പ്രളയ നഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി; 2100 കോടി സഹായം ആവശ്യപ്പെട്ട് കേരളം

Posted on: September 16, 2019 10:46 pm | Last updated: September 17, 2019 at 11:26 am

കൊച്ചി: ഈ വര്‍ഷം ആഗസ്റ്റിലുണ്ടായ പ്രളയത്തിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തി സംസ്ഥാനത്തിന് സഹായം അനുവദിക്കാനായി കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള പ്രത്യേക പ്രതിനിധി സംഘം കൊച്ചിയിലെത്തി. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൊച്ചിയിലെത്തിയിട്ടുള്ളത്.

കേന്ദ്രസംഘത്തിന് സംസ്ഥാന സര്‍ക്കാര്‍ നിവേദനം കൈമാറി. 2100 കോടി രൂപയുടെ പ്രളയസഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ ഡോ:വി വേണുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പ്രതിനിധി സംഘത്തിന് നിവേദനം നല്‍കിയത്. കേന്ദ്ര മാനദണ്ഡ പ്രകാരം തയ്യാറാക്കിയ കണക്കുകള്‍ അനുസരിച്ച് 2101.9 കോടി രൂപയുടെ നാശനഷ്ടം കേരളത്തിലുണ്ടായെന്ന് നിവേദനത്തില്‍ പറയുന്നു.

പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനായി ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നി ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര സംഘം നാളെ മലപ്പുറത്തേക്കാണ് ആദ്യം പോകുന്നത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിന് ശേഷം 20 ന് തിരുവന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയനേയും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനേയും സന്ദര്‍ശിച്ച് കേന്ദ്രസംഘം മടങ്ങും.