അക്ഷരങ്ങളിലൊതുങ്ങാത്ത തിരുജീവിതം

തിരുജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളിലൂടെ കടന്നു പോയി, സ്‌നേഹം, ഐക്യം, അറിവ്, ക്ഷമ തുടങ്ങി അവർ പ്രധിനിധാനം ചെയ്ത സന്ദേശങ്ങളുടെ പ്രകട സ്വഭാവത്തെ വിശകലനം ചെയ്യാനുള്ള ഒമാനി എഴുത്തുകാരൻ ഹുസൈൻ ഗുബാഷിന്റെ ശ്രമമാണ് മുഹമ്മദ് നബി (സ) എന്ന പുസ്തകം.
അതിഥി വായന
Posted on: September 16, 2019 6:59 pm | Last updated: September 16, 2019 at 6:59 pm

ഇബ്‌നു ഇസ്ഹാഖ്, ഇബ്‌നു ഹിശാം എന്നിവരിൽ നിന്ന് തുടങ്ങി കാരൻ ആംസ്‌ട്രോംഗിലൂടെയും മാർട്ടിൻ ലിംഗ്‌സിലൂടെയുമെല്ലാം ചർച്ച ചെയ്യപ്പെട്ട തിരുനബി ജീവിതം കാലാന്തരത്തിലും വായിക്കപ്പെടുകയും ഭാഷാന്തരപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. വിശ്വവിഖ്യാതരായ ഇതര വ്യക്തിത്വങ്ങളിൽ നിന്ന് വ്യതിരിക്തമായി ജീവിതം പൂർണമായും ലോകത്തിന് മാതൃകയാക്കിയ വ്യക്തിപ്രഭാവം തന്നെയാണ് അവിടുത്തെ സ്വാധീന വലയത്തിന്റെ അതിരുകളെ വിശാലമാക്കിയത്. ഒട്ടൊക്കെ ലോകഭാഷകളിലും ആവർത്തിതമായെങ്കിലും രചയിതാക്കളുടെ വീക്ഷണകോണുകളുടെ വൈചിത്ര്യം പ്രവാചക ജീവിതാപഗ്രഥനത്തിൽ വ്യതിരിക്തത സൃഷ്ടിക്കുന്നതിനാൽ ഓരോ ചരിത്രാവതരണവും നവ്യാനുഭവങ്ങൾ പകരുന്നു.

തിരുജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളിലൂടെ കടന്നുപോയി, സ്‌നേഹം, ഐക്യം, അറിവ്, ക്ഷമ തുടങ്ങി അവർ പ്രധിനിധാനം ചെയ്ത സന്ദേശങ്ങളുടെ പ്രകട സ്വഭാവത്തെ വിശകലനം ചെയ്യാനുള്ള ഒമാനി എഴുത്തുകാരൻ ഹുസൈൻ ഗുബാഷിന്റെ ശ്രമമാണ് മുഹമ്മദ് നബി (സ) എന്ന പുസ്തകം. അറബിയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഗ്രന്ഥം ഒരു ജീവചരിത്രമെന്നതിലുപരി, ആറ്, ഏഴ് നൂറ്റാണ്ടുകളിലെ അറേബ്യൻ സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ ചരിത്രത്തെ ഉൾകൊള്ളുന്ന ഒരു പഠനമെന്ന നിലക്കാണ് വായിക്കാനാകുക. ഈ ചരിത്ര നിമിഷങ്ങളോടൊപ്പം വിസ്തരിതമാകുന്ന നബി ജീവിതം അറേബ്യൻ സമൂഹത്തിൽ അവർ സാധ്യമാക്കിയ പരിവർത്തനങ്ങളെയും അവയുടെ അനിവാര്യതയെയും ഗ്രാഹ്യയോഗ്യമാക്കുന്നു.
സാമൂഹിക പിന്നാക്കാവസ്ഥയും ഗോത്ര യുദ്ധങ്ങളും സജീവമായപ്പോൾ തന്നെ ധീരത, പൗരുഷം, ധർമം, വിശ്വസ്തത, നിസ്വാർഥത, യുദ്ധകല തുടങ്ങിയ മൂല്യങ്ങളും സംസ്‌കാരവും വിവിധ തലങ്ങളിൽ അറേബ്യയിൽ ഉണ്ടായിരുന്നു എന്ന ഗുബാഷിന്റെ നിരീക്ഷണം, പ്രവാചകപൂർവ കാലത്തെ അത്രതന്നെ തിരിച്ചറിയപ്പെടാതെ പോയ യാഥാർഥ്യങ്ങളെ അനാവൃതമാക്കുന്നു. സ്വാതന്ത്ര്യത്തെയും സൗന്ദര്യത്തെയും സംയോജിപ്പിക്കുന്ന മുഅല്ലകകളുടെ സാഹിത്യ സാന്നിധ്യങ്ങൾ അറേബ്യൻ സംസ്‌കാരത്തിന്റെയും നാഗരിക സ്വഭാവത്തിന്റെയും പ്രകടനമായിട്ടും പലപ്പോഴും പരിഗണിക്കപ്പെടാതെ പോകുന്നു. ഇബ്‌റാഹീം നബിയുടെ കഅ്ബാലയ നിർമാണാനന്തരം വികസിതമായി തുടങ്ങിയതാണ് മക്കയിലെ മത, നാഗരിക, വ്യാപാര വ്യവഹാരങ്ങൾ. അധികാരഘടന, ആചാരാനുഷ്ഠാനങ്ങൾ, അന്തർദേശീയമായി വ്യാപിച്ച വ്യാപാരം തുടങ്ങിയവയെല്ലാം അറേബ്യൻ മരുഭൂവാസത്തിന്റെ അപരിഷ്‌കൃതത്വങ്ങളിൽ ഊറ്റം കൊള്ളുന്ന കുത്സിതന്മാരുടെ വാദങ്ങളെ പൊളിക്കുന്നതും, നാഗരിക- സാംസ്‌കാരിക പ്രബുദ്ധതയുടെ അടയാളങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതുമാണ്. അംറ് ബ്‌നു ലഹയ്യിൽ ഖുസാഇയുടെ ‘ഹുബെൽ’ (ഒരു വിഗ്രഹം) പ്രതിഷ്ഠയോടെ നാന്ദി കുറിക്കപ്പെട്ട ഇബ്‌റാഹീമീ സരണിയിൽ നിന്ന് വിഗ്രഹാരാധനയിലേക്കുള്ള വ്യതിചലനത്തിന് തടയിടാനും സന്മാർഗത്തിലേക്ക് തിരികെ വിളിക്കാനും നിയോഗിതനായ പ്രവാചകൻ അറേബ്യൻ ചരിത്ര സമ്പന്നതക്ക് ഈട് പകർന്ന ഖുറൈശി ഗോത്രത്തിലെ ബനൂ ഹാശിമിൽ പിറവിയെടുത്തത് അവരുടെ സ്വീകാര്യതക്കും പരിഗണനക്കും ഹേതുവായി എന്ന് നിരീക്ഷിക്കപ്പെടുന്നു.

അനാഥനായിട്ട് പോലും അവിശുദ്ധമായതൊന്നും കളങ്കപ്പെടുത്താത്ത ബാല്യവും വിശ്വസ്തരിൽ വിശ്വസ്തരായി വളർന്ന യുവത്വവും സുവിശേഷങ്ങളുടെ അനന്തരമായി ജനിച്ച പ്രവാചകരുടെ അന്യാദൃശമായ ജീവിത മുദ്രകളാണ്. ഇലാഹീസ്മരണയിൽ നിരതമായ ഏകാന്തവാസത്തെ മുഖരിതമാക്കിയ ഇഖ്‌റഇന്റെ ധ്വനി നവമാനവിക ജ്ഞാനോദയമാണെന്ന് ഹുസൈൻ ഗുബാഷ് അഭിപ്രായപ്പെടുന്നു. തന്റെ ഇഷ്ടാനുസരണം സംസാരിച്ചു പോകാതിരിക്കാനും ദിവ്യ ബോധനങ്ങൾ വ്യക്തിത്വമായി മാറാനുമുള്ള ദൈവിക തന്ത്രമായിരുന്നു തിരുനബി നിരക്ഷരനാവുക (ഉമ്മിയ്യ്) എന്നത്. ജിബ്‌രീലി (അ) ന്റെ അധ്യാപനത്തിൽ ഇലാഹീ വിജ്ഞാനീയങ്ങൾ കരഗതമാക്കിത്തുടങ്ങിയതോടെ സർവ വിശേഷണങ്ങളിലും സവിശേഷതകളിലും പൂർണത പ്രാപിക്കുകയായിരുന്നു അവർ. തിരുനബിയുടെ സവിശേഷമായ ഈ സാംസ്‌കാരിക മൂല്യങ്ങളെ പകർത്തിയെടുക്കുക വഴി കർമവിശ്വാസാദികളുടെ ദൃഢീകരണം മുസ്‌ലിമിന്റെ അനിവാര്യതയാണെന്ന് ഗുബാഷ് ഓർമിപ്പിക്കുന്നു. ഇലാഹീ സംരക്ഷണത്തിൽ ആശ്വാസിതനായി പ്രബോധന വീഥിയിൽ ചരിച്ചു തുടങ്ങിയ നബി (സ) യുടെ തുടർന്നുള്ള ജീവിത സന്ധികളെ മനോഹരമായി കൈകാര്യം ചെയ്യുന്നുണ്ട് പുസ്തകം.

ഏതൊരു ആശയമോ പ്രസ്ഥാനമോ ആകട്ടെ, പ്രാരംഭത്തിൽ തന്നെ വിമർശങ്ങളും പ്രതിരോധവും നേരിട്ടാൽ പലപ്പോഴും ഉൾവലിയൽ മാത്രമായിരിക്കും അവർക്ക് മുമ്പിലെ മാർഗം. എന്നാൽ, സ്ഥാപനഘട്ടത്തിൽ തന്നെ പ്രയാസകരമായ സ്ഥിതിവിശേഷത്തെ അഭിമുഖീകരിക്കേണ്ടി വന്ന പ്രവാചകരുടെ ക്ഷമയും സഹനവും ഈമാനികാവേശം നിമിത്തം വർധിക്കുക മാത്രമാണുണ്ടായത്. പ്രബോധന ഘട്ടത്തിലെ ഖുർആനിക സാന്നിധ്യവും സ്വാധീനവും ശ്രദ്ധേയമാണ്. നബി നിയോഗത്തിന് മുന്നേ അറബി ഭാഷ ഏറെക്കുറെ വികസിച്ചിരുന്നെങ്കിലും ഖുർആനികാവതരണം അതിന് പവിത്രതയുടെ മാനങ്ങൾ പകർന്നു. അതിന്റെ വശ്യ പ്രകൃതിയിൽ ആർദ്രമായ പർവതസമാന ഹൃദയങ്ങൾ ഇസ്‌ലാമികാശയങ്ങളിൽ അനുരക്തരായി. ക്രമേണെ വേറിട്ടൊരു സംസ്‌കാരത്തിന്റെ ഉടലെടുക്കലുകളായി അവ പരിണമിച്ചു. നീതി, സമത്വം, ഏകദൈവത്വം എന്നീ തത്വങ്ങളുടെ വ്യവസ്ഥാപിത പ്രയോഗമാണ് മാനുഷിക ബോധ തലങ്ങളെ ജീർണിപ്പിക്കുന്ന ബഹുദൈവാരാധനക്ക് പ്രതിരോധമായി നബി (സ) അനുവർത്തിച്ചത്. രഹസ്യ പ്രബോധനത്തിന് അറുതി വരുത്തിയ, പ്രബോധനത്തിന്റെ വഴിത്തിരിവിന് നിദാനമായ ഹംസ (റ), ഉമർ (റ) എന്നിവരുടെ ഇസ്‌ലാമികാശ്ലേഷത്തെ വ്യക്തമായി വിശദീകരിക്കുന്നുണ്ട് പുസ്തകം. അറേബ്യൻ സംസ്‌കൃതിയിൽ വേരൂന്നിയ ഗോത്ര വ്യവസ്ഥിതിയെ ഉപയോഗപ്പെടുത്തിയാണ് തിരുനബി പ്രബോധനത്തിന്റെ ദിശ മാറ്റിപ്പിടിക്കുന്നത്. ഓരോ ഗോത്രത്തിന്റെയും നേതാക്കന്മാരെ ഇസ്‌ലാമികാശയങ്ങളിൽ ഉത്ബുദ്ധരാക്കൽ നിമിത്തം, ആ ജനതയെ തന്നെ സുതാര്യമായി പരിവർത്തനപ്പെടുത്തുകയായിരുന്നു അവരെന്ന് ഗുബാഷ് കണ്ടെത്തുന്നു.

മദീനാ പലായനത്തിലൂടെ വിശാലമാകുന്ന പ്രബോധന ചക്രവാളത്തെയാണ് പിന്നീട് പുസ്തകം അവതരിപ്പിക്കുന്നത്. പുതിയ- പഴയ ലോകങ്ങൾക്കിടയിലും ജാഹിലിയ്യത്തിനും ഇസ്‌ലാമിനുമിടയിലും നിർണയ പരിധിയായി ഗണിക്കപ്പെടുന്ന പലായനം സ്ഥലത്തിലും കാലത്തിലുമുള്ള പലായനമായിരുന്നു എന്നാണ് ലേഖക ഭാഷ്യം. മദീനയുടെ സാമൂഹികഘടനയെ വിശദീകരിച്ചു തുടങ്ങുന്ന അധ്യായം, ഔസ്- ഖസ്‌റജ് ഗോത്രപ്പോരിന്റെ ആരംഭത്തെയും അതിലെ യഹൂദി സാന്നിധ്യത്തെയും വ്യക്തമാക്കുന്നു. ഈ വിഘടിതാന്തരീക്ഷത്തിലേക്ക് കടന്നുവന്ന പ്രവാചകർ ഹർഷാഹ്ലാദങ്ങളോടെ സ്വീകരിക്കപ്പെട്ടതിന്റെ കാരണമായി സർ തോമസ് വാക്കർ അർണോൾഡ് പറയുന്നത്, ‘വൈയക്തിക ഭ്രമത്തിന് അതീതമായ ഒരു ആധികാരിക മേധാവിത്വത്തിന് കീഴിൽ സുവ്യക്തമായ നിയമസംഹിതകളുള്ള ഒരു മതത്തെ അംഗീകരിക്കൽ നിമിത്തം നിലനിൽക്കുന്ന അക്രമങ്ങളെ ക്രമീകരിക്കാൻ സാധിക്കുമെന്ന ഒരു പറ്റം ധൈഷണികരുടെ തിരിച്ചറിവായിരുന്നു’ എന്നാണ്. ആ തിരിച്ചറിവിനെ സഫലമാക്കുന്നതായിരുന്നു 120 വർഷം നീണ്ടുനിന്ന യുദ്ധങ്ങളുടെയും പകയുടെയും പാരമ്പര്യം അവസാനിപ്പിച്ച “അൻസ്വാർ’ എന്ന ഒറ്റ സ്വത്വത്തിന് കീഴിൽ ഇരു വിഭാഗങ്ങളെയും ഒരുമിപ്പിച്ച പ്രവാചകരുടെ പ്രവർത്തനം. സ്‌നേഹം, സാഹോദര്യം, കാരുണ്യം, നല്ല വാക്ക് എന്നിവ മദീനയുടെ നിർമാണത്തിലെ സാംസ്‌കാരികവും നാഗരികവുമായ ഘടകങ്ങളായാണ് ഗുബാഷ് എണ്ണുന്നത്. പിന്നീട് “സ്വഹീഫതു മദീനത്തിൽ മുനവ്വറ’ (മദീന ഭരണഘടന)യിലൂടെ മദീന രാഷ്ട്ര നിർമാണത്തെ ശക്തിപ്പെടുത്തിയപ്പോഴും തിരുനബി മുൻഗണന നൽകിയത് ബഹുസ്വരത, മതസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങൾക്കായിരുന്നു. ആധുനിക രാഷ്ട്ര സങ്കൽപ്പങ്ങളുടെ അടിസ്ഥാനങ്ങളോട് സാംഗത്യപ്പെടുന്നതിന്റെ യാഥാർഥ്യങ്ങൾ ഇതിൽ നിന്ന് മനസ്സിലാക്കാം. മദീനയിൽ നബി തങ്ങളുടെ സ്വസ്ഥതക്ക് വിഘാതമായ ജൂത- കപട വിശ്വാസികളുടെ കുത്സിതങ്ങളിലൂടെയും പുസ്തകം സഞ്ചരിക്കുന്നു.
പാശ്ചാത്യ വായനകൾക്ക് പലപ്പോഴും പിഴക്കുന്ന ഇടങ്ങളാണ് ഇസ്‌ലാമിലെ യുദ്ധങ്ങളെ കുറിക്കുന്ന പ്രതിപാദ്യങ്ങൾ.

ഇസ്‌ലാമിന്റെ വ്യാപനത്തെ യുദ്ധാധിഷ്ഠിതമായി അവതരിപ്പിക്കാനാണ് പടിഞ്ഞാറിന് താത്പര്യം. എന്നാൽ ഗുബാഷ് പറയുന്നു: “ഇരുപത് വർഷത്തെ ജീവിതത്തിനിടയിൽ അറേബ്യൻ ഭൂഖണ്ഡത്തിൽ മുശ്‌രിക്കുകളുമായി മുസ്‌ലിംകൾ യുദ്ധം നടത്തിയ ദിവസങ്ങൾ പത്തിലധികം വരില്ല. കൂടിയാൽ രണ്ടാഴ്ച. മുസ്‌ലിംകളിൽ നിന്നും മുശ്‌രിക്കുകളിൽ നിന്നും ആകെ ഇരകളുടെ എണ്ണം ഏറിയാൽ അഞ്ഞൂറിലധികം വരില്ല.’ പ്രവാചകരുടെ യുദ്ധ നിയമങ്ങളും അനുബന്ധ നീതിയും തീരുമാനങ്ങളുമെല്ലാം കൂടുതൽ തിരിച്ചറിയപ്പെടേണ്ടതാണ് എന്ന് പുസ്തകം ഓർമിപ്പിക്കുന്നു. യുദ്ധമുഖങ്ങളിലെ അന്യാദൃശമായ പ്രകടനം എത്രത്തോളമാണ് അനുചരരെ പ്രവാചക പ്രണയം ഉന്മത്തരാക്കിയത് എന്ന ഉഹ്ദ് യുദ്ധത്തിന്റെ അപഗ്രഥനത്തിൽ രചയിതാവ് വിവരിക്കുന്നുണ്ട്. വിശ്വാസികൾക്കും കപടന്മാർക്കുമിടയിൽ വേർതിരിക്കുന്നതിലേക്കും യുദ്ധങ്ങൾ നിമിത്തമായി. യുദ്ധങ്ങളുടെയും വഞ്ചനയുടെയും പല സങ്കീർണതകൾ നേരിടേണ്ടി വന്നെങ്കിലും നബി ജീവിതത്തിലെ നിർണായക നിമിഷങ്ങളിലെല്ലാം പല നിയോഗികളുടെയും സാന്നിധ്യം കൊണ്ട് അവരെ അനുഗ്രഹിച്ച അല്ലാഹുവിന്റെ ഇടപെടലുകൾ പുസ്തകത്തിൽ പലപ്പോഴായി പരാമർശിക്കുന്നുണ്ട്. കത്തുകളിലൂടെയും ദൂതന്മാരിലൂടെയും ലോകത്തിന്റെ അതിരുകളിലേക്ക് അവർ ഇസ്‌ലാമിക സന്ദേശത്തെ വ്യാപിപ്പിച്ചു. ഒടുവിൽ, ഹിജ്‌റ എട്ടിന്, പൂർണ വിനയത്തോടെയും ഇലാഹി സ്‌തോത്രങ്ങളോടെയും മക്കയിൽ പ്രവേശിച്ച്, പ്രതിയോഗികൾക്ക് നിരുപാധികം മാപ്പ് നൽകി പ്രവാചക നിയോഗത്തിന്റെ പൂർണതയിൽ പ്രശംസ്യനാവുകയായിരുന്നു തിരുനബി (സ). സന്ദർഭാനുബന്ധിതമായി ഖുർആനിക വചനങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകം മഹത്തായ ഹജ്ജതുൽ വിദാഇന്റെ സന്ദേശങ്ങളോടെയാണ് വിരാമമാകുന്നത്. ഐ പി ബിയാണ് പ്രസാധകർ. വില 280 രൂപ.

അൻശിഫ് അലി
[email protected]