷിക്കാൻ വേണ്ടിയാണ് 1998 മുതൽ സെപ്തംബർ 16 ഐക്യരാഷ്ട്ര സഭ ഓസോൺ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഓസോൺ പാളിയെ സംരക്ഷിക്കാൻ ലോകരാഷ്ട്രങ്ങൾക്കിടയിൽ മോൺട്രിയൽ ഉടമ്പടിയിൽ 1987 സെപ്തംബർ 14ന് 24 രാജ്യങ്ങൾ പങ്കെടുത്തു. 197 രാജ്യങ്ങൾ ഇതിനകം ഒപ്പുവെച്ചു. 1992 സെപ്തംബർ 17ന് ഇന്ത്യയും ഈ ഉടമ്പടിയിൽ ഒപ്പുവെച്ചു.

ജോയ് ഫാർമാൻ
ഓസോൺ ശോഷണം
രൂപപ്പെടുന്നത്

2000 ത്തിന് ശേഷം വിവിധ ഉപഗ്രഹങ്ങളുടെയും ബലൂൺ നിരീക്ഷണത്തിന്റെയും ഫലമായി ചില പ്രത്യേക സമയങ്ങളിൽ, പ്രത്യേക സ്ഥലത്ത് വലിയ വിള്ളലുകൾ രൂപപ്പെടുന്നു എന്നാണ് ശാസ്ത്രം വ്യക്തമാക്കുന്നത്. അന്റാർട്ടിക്കക്ക് മുകളിലുണ്ടാകുന്ന ധ്രുവനീർച്ചുഴി എന്ന വൃത്താകൃതിയിലുള്ള ശക്തമായ കാറ്റിന്റെ ഫലമായി പോളാർ സ്ട്രാറ്റോസ്ഫിയറിലേക്ക് മേഘങ്ങൾ രൂപപ്പെടുന്നു. മാത്രമല്ല, അന്തരീക്ഷത്തിലെ ക്ലോറോ ഫറോ കാർബൺ, വസന്തകാലത്ത് അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യത്തിൽ ക്ലോറിനും ബ്ലോമ്രിനുമൊക്കയായി വിഘടിക്കുകയും ചെയ്യുന്നു. 2006ൽ 29.5 ലക്ഷം വിസ്തൃതിയിൽ ഓസോൺ തുള രൂപപ്പെട്ടത് ലോക ജനതയെ ഞെട്ടിച്ചിരിക്കുകയാണ്.
ഏകദേശം വടക്കേ അമേരിക്കയുടെ വലിപ്പം ഉണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനങ്ങൾ വ്യക്തമാക്കുന്നത്. ഓരോ വർഷവും നാല് ശതമാനം ഓസോൺ ശോഷണം സംഭവിക്കുന്നുവെന്നതാണ് വിലയിരുത്തൽ. ഓസോൺ പാളിക്ക് ശോഷണം സംഭവിച്ചാൽ മനുഷ്യൻ നിർമിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗമാണ് ഓസോൺ പാളിയെ ഇല്ലായ്മ ചെയ്യുന്നത്. ഇതിൽ പ്രധാന രാസവസ്തുക്കളായ വില്ലൺ സി എഫ് സികളാണ് ഓസോൺ പാളിക്ക് ക്ഷതം വരുത്തുന്നത്. ഓസോണിന്റെ സാന്ദ്രത കുറയുകയും ശക്തമായി അൾട്രാവയലറ്റ് രശ്മികൾ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

ജി എം ബി ഡോബ്‌സൺ
വിള്ളലുകൾ

ഓസോൺ പാളിയിൽ വിള്ളൽ കണ്ടെത്തി വർഷങ്ങൾ കഴിഞ്ഞിരിക്കുകയാണ്. ഓസോണിന്റെ ആദ്യ വിള്ളൽ കണ്ടെത്തിയത് അന്റാർട്ടിക്കയിലാണ്. ബ്രിട്ടീഷ് അന്റാർട്ടിക് സർവേയിലെ ശാസ്ത്രജ്ഞന്മാരായ ജോയ് ഫാർമാൻ, ബിയാൻ ഗാർഡിനർ, ജോനാതൻ ഫാങ്ക്‌ലിൻ എന്നിവരാണ് കണ്ടെത്തിയത്. ആതുരമായ വർത്തമാനകാലത്ത് ലാഭം മാത്രം എന്തിനും മാനദണ്ഡമായി മാറുന്ന ലോകത്ത്, മനുഷ്യർ ഭൂമി എന്ന മാതാവിന്റെ മാറ് പിളർന്ന് ചോരയും നീരും ഊറ്റി കുടിക്കുകയാണ്. മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം അസ്ഥിരമായി രൂപപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അതിന്റെ സ്ഥിരത കൈവരിക്കാൻ നാം എല്ലാവരും പ്രവർത്തിക്കേണ്ടതുണ്ട്.

ഓസോൺ പാളി എന്നാൽ…

നൈട്രജൻ, ഓക്‌സിജൻ, ആർഗൺ, കാർബൺഡൈ ഓക്‌സൈഡ്, ഹീലിയം, ക്രിപ്‌റ്റോൺ, ഹൈഡ്രജൻ, മീഥേൻ, നൈട്രിക് ഓക്‌സൈഡ് തുടങ്ങി ധാരാളം സംയുക്തങ്ങളുടെ കലവറയായാണ് ഭൂമി നിലകൊള്ളുന്നത്. 78% നൈട്രജനും 21% ഓക്‌സിജനും കഴിച്ച് ബാക്കി ഒരു ശതമാനം മാത്രമാണ് മറ്റു വാതകങ്ങളുള്ളത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ട്രോപ്പോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മിസോസ്ഫിയർ, തെർമോസ്ഫിയർ എന്നിങ്ങനെ നാല് ഭാഗങ്ങളായി ഭൗമാന്തരീക്ഷത്തെ വേർതിരിച്ചിരിക്കുകയാണ്. ഭൗമാന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോൺ പാളി നിലകൊള്ളുന്നത്. ഏകദേശം 25 കീ. മീ. മുതൽ 50 കി. മീ. വരെയാണ് ഇതിന്റെ വിസ്തൃതി. ഈ ഭാഗം ഓസോണോസ്ഫിയർ എന്ന പേരിലും അറിയപ്പെടുന്നു. മൂന്ന് ഓക്‌സിജൻ തന്മാത്രകൾ കൂടിച്ചേർന്നാണ് ഓസോൺ രൂപപ്പെടുന്നത്.

സക്രിയവും അസ്ഥിരവുമായ വാതകമാണിത്. സ്വിറ്റ്‌സർലാന്റിലെ ബേസൽ സർവകശാലയിലെ പ്രൊഫസറായിരുന്ന ക്രിസ്ത്യൻ ഫ്രീഡിച്ച് ജോൺ ബെയ്ൺ എന്ന ജർമൻ ശാസ്ത്രജ്ഞനാണ് വാസനയുള്ളത് എന്ന അർഥം വരുന്ന ഓസോൺ എന്ന ശാസ്ത്രനാമം നൽകിയത്. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജി എം ബി ഡോബ്‌സൺ ഓസോണിന്റെ ഘടനയേയും അത് നിലകൊള്ളുന്ന പാളിയേയും മനസ്സിലാക്കി. അതിനെ തുടർന്ന് ഓസോണിനെ അളക്കാൻ വേണ്ടി സ്‌പെക്‌ട്രോ ഫോട്ടോമീറ്റർ എന്ന ഉപകരണത്തെ വികസിപ്പിച്ചെടുത്തു. ഭൂമിയിലുള്ള എല്ലാ ജീവികൾക്കും ഹാനികരമായ അൽട്രാവയലറ്റ് രശ്മികളെ ഓസോൺ പാളി ആഗിരണം ചെയ്യുന്നതാണ് ഓസോൺ നൽകുന്ന ഏറ്റവും വലിയ സുരക്ഷ.