യാത്രകളെ സ്‌നേഹിച്ച കൂട്ടുകാരാ വിട; മലയാളിയുടെ കുറിപ്പ്

Posted on: September 16, 2019 9:03 pm | Last updated: September 16, 2019 at 9:03 pm

ദുബൈ: ‘യാത്രകളെ സ്‌നേഹിച്ച പ്രിയ സുഹൃത്തേ, അവസാന യാത്രയില്‍ ഒരു വാക്ക് പറയാതെയാണല്ലോ പൊയ്ക്കളഞ്ഞത്…?’ ഒമാനിലെ സലാലയില്‍ റോഡപകടത്തില്‍ മരിച്ച സഹപ്രവര്‍ത്തകന്റെ ദുഃഖത്തില്‍ മലയാളി യുവാവിന്റെ കുറിപ്പ് ശ്രദ്ധേയമായി. ദുബൈയില്‍ ഐ ടി മേഖലയില്‍ ജോലി ചെയ്തിരുന്ന ഹൈദരാബാദ് സ്വദേശി ഗൗസുല്ല ഖാന്‍, ഭാര്യ ആയിശ സിദ്ദീഖി, മകന്‍ ഹംസ സിദ്ദീഖി എന്നിവരാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്. സാരമായ പരുക്കേറ്റ മകള്‍ ഹാനിയ സിദ്ദീഖി സലാലയിലെ ആശുപത്രിയില്‍ ഗുരുതര നിലയില്‍ കഴിയുന്നു.

ഗൗസുല്ല ഖാന്‍ ജോലി ചെയ്യുന്ന ഓഫീസില്‍ തൊട്ടടുത്തിരുന്ന് ജോലി ചെയ്തിരുന്ന ആലപ്പുഴ ചെങ്ങന്നൂര്‍ കൊല്ലക്കടവ് സ്വദേശി ഗീവര്‍ഗീസ് ഫിലിപ്പ് മലയിലാണ് യാത്രാമൊഴി പോലും പറയാതെ പോയ സുഹൃത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്നത്. തന്നെപ്പോലെ ഓഫീസിലെ ഇതര സഹപ്രവര്‍ത്തകരും ഗൗസുല്ല ഖാന്റെ വിയോഗത്തില്‍ ഏറെ ദുഃഖിതരാണെന്ന് ഗീവര്‍ഗീസ് ഫിലിപ്പ് പറഞ്ഞു.
‘നാലര വര്‍ഷം മുന്‍പാണ് ഗൗസുല്ല ഖാന്‍ ഞങ്ങളുടെ ഓഫീസില്‍ ജോലിക്കെത്തിയത്. ഞങ്ങള്‍ ഇരുവരും അടുത്തടുത്തിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം ആകുന്നതേയുള്ളൂ. എന്നാല്‍ തമ്മില്‍ സൗഹൃദത്തിലാകാന്‍ ഏറെ നാളുകള്‍ വേണ്ടിവന്നില്ല. വളരെ സൗമ്യനും മുഖത്ത് എപ്പോഴും പുഞ്ചിരി സൂക്ഷിക്കുന്ന വ്യക്തിയുമായിരുന്നു ഗൗസുല്ല. അദ്ദേഹം ദീര്‍ഘദൂര യാത്രകളെ വളരെ ഇഷ്ടപ്പെട്ടിരുന്നു. പലപ്പോഴും ഒറ്റക്ക് യാത്ര പോകുമായിരുന്നു. യാത്ര പുറപ്പെടുമ്പോഴും വന്നാല്‍ അതിന്റെ വിശേഷങ്ങളും പറയാന്‍ അവന് തിടുക്കമായിരുന്നെങ്കിലും ഒറ്റക്കുള്ള ഈ യാത്രകളിലെ സാഹസികതയെക്കുറിച്ച് പറഞ്ഞ് അങ്ങനെ ചെയ്യരുതെന്ന് വിലക്കുമായിരുന്നു.

എന്നാല്‍, ഒരാഴ്ച അവധിയിലായതിനാല്‍ അവസാന യാത്രയെക്കുറിച്ച് പറഞ്ഞിരുന്നില്ല. ഒടുവില്‍ അവനും കുടുംബവും എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞു എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് സങ്കടം സഹിക്കാന്‍ പറ്റുന്നില്ല. അവന്റെ പ്രിയ പുത്രി മാത്രം രക്ഷപ്പെട്ടിരിക്കുന്നു. പ്രിയപ്പെട്ട മാതാപിതാക്കളും കുഞ്ഞനിയനും തന്നെ വിട്ടുപോയതറിയാതെ ഗുരുതര നിലയില്‍ ചികിത്സയില്‍ കഴിയുന്ന ആ പൊന്നുമോള്‍ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ എന്നാണ് ഞങ്ങളുടെ പ്രാര്‍ഥന”- ഗീവര്‍ഗീസ് കുറിച്ചു.