Connect with us

Gulf

ബിന്‍ സുഖാത്ത് സെന്ററില്‍ വിസ സ്റ്റാമ്പിംഗിന് മാത്രമായുള്ള ഓഫീസ്

Published

|

Last Updated

ദുബൈ: അടിയന്തര- റസിഡന്റ് വിസ സ്റ്റാമ്പിംഗിന് മാത്രമുള്ള ഓഫീസായി ദുബൈയിലെ ബിന്‍ സുഖാത്ത് സെന്ററിലെ ജി ഡി ആര്‍ എഫ് എ ഹാപ്പിനസ് സെന്ററിനെ നിജപ്പെടുത്തിയെന്ന് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്റ്‌സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു. ഇവിടെ വകുപ്പിന്റെ വിവിധ സേവനങ്ങള്‍ നല്‍കി വന്നിരുന്നു. എന്നാല്‍ അടിയന്തരമായി വിസാ സ്റ്റാമ്പ് ചെയ്യാനുള്ള ഉപഭോക്താക്കളുടെ വര്‍ധിച്ച എണ്ണം കണക്കിലെടുത്താണ് ഈ ഓഫീസ് പാസ്‌പോര്‍ട്ടില്‍ വിസ അടിക്കാനുള്ളവര്‍ക്ക് മാത്രമാക്കിയത്. ഈ ഓഫീസ് സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് വേഗത്തിലും സൗകര്യപ്രദമായും സന്തോഷകരമായ സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ കഴിയുമെന്ന് അധിക്യതര്‍ അറിയിച്ചു. വിസ അപേക്ഷക്ക് ടൈപ്പ് ചെയ്യുമ്പോള്‍ അര്‍ജന്റ് കാറ്റഗറിയില്‍ അപേക്ഷിച്ചവര്‍ക്കാണ് ഇവിടെ നിന്ന് സേവനം ലഭിക്കുക. മറ്റിതര സേവനങ്ങള്‍ക്കായി ഈ ഓഫീസിനെ ആശ്രയിക്കുന്നവര്‍ വകുപ്പിന്റെ അടുത്തുള്ള സെന്ററില്‍ നിന്നോ ജി ഡി ആര്‍ എഫ് എ ദുബൈയുടെ മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്നോ സേവനങ്ങള്‍ തോടാവുന്നതാണെന്നും വകുപ്പ് അറിയിച്ചു.

ജി ഡി ആര്‍ എഫ് എ ദുബൈയുടെ വിസാ സേവനങ്ങളില്‍ മിക്കതും ഓഫീസുകള്‍ സന്ദര്‍ശിക്കാതെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭ്യമാവുന്നവയാണ്. ഇത്തരത്തില്‍ പാസ്പോര്‍ട്ടില്‍ വിസാ പതിപ്പിക്കുന്നതും ഓഫീസ് സന്ദര്‍ശിക്കാതെ സേവനം ലഭ്യവാവുന്നതാണ്. ആമര്‍ സെന്ററില്‍ നിന്ന് റസിഡന്റ് വിസക്ക് ടൈപ്പ് ചെയ്തതിന് ശേഷം സ്റ്റാമ്പിംഗിനായി സാജില്‍ കൊറിയര്‍ ജീവനക്കാര്‍ ഉപഭോക്താക്കള്‍ക്ക് അരികിലെത്തി പാസ്‌പോര്‍ട്ട് കൈപ്പറ്റി തുടര്‍ന്ന് വിസ അടിച്ചു തിരിച്ചേല്‍പ്പിക്കുന്ന നടപടിയാണ് ഇത്. നടപടിക്ക് നിശ്ചിത ദിവസത്തെ ഓഫീസ് പ്രവര്‍ത്തന സമയവും ആവശ്യമുണ്ട്. എന്നാല്‍ എമര്‍ജന്‍സി ഘട്ടങ്ങളില്‍ ഓഫീസില്‍ നേരിട്ട് ചെന്ന് പാസ്‌പോര്‍ട്ടില്‍ വിസ അടിക്കാനുള്ള സൗകര്യമാണ് ബിന്‍ സുഖാത്ത് സെന്റര്‍ പോലെയുള്ള ജി ഡി ആര്‍ എഫ് എ ഹാപ്പിനസ് സെന്ററുകള്‍ മുഖേന ലഭ്യമാകുന്നത്.
എമിഗ്രേഷന്‍ വിഭാഗത്തിലേക്ക് വിസക്ക് അപേക്ഷിക്കുമ്പോള്‍ തുടര്‍ നടപടിയുടെ ഓരോ സ്റ്റാറ്റസും ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറിലേക്ക് വകുപ്പ് എസ് എം എസ് വഴി അറിയിക്കുന്നതാണ്. അതിനാല്‍ തന്നെ അപേക്ഷയുടെ നടപടിക്രമങ്ങള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് കൃത്യമായി അറിയാന്‍ സാധിക്കും. അത്തരം ഘട്ടങ്ങളില്‍ തന്നെ വല്ല രേഖകളുടെ അഭാവവും അതിന്റെ നടപടിക്രമവും മൊബൈലിലേക്ക് സന്ദേശമായി എത്തും.
റസിഡന്റ് വിസയുടെ കാലാവധി കഴിഞ്ഞത് മുതല്‍ ഒരു മാസം വരെ അതിന് പിഴ ഉണ്ടാകുന്നതല്ല. അതിന് ശേഷം വരുന്ന ഓരോ ദിവസത്തിനും 25 ദിര്‍ഹമാണ് പിഴ അടക്കേണ്ടത്. അത്തരത്തിലുള്ള പിഴ തുടര്‍ന്ന് വന്ന് 6 മാസം കഴിഞ്ഞാല്‍ പിഴയുടെ സംഖ്യ പാതിമടങ്ങ് വര്‍ധിക്കുന്നതാണ്. താമസക്കാര്‍ അവരുടെ വിസാ കാലാവധിക്ക് കാത്തുനില്‍ക്കാതെ വിസ സാധൂകരിക്കുന്ന രീതിയില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു