Connect with us

Travelogue

ഇന്ദ്രപ്രസ്ഥത്തിന്റെ ചരിത്ര വീഥിയിലൂടെ

Published

|

Last Updated

വർഷം 1997. ബി എഡിന് പഠിക്കുമ്പോഴാണ് സംസ്‌കൃത സർവകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിൽ നിന്ന് ഇന്ദ്രപ്രസ്ഥത്തിലേക്ക് വിനോദയാത്രക്ക് അവസരം ലഭിച്ചത്. വിദ്യാർഥികളായതിനാൽ ട്രെയിനിൽ പകുതി നിരക്ക് മതി (ഞാനുൾപ്പെടെ ചിലരൊക്കെ വിവാഹിതരും കുട്ടികളുള്ള “കുട്ടികളു”മായിരുന്നുവെന്നത് വേറെ കാര്യം). ഞങ്ങളുടെ മലയാളം അധ്യാപകനായ ബാലകൃഷ്ണൻ കണ്ടമ്പേത്തിന്റെ പരിചയവും സൗഹൃദങ്ങളും ഡൽഹി യാത്രയിൽ പ്രയോജനപ്രദമായി. വസന്ത് വിഹാറിലെ ചിൻമയാ സ്‌കൂളിൽ കുറഞ്ഞ നിരക്കിൽ താമസം തരപ്പെട്ടതങ്ങനെയാണ്.

ചരിത്രഗന്ധിയായ ഡൽഹി

സഫ്ദർ ജംഗ്ഷൻ മസ്ജിദിൽ നിന്നാണ് ഞങ്ങളുടെ ഡൽഹി സന്ദർശനം ആരംഭിച്ചത്. മുഗൾ ശിൽപ്പകലയുടെ അവസാന മാതൃകയായ ഹുമയൂൺ ടോമ്പ്, റെഡ് ഫോർട്ട്, ലാഹോർ ഗേറ്റ്, ലാൽകിയ… തുടങ്ങി ചരിത്രത്തിൽ പഠിച്ച പലതും നേരിൽ കണ്ടു.

നെഹ്‌റുവിന്റെ സമാധിസ്ഥലമായ ശാന്തിവനത്തിൽ നിന്ന് തുടിക്കുന്ന ഓർമകൾ ബാക്കി നിർത്തി സമാധിസ്ഥലങ്ങളിലൂടെയുള്ള യാത്ര. ശാന്തിവനത്തിന് പിറകിൽ സഞ്ജയ് സമാധി. അതിനടുത്തായി ഇന്ദിരാ ഗാന്ധിയുടെ സ്മരണകളുമായി “ശക്തി സ്ഥൽ”, രാജീവ് ഗാന്ധിയുടെ സമാധി സ്ഥലമായ “വീർഭൂമി” എന്നിവ സന്ദർശിച്ച ശേഷമാണ് മഹാത്മജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലെത്തിയത്. രജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും ജീവൻ സമർപ്പിച്ച അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ ഒരു നിമിഷം മൗനമായി നിന്നു.
ലോട്ടസ് ടെമ്പിളിലേക്കാണ് പിന്നെ പോയത്. തണുത്ത നിശ്ശബ്ദത നിറഞ്ഞു നിൽക്കുന്ന താമരയുടെ ആകൃതിയിൽ പണിത ബഹായികളുടെ ആരാധനാ കേന്ദ്രത്തിന്റെ നിർമിതി അത്ഭുതത്തോടെ നോക്കിക്കണ്ടു. അകത്ത് പല ഭാഗങ്ങളിലായി ബഹായി സൂക്തങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. ചരിത്രത്തിന്റെ അത്ഭുത സ്മാരകങ്ങളായി നിൽക്കുന്ന കുത്തബ് മീനാറും അതിനടുത്ത് തന്നെ അപൂർണമായി നിൽക്കുന്ന അലൈ മീനാറും സന്ദർശിച്ചു. കുത്തബ് മീനാറിനെ വെല്ലുന്ന ഒരു സ്മാരകം നിർമിക്കാനുള്ള ആഗ്രഹത്തോടെ അലാവുദ്ദീൻ ഖിൽജിയാണ് അലൈ മീനാർ നിർമിക്കാൻ തുടങ്ങിയത്. പക്ഷേ, പണി തീരും മുമ്പ് അലാവുദ്ദീൻ ഖിൽജി മരിച്ചതിനാൽ അലൈ മിനാർ ഇന്നും ഒരു അപൂർണ സ്വപ്‌നത്തിന്റെ ബാക്കിപത്രമായി സന്ദർശകരെ ആകർഷിക്കുന്നു.

ഇന്ദിരാ ഗാന്ധി താമസിച്ചിരുന്ന വീട് സന്ദർശിച്ചപ്പോൾ മനസ്സിൽ നൊമ്പരം നിറഞ്ഞു. മകളുടെ വിവാഹത്തിന് പിതാവ് നെഹ്‌റു നെയ്തുകൊടുത്ത സാരി മുതൽ അവസാനമായി ധരിച്ചിരുന്ന വെടിയുണ്ടകളേറ്റ് പലയിടത്തും ദ്വാരങ്ങൾ വീണ സാരി വരെ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ദിരാജി ജയിലിൽ വെച്ച് ഉപയോഗിച്ച വസ്തുക്കൾ, ചെരുപ്പ്, കണ്ണട പലപ്പോഴായി വന്ന പത്ര വാർത്തകൾ… ആ ഹാളിലെ ഓരോ മുറിയിലും പ്രിയദർശിനി നിറഞ്ഞു നിൽക്കുന്നു… അതിനടുത്ത മുറി മകൻ രാജീവ് ഉപയോഗിച്ചിരുന്നതാണ്. പൈലറ്റായിരുന്നപ്പൊഴും പ്രധാനമന്ത്രി ആയിരുപ്പോഴുമുള്ള വിവിധ ചിത്രങ്ങൾ അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയായിരുന്ന രാജീവ് ഗാന്ധി പലപ്പോഴായി എടുത്ത ചിത്രങ്ങളും പ്രർശിപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെടുമ്പോൾ ധരിച്ചിരുന്ന കുർത്തയും പൈജാമയും ഷൂവും കരിഞ്ഞ നിലയിൽ അവിടെ കാണാം.

പിന്നീട് ബിർള ടെമ്പിൾ, നാഷനൽ സയൻസ് സെന്റർ, ഇന്ത്യാ ഗേറ്റ്, നാഷനൽ സുവോളജിക്കൽ പാർക്ക്, പുരാണഖില തുടങ്ങി പ്രധാനപ്പെട്ട പല സ്ഥലങ്ങളും സന്ദർശിച്ചു. കേരള ഹൗസിലെ കേരളീയ ഭക്ഷണവുമാസ്വദിച്ച് പാർലിമെന്റ് നടപടികൾ വീക്ഷിക്കാനായി അങ്ങോട്ട് നീങ്ങി. കർശന പരിശോധനകൾക്ക് ശേഷം അകത്തു കയറി. സന്ദർശക ഗ്യാലറിയിലിരുന്ന് അനങ്ങുകയോ സംസാരിക്കുകയോ ചെയ്താൽ ഉടൻ സെക്യൂരിറ്റിക്കാർ ഓടി വരും. ഇത്ര കഠിനമായ നിയന്ത്രണങ്ങൾ സന്ദർശകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഇവിടെ ചിലപ്പോൾ ജനപ്രതിനിധികൾ കാണിച്ചുകൂട്ടുന്ന പ്രകടനങ്ങൾ കൂടി നിയന്ത്രിക്കാൻ ഒരു സംവിധാനമുണ്ടായിരുന്നെങ്കിലെന്ന് അവിടെ അനങ്ങാതെയിരിക്കുമ്പോൾ ആലോചിച്ചു പോയി.
ഋഷികേശിലെ ആശ്രമ സന്ദർശനം അവിസ്മരണീയമായിരുന്നു. ഏറ്റവും സന്തോഷം ഞങ്ങളുടെ മലയാളം അധ്യാപകനായ ബാലകൃഷ്ണൻ സാറിനായിരുന്നു. അവിടെ കുറെനാൾ അന്തേവാസിയായിരുന്നു അദ്ദേഹം. ആശ്രമത്തിൽ നിന്നാൽ ഗംഗയുടെ ഭംഗി നന്നായി ആസ്വദിക്കാം. ആശ്രമാധിപൻ ഗുരുപരാനന്ദജിയുടെ ലളിതമായ പ്രസംഗവും ഹൃദ്യമായ ആതിഥ്യവും ഒരിക്കലും മറക്കാൻ കഴിയില്ല.

ആലിപ്പഴം പൊഴിയുന്ന രാമൺ ജൂല

സ്വാമി ദയാനന്ദ ആശ്രമത്തിൽ നിന്ന് “രാമൺ ജൂല, ലക്ഷ്മൺ ജൂല” മേൽപ്പാലങ്ങൾ കാണാനായി പോയപ്പോൾ ആലിപ്പഴം പൊഴിയുന്ന മഴയും നേരിൽ കാണാനായി. വലിയ ശബ്ദത്തോടെ താഴേക്ക് വീഴുന്ന മഞ്ഞുകഷണങ്ങൾ ഞങ്ങൾ കൈകളിൽ വാരിയെടുത്തു. പിന്നെ ഹരിദ്വാറിലെത്തിയപ്പോൾ നേരം വൈകി. ക്ഷേത്രത്തിന് മുന്നിലൂടെ കഥകൾ പറഞ്ഞൊഴുകുന്ന ഗംഗയിൽ ഭക്തർ ആരതിയർപ്പിക്കുന്നതും കണ്ട് കമ്പിളിയും മറ്റും വിൽക്കുന്ന കടകൾക്ക് മുന്നിലൂടെ ഒരോട്ട പ്രദക്ഷിണവും നടത്തി മടങ്ങുമ്പോൾ സമയം ഒത്തിരി വൈകിയിരുന്നു.
ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കുമൊക്കെ സമയക്കുറവ് മൂലം ബസ്സിലിരുന്ന് കാണാനേ കഴിഞ്ഞുള്ളൂ. എൻ സി ആർ ടി ഇ, ഡൽഹി ജുമുഅ മസ്ജിദ് തുടങ്ങിയവയൊക്കെ വിശദമായി തന്നെ കണ്ടു. ഗോതമ്പു മണികൾ എറിഞ്ഞു കൊടുക്കുമ്പോൾ പറന്നു വരുന്ന വെള്ള പ്രാവുകൾ ജുമുഅ മസ്ജിദിന് മുന്നിലെ മനോഹര കാഴ്ചയാണ്. അവിടെയുള്ള മാർക്കറ്റിൽ ഒരു ചെറിയ ഷോപ്പിംഗിനും സമയം കണ്ടെത്തി. പ്രശസ്ത ഷോപ്പിംഗ് കേന്ദ്രമായ ചാന്ദ്‌നി ചൗക്ക്, സരോജിനി നഗർ എന്നിവിടങ്ങളിൽ ഒന്നോടി പോയി വരാനേ കഴിഞ്ഞുള്ളൂ. പ്രശസ്തമായ പാലിഗാ ബസാറിലാണ് വിശാലമായ ഷോപ്പിംഗിന് അവസരം കിട്ടിയത്. എവിടെ നോക്കിയാലും ഒരേ പോലെയിരിക്കുന്ന, പുറത്തേക്കിറങ്ങാനുള്ള വഴിയറിയാതെ കറങ്ങിപ്പോകുന്ന വ്യത്യസ്തമായ ഷോപ്പിംഗ് സെന്റർ.

ഈ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ടത് താജ്മഹൽ സന്ദർശനം തന്നെയായിരുന്നു. യമുനാ തീരത്തെ ശാന്തസുന്ദരതയിൽ അനശ്വരസ്‌നേഹത്തിന്റെ ഓർമകളുമായി അടുത്തടുത്തുറങ്ങുന്ന ഷാജഹാൻ ചക്രവർത്തിയുടെയും മുംതാസിന്റെയും സ്മരണകളിൽ മുഴുകി ഒരു നിമിഷം നിന്നു. അവസാന കാലത്ത് തൊട്ടടുത്ത ആഗ്രാ കോട്ടയിൽ തടവിൽ കിടന്ന് താൻ നിർമിച്ച സ്വപ്‌ന സൗധം ദൂരെ നിന്ന് കണ്ട് മരിക്കേണ്ട ദുർഗതിയായിരുന്നുവല്ലോ ഷാജഹാൻ ചക്രവർത്തിയുടെതെന്ന് ഓർത്തപ്പോൾ ഒരു നിമിഷം സങ്കടം നിറഞ്ഞു.

അസംബ്ലി ഡിസ്മിസ്

സന്ദർശനങ്ങളൊക്കെ കഴിഞ്ഞ് പോകാനുള്ള ദിവസമായപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ദുഃഖം. ഇനിയും പല സ്ഥലങ്ങളും കാണാൻ കിടക്കുന്നു. കണ്ടവ തന്നെ മുഴുവൻ കണ്ടില്ല. പരിചയപ്പെട്ട കുറെ നല്ല മനുഷ്യർ, താമസിക്കുന്ന ചിൻമയ സ്‌കൂളിന്റെ അധിപനും തൃശൂർ സ്വദേശിയുമായ സ്വാമിജിയുടെ സാന്നിധ്യത്തിൽ തലേ ദിവസം വൈകീട്ട് ഞങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഞാനും സുഹൃത്ത് ജോസഫും ചേർന്ന് ട്രെയിനിൽ പല പ്രാവശ്യം പാടിയ “പൊന്നിനാൽ പൂ മേനി മിന്നി…” എന്നു തുടങ്ങുന്ന മാപ്പിളപ്പാട്ട് പാടിയപ്പോൾ സ്വാമികൾ താളം പിടിച്ചത് ഇപ്പോഴും ഓർമയിലുണ്ട്. പിറ്റേന്ന് രാവിലെ ഒരു സ്‌പെഷ്യൽ അസംബ്ലിയും നടത്തി. സ്വാമിജിയും സ്‌കൂളിലെ പ്രധാന അധ്യാപകരും ഞങ്ങളുടെ അധ്യാപകരും സംസാരിച്ചു.

ചരിത്രമുറങ്ങുന്ന ഡൽഹിയോട് യാത്ര പറഞ്ഞ് വീണ്ടും ട്രെയിനിലേക്ക്. പാട്ടും ബഹളങ്ങളുമായി വീണ്ടും യാത്ര തുടർന്നപ്പോൾ പതിയെ ദുഃഖം അകന്നു തുടങ്ങി. ഇങ്ങോട്ടുള്ള യാത്രക്കിടയിൽ കള്ളൻമാർ കയറി ഞങ്ങളുടെ ബോഗിയിൽ പ്രശ്‌നമുണ്ടാക്കിയതിനാൽ പിന്നീടുള്ള യാത്ര വളരെ ശ്രദ്ധിച്ചായിരുന്നു. പ്രത്യേകിച്ചും കൂടെയുള്ളത് കൂടുതൽ വിദ്യാർഥിനികൾ ആയിരുന്നതിനാൽ. ദീർഘദൂര ട്രെയിൻ യാത്രക്കാർ നേരിടുന്ന പ്രയാസങ്ങൾ അനുഭവിച്ചറിഞ്ഞ യാത്രയായിരുന്നു അത്.

നൈന മണ്ണഞ്ചേരി
• mirazjnaina@yahoo.co.in