ദി ഹ്യൂമൻ കാൽക്കുലേറ്റർ

പരിചയം
Posted on: September 16, 2019 7:06 pm | Last updated: September 16, 2019 at 7:06 pm

അത്ഭുതപ്പെടുത്തുന്ന മാത്തമാറ്റിക്‌സ് സ്‌കിൽസിലൂടെ ലോകത്തെ അതിശയിപ്പിക്കുകയാണ് യാഷ്‌വിൻ സർവണൻ. ദി ഹ്യൂമൻ കാൽക്കുലേറ്റർ എന്നാണ് ഈ 15 വയസ്സുകാരൻ അറിയപ്പെടുന്നത്. വിവിധ തരം കഴിവുകളുള്ള ഇരുന്നൂറോളം വരുന്ന മത്സരാർഥികളുടെ വേദിയായ ഏഷ്യ ഗോട്ട് ടാലന്റ് 2019 (എ ജി ടി) സീസൺ 3 സെക്കന്റ് പ്രൈസ് വിന്നറാണ് യാഷ്‌വിൻ. ഈ സമ്മാനത്തിനർഹനാകുന്ന ആദ്യ ഇന്ത്യൻ വംശജനും മലേഷ്യക്കാരനുമാണിവൻ. 2017 അബാകസ് ആൻഡ് അരിതമെറ്റിക്ക് കോമ്പറ്റീഷൻ ചാമ്പ്യൻ കൂടിയാണ് ഈ മിടുക്കൻ.

യാഷ്‌വിൻ ജനിച്ചത് കേരളത്തിലാണ്. കുട്ടിക്കാലത്തു തന്നെ യാഷ്‌വിന്റെ കുടുംബം പൂർണമായും മലേഷ്യൻ തലസ്ഥാനമായ ക്വേലാലംപൂരിലേക്ക് കുടിയേറുകയാണുണ്ടായത്. വളരെ ചെറുതാകുമ്പോൾ തന്നെ ഉണ്ടായിരുന്ന ഗണിതത്തോടുള്ള ഇഷ്ടമാണ് ഉയരങ്ങളിലേക്കെത്തിച്ചതെന്ന് യാഷ്‌വിൻ വിശ്വസിക്കുന്നു. ഏഴാം വയസ്സിൽ തന്നെ ക്ലാസുകളിൽ നിന്ന് അബാക്കസും സ്പീഡ് കാൽക്കുലേഷൻ വിദ്യകളും സ്വായത്തമാക്കി. ഇന്ന് മലേഷ്യയിലെ എസ് എം കെ ബിൻഡാ ടാൻ ഹുസൈൻ ഓൻ സ്‌കൂളിലെ ഹൈസ്‌കൂൾ വിദ്യാർഥിയാണ്. സ്വന്തമായി ട്രൈനിംഗ് ക്ലാസുകളും യാഷ്‌വിൻ നടത്തി വരുന്നു.
നമ്പറുകളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന യാഷ്‌വിൻ ഒാരോ നമ്പറുകൾ തമ്മിലുള്ള ബന്ധങ്ങൾ എപ്പോഴും കണ്ടെത്തിരുന്നു. വാഹനങ്ങളുടെ നമ്പറുകൾ പരസ്പരം സോൾവ് ചെയ്യുന്നത് യാഷ്‌വിന്റെ സ്ഥിരം ഹോബിയായിരുന്നു. ഉറക്കം പോലുമില്ലാത്ത രാത്രികൾ അവന് ഓർത്തെടുക്കാനുണ്ട്. നിരന്തര പരിശ്രമങ്ങളിലൂടെയാണ് സ്പീഡ് കാൽക്കുലേഷനിൽ അവൻ നേട്ടം കൈവരിക്കുന്നത്. അഞ്ചോ പത്തോ മിനുട്ടുകൾ പ്രാക്ടീസിനായി മാത്രം നീക്കി വെക്കൽ അവന്റെ പതിവായിരുന്നു. നിലവിൽ രണ്ട് – മൂന്ന് ഡിജിറ്റ് നമ്പറുകളുടെ സ്പീഡ് കാൽക്കുലേഷൻ ചെയ്യുന്ന യാഷ്‌വിൻ 4- 5 ഡിജിറ്റുകളിലേക്ക് കയറാനുള്ള കഠിന പ്രയത്‌നത്തിലാണ്. മാത്തമാറ്റിക്കൽ പ്രശ്‌നങ്ങൾക്ക് ഉത്തരം കിട്ടാതെ വരുന്നത് രോഗമാണെന്നും അത് മറികടക്കാൻ ഒരു വെല്ലുവിളിയായി ഉത്തരത്തെ ഏറ്റെടുക്കുകയാണ് ചെയ്യേണ്ടതെന്നുമാണ് യാഷ്‌വിന്റെ പക്ഷം. മാക്‌സുമായുള്ള കളി ഒരുതരം തമാശയാണെന്നും അതിന്റെ എളുപ്പം ലോകത്തിന് പകർന്നു കൊടുക്കലുമാണ് തന്റെ ലക്ഷ്യമെന്നും എ ജി ടി വേദിയിൽ യാഷ്‌വിൻ പറയുന്നുണ്ട്.

മലേഷ്യയിൽ മാത്രമല്ല ഏഷ്യ മുഴുവനായിട്ട് ഇന്ന് ഈ ഹ്യൂമൻ കാൽക്കുലേറ്റർ പ്രസിദ്ധിയാർജിച്ചു കഴിഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും യാഷ്‌വിൻ സ്റ്റാറാണ്. മാത്തമാറ്റിക്കൽ സ്‌കിൽസിന്റെ വീഡിയോകൾ 1.5 മില്യണിലധികം ആളുകളാണ് കണ്ടു തീർത്തത്. കലണ്ടർ പ്രശ്‌നങ്ങളും സ്പീഡ് കാൽക്കുലേഷനുമാണ് ഇതിൽ ശ്രദ്ധേയം. 56 എന്ന സംഖ്യയെ 41 തവണ വെറും 15 സെക്കന്റ് കൊണ്ട് അഡീഷൻ ചെയ്ത അമേരിക്കൻ അധ്യാപകനായ സ്‌കോട്ട് ഫ്‌ലാൻസ്‌ബെർഗിന്റെ ഗിന്നസ്‌വേൾഡ് റെക്കോർഡ് തകർക്കാനുള്ള ശ്രമത്തിലാണ് യാഷ്‌വിൻ ഇപ്പോൾ. പതിനഞ്ചാം വയസ്സിൽ ഇത്രയും ഉയരങ്ങൾ എത്തിപ്പിടിച്ച ഹ്യൂമൻ കാൽക്കുലേറ്റർ തന്റെ വിജയഗാഥ തുടരുകയാണ്.

ഫസലുർറഹ്മാന്‍
[email protected]