രാജ്യത്തെ സാമ്പത്തിക തകര്‍ച്ചക്ക് കാരണം സുപ്രീം കോടതി വിധികള്‍; പുതിയ വാദമുഖങ്ങളുമായി ഹരീഷ് സാല്‍വെ

Posted on: September 16, 2019 9:54 pm | Last updated: September 17, 2019 at 11:25 am

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക തകര്‍ച്ചക്ക് കാരണം സുപ്രീം കോടതിയുടെ ചില വിധികളാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. നിയമവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ‘ദ് ലീഫ്‌ലെറ്റ്’ എന്ന മാധ്യമത്തിനായി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് നടത്തിയ അഭിമുഖത്തിലാണു സാല്‍വെയുടെ ആരോപണം.

ടുജി സ്‌പെക്ട്രം കേസില്‍ 2012ല്‍ സുപ്രീം കോടതിയുടെ വിധിപ്രഖ്യാപിച്ചതിന് പിറകെയാണ് സാമ്പത്തിക തകര്‍ച്ച തുടങ്ങുന്നതെന്ന് സാല്‍വെ പറഞ്ഞു. ഒറ്റയടിക്ക് 122 സ്‌പെക്ട്രം ലൈസന്‍സുകളാണു റദ്ദാക്കിയത്. ഇതു രാജ്യത്തിന്റെ ടെലികോം വ്യവസായം തകര്‍ത്തു. സുപ്രീം കോടതി തന്നെയാണ് ഇതിന് ഉത്തരവാദി. ടുജി ലൈസന്‍സുകള്‍ അനധികൃതമായി നേടിയവരുണ്ടാകാം. ലൈസന്‍സ് ഒന്നടങ്കം റദ്ദാക്കിയപ്പോള്‍ നിക്ഷേപം നടത്തിയ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നഷ്ടമുണ്ടായി.

ഇന്ത്യന്‍ പങ്കാളിയുണ്ടെങ്കില്‍ മാത്രമേ വിദേശികള്‍ക്കു നിക്ഷേപം നടത്താനാകൂ എന്നാണു നിയമം. ഇന്ത്യന്‍ പങ്കാളിക്ക് എങ്ങനെയാണു ലൈസന്‍സ് കിട്ടിയതെന്നത് വിദേശനിക്ഷേപകര്‍ക്ക് അറിയണമെന്നില്ല. കോടിക്കണക്കിനു ഡോളറാണു വിദേശികള്‍ ഇവിടെ നിക്ഷേപിച്ചത്. പേനയെടുത്തു സുപ്രീംകോടതി ഒറ്റവെട്ട് വെട്ടിയപ്പോള്‍ അതെല്ലാം ഇല്ലാതായി. അന്നു തൊട്ടാണു സമ്പദ്‌രംഗത്തിന്റെ തകര്‍ച്ച തുടങ്ങിയതെന്നും
സാല്‍വെ അഭിമുഖത്തില്‍ പറയുന്നു.

വാണിജ്യപരമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുപ്രീംകോടതിക്കു സ്ഥിരതയില്ലാത്തതു നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി. സമാനമായ തരത്തിലാണ് കല്‍ക്കരി ഖനി അഴിമതി കേസിലും സുപ്രീം കോടതി ഇടപെട്ടത്. ഓരോ കേസിലെയും പരിഗണനാ വിഷയങ്ങള്‍ പരിശോധിക്കാതെ ഒറ്റയടിക്കു സകല അനുമതികളും റദ്ദാക്കി. കല്‍ക്കരി വ്യവസായത്തിലെ വിദേശ നിക്ഷേപം നഷ്ടപ്പെട്ടു. ഇതോടെ ഇന്തൊനീഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിയമങ്ങള്‍ ലളിതമാക്കി നിക്ഷേപകരെ അവിടേക്ക് ആകര്‍ഷിച്ചു.
ജോലിയില്ലാതെ ലക്ഷക്കണക്കിനു മനുഷ്യരാണു രാജ്യത്തുള്ളത്. ഇന്ത്യയിലെ കല്‍ക്കരി ഖനികള്‍ പലതും അടഞ്ഞു കിടക്കുകയാണ്. നമ്മള്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുകയാണ്. ഗോവയിലെ ഇരുമ്പയിര് ഖനനത്തിനുള്ള അനുമതി സുപ്രീംകോടതി റദ്ദാക്കിയതും മണ്ടത്തരമാണ്. പ്രതിമാസം ഖനന മേഖലയില്‍നിന്നു കിട്ടേണ്ട 1500 കോടിയോളം രൂപയാണു സംസ്ഥാനത്തിനു നഷ്ടപ്പെട്ടതെന്നും അഭിമുഖത്തില്‍ സാല്‍വെ തുടര്‍ന്ന് പറയുന്നുണ്ട്.