മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ 13 കമ്പനികള്‍ രംഗത്ത് ; അടിസ്ഥാന ചിലവ് 30 കോടി

Posted on: September 16, 2019 9:34 pm | Last updated: September 17, 2019 at 11:26 am

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് 13 കമ്പനികള്‍ രംഗത്ത്. മരട് നഗരസഭയാണ് ഇക്കാര്യം അറിയിച്ചത്. ഫഌറ്റുകള്‍ പൊളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് അപേക്ഷ നല്‍കിയ 13 കമ്പനികളും കേരളത്തിന് പുറത്തുനിന്നുള്ളതാണ്. ഇതില്‍ നിന്ന് ഒരു കമ്പനിയെ വിദഗ്ധ സംഘം തീരുമാനിക്കും. ചെന്നൈ, ഹൈദരാബാദ്, ബെംഗളുരു എന്നിവിടങ്ങളില്‍നിന്നുള്ള കമ്പനികളാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

തീരദേശ പരിപാലന നിയമം ലംഘിച്ച ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതോടെയാണ് ഇവ പൊളിക്കാന്‍ നഗരസഭ കമ്പനികളെ ക്ഷണിച്ചത്. അഞ്ച് ഫ് ളാറ്റുകള്‍ പൊളിക്കാനായി 30 കോടി രൂപയാണ് അടിസ്ഥാന ചിലവായി കണക്കാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കമ്പനിയെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. കോടിക്കണക്കിന് രൂപ ചിലവഴിച്ച് പൊളിക്കല്‍ നടപടികളുമായി മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് നഗരസഭ. ഒഴിഞ്ഞുപോകുന്നവരെ എവിടെ മാറ്റിപാര്‍പ്പിക്കും എന്നതില്‍ ആശയക്കുഴപ്പം തുടരുകയാണ്. നിലവില്‍ ഒരു ഫ്‌ളാറ്റില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുപോയിട്ടില്ല.