Connect with us

Ongoing News

സി സി ടി വി ദൃശ്യങ്ങൾ ഡിജിറ്റൽ തെളിവാക്കണമെന്ന ആവശ്യം ശക്തം

Published

|

Last Updated

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ ശ്രീറാം മദ്യ ലഹരിയിൽ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ പോലീസിന് ലഭിച്ച സി സി ടി വി ദൃശ്യങ്ങൾ ഡിജിറ്റൽ തെളിവുകളായി കോടതിക്ക് മുന്പിൽ സമർപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
അപകടം നടക്കുന്ന സമയത്ത് കവടിയാർ മ്യൂസിയം റോഡിലെ സി സി ടി വികൾ പ്രവർത്തനരഹിതമായിരുന്നുവെന്നാണ് ആദ്യഘട്ടത്തിൽ പോലീസ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് കാക്കനാട് സ്വദേശിയായ രാജു വാഴക്കാല സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിൽ മ്യൂസിയം റോഡ്, രാജ്ഭവൻ ഭാഗങ്ങളിൽ പോലീസിന്റെ സി സി ടി വി ക്യാമറകൾ പ്രവർത്തനക്ഷമമാണെന്ന് വ്യക്തമായിരുന്നു. ഇതോടെ അപകടം നടന്ന സ്ഥലത്തെയും പരിസരത്തെയും സി സി ടി വി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന പോലീസ് വാദം പൊളിയുകയായിരുന്നു. ഈ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ച് കോടതിയിൽ സമർപ്പിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.

ആഗസ്റ്റ് രണ്ടിന് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ വിവരാവകാശത്തിന് ലഭിച്ച മറുപടിയിലാണ് പോലീസിന്റെ വാദങ്ങൾ പൊളിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ആഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് അപകടമുണ്ടായത്. 27നാണ് സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ നിന്ന് മറുപടി നൽകിയത്. അപകടം നടന്ന മ്യൂസിയം ഭാഗത്ത് മാത്രം നാല് ക്യാമറകൾ പ്രവർത്തന സജ്ജമായിരുന്നുവെന്നാണ് രേഖകൾ. രാജ് ഭവൻ ഭാഗത്ത് രണ്ട് ക്യാമറകളും പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഫിക്‌സഡ് ക്യാമറ ഉൾപ്പെടെയുണ്ടായിരുന്നുവെന്നും വ്യകതമാക്കുന്നു. തലസ്ഥാന നഗരിയിൽ ആകെ 233 ക്യാമറകൾ ഉള്ളതിൽ 144 എണ്ണമാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഉൾപ്പെടുന്നതാണ് മ്യൂസിയത്തെയും രാജ്ഭവന് സമീപത്തെയും ക്യാമറകൾ.

സിറാജ് തിരുവനന്തപുരം യൂനിറ്റ് ചെയർമാൻ സൈഫുദ്ദീൻ ഹാജി പരാതി നൽകാൻ വൈകിയതു കാരണമാണ് ശ്രീറാമിന്റെ രക്ത സാമ്പിൾ എടുക്കാൻ താമസം നേരിട്ടതെന്ന പോലീസ് വാദവും പിന്നീട് പുറത്തുവന്ന സി സി ടി വി ദൃശ്യങ്ങളിലൂടെ പൊളിഞ്ഞിരുന്നു. സംഭവം നടന്ന് 59 സെക്കൻഡുകൾക്കുള്ളിൽ മ്യൂസിയം ക്രൈം എസ് ഐ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ സി സി ടി വി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു മണി ഒരു മിനുട്ട് 42 സെക്കൻഡിനാണ് അപകടം നടന്നതായി സി സി ടി വിയിൽ തെളിയുന്നത്.

ഒരു മണി രണ്ട് മിനുട്ട് 41 സെക്കൻഡിന് മ്യൂസിയം പോലീസ് സംഘം സംഭവ സ്ഥലത്തെത്തുന്നുണ്ട്. സംഭവത്തിൽ ദൃസാക്ഷിയായ ഒരു ബൈക്ക് യാത്രക്കാരനെ പോലീസ് ഒഴിവാക്കി വിടുന്നതിന്റെ ദൃശ്യങ്ങളും ഇതോടൊപ്പമുണ്ട്.
ബഷീറിനും പിറകെ വന്ന ബൈക്ക് യാത്രക്കാരനും പിറകിലായി ശ്രീറാം ഓടിച്ചിരുന്ന വാഹനം അതിവേഗത്തിൽ എത്തുന്നതായും ഇടതു ഭാഗത്തേക്ക് ഒതുക്കി നിർത്തുന്ന ബഷീറിന്റെ ബൈക്കിൽ ഇടിക്കുന്നതായുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. സംഭവം നടന്ന് 59 സെക്കൻഡുകൾക്കുള്ളിൽ പോലീസ് വാഹനം ബീക്കൺ ലൈറ്റുകൾ എല്ലാം തെളിയിച്ച് അതിവേഗം എത്തുന്നതിന്റെ ദൃശ്യങ്ങളും സി സി ടി വി ഫുട്ടേജിലുണ്ട്. ഇതെല്ലാം കോടതിയിൽ ഡിജിറ്റൽ തെളിവുകളായി സമർപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.