Connect with us

Kozhikode

പുരപ്പുറത്ത് നിന്ന് വൈദ്യുതി ജനുവരിയോടെ

Published

|

Last Updated

കോഴിക്കോട്: കേരളത്തിലെ വൈദ്യുതി രംഗത്ത് വൻ വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതുന്ന പുരപ്പുറ സോളാർ പദ്ധതി ജനുവരി മുതൽ പ്രാവർത്തികമാകും. ആദ്യഘട്ടത്തിൽ 42,500 പേരെയാണ് സംസ്ഥാനത്ത് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 37,500 കെട്ടിടങ്ങൾക്ക് മുകളിലായിരിക്കും സോളാർ പാനൽ ആദ്യഘട്ടത്തിൽ സ്ഥാപിക്കുക.

സൗര പദ്ധതിയുടെ ഭാഗമായുള്ള 200 മെഗാവാട്ട് പുരപ്പുറ സോളാറിനുള്ള ഇ- ടെൻഡർ ക്ഷണിച്ചു. നേരത്തേ അറിയിച്ചതിൽ നിന്ന് വ്യത്യസ്തമായി മാസങ്ങൾക്ക് ശേഷമാണ് പദ്ധതി പ്രാവർത്തികമാകുന്നത്. സാധ്യതാ പഠനവും വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കലും ഈ വർഷം ജൂണിൽ പൂർത്തിയാക്കി പദ്ധതി തുടങ്ങുമെന്നായിരുന്നു കെ എസ് ഇ ബി അറിയിച്ചിരുന്നത്. എന്നാൽ പല കാരണങ്ങളാൽ ഇത് നീണ്ടുപോയി.

ഇതിനിടെ ഈ വിഷയവുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം ചില കാര്യങ്ങളിൽ സംശയം പ്രകടിപ്പിച്ചു. കൂടാതെ കേന്ദ്രസർക്കാറിന്റെ അനുമതിയും വൈകി. റഗുലേറ്ററി കമ്മീഷന്റെ മേശപ്പുറത്ത് മൂന്ന് മാസത്തോളം ഫയൽ കിടന്നു. ഇതിന് ശേഷമാണ് പദ്ധതിക്ക് വേണ്ടി ഇപ്പോൾ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 2,78,264 പേരാണ് സൗര പദ്ധതിക്കായി അപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞ ജനുവരി 31 വരെയായിരുന്നു ഇതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ നടന്നത്. ഇതിൽ നിന്നാണ് 42,500 പേരെ ആദ്യഘട്ടത്തിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്. ടെൻഡർ നടപടികൾക്ക് ശേഷം ഈ വർഷം ഡിസംബറോടു കൂടി സോളാർ പാനൽ സ്ഥാപിക്കുന്ന പദ്ധതി കരാറുകാരെ ഏൽപ്പിക്കും. ജനുവരിയോടെ പുരപ്പുറങ്ങളിൽ പാനൽ സ്ഥാപിക്കാനാകുമെന്ന് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ നന്ദകുമാർ സിറാജിനോട് പറഞ്ഞു. അടുത്ത വർഷം മെയോടെ എല്ലാ അപേക്ഷകരുടെയും കെട്ടിടങ്ങൾക്ക് മുകളിൽ സൗര പാനൽ സ്ഥാപിക്കാനാകും.

സൗരയിൽ ആകെയുള്ള 500 മെഗാവാട്ട് പുരപ്പുറ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലക്കാണ് 200 മെഗാവാട്ടിന്റെ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ 150 മെഗാവാട്ട് പദ്ധതി കോൺട്രാക്ടർമാർ നിക്ഷേപം നടത്തി (റെസ്‌കോ മോഡൽ)കെ എസ് ഇ ബി അവരോട് വാങ്ങി ഉപഭോക്താക്കൾക്ക് നൽകും. എന്നാൽ 50 മെഗാവാട്ട് കെ എസ് ഇ ബി തന്നെ കരാറുകാർക്ക് പണം നൽകുകയും (ഇ പി സി മോഡൽ)ശേഷം ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കുകയും ചെയ്യുന്നതാണ് പദ്ധതി. ടെൻഡർ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് കെ എസ് ഇ ബി യുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
10 കിലോവാട്ട് വരെ, 10 നു മുകളിൽ 100 കിലോവാട്ട് വരെ, 100 കിലോവാട്ടിനു മുകളിൽ എന്നീ വിഭാഗങ്ങളിലാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എം എസ് ടി സിയാണ് ടെൻഡറിംഗ് പ്ലാറ്റ്‌ഫോം തയ്യാറാക്കിയിട്ടുള്ളത്.

ഏഷ്യൻ ഡെവലപ്‌മെന്റ്ബേങ്കിനെയാണ് പദ്ധതിയുടെ കൺസൾട്ടന്റായി തിരഞ്ഞെടുത്തിരിക്കുന്നത്. നൂറ് ചതുരശ്ര അടി വിസ്തീർണമുള്ള സൗരനിലയത്തിൽ ഒരു കിലോവാട്ട് വൈദ്യുതിയാണ് ലക്ഷ്യമിടുന്നത്. ആയിരം മുതൽ രണ്ടായിരം അടി വരെ ചതുരശ്ര വിസ്തൃതിയുള്ളവയാണ് കേരളത്തിലെ കെട്ടിടങ്ങൾ പലതും.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest